മഅ്ദിന്‍ അക്കാദമിക്ക് ഐ എസ് ഒ അംഗീകാരം

Posted on: August 19, 2014 1:10 am | Last updated: August 19, 2014 at 1:10 am
Mahdin  Photo
വിദ്യാഭ്യാസ മേഖലയില്‍ മഅ്ദിന്‍ സംരംഭങ്ങളുടെ മികവിനുള്ള ഐ എസ് ഒ അംഗീകാര സര്‍ട്ടിഫിക്കറ്റ് മന്ത്രി മഞ്ഞളാംകുഴി അലിയില്‍ നിന്നും മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി ഏറ്റുവാങ്ങുന്നു

മലപ്പുറം: വിദ്യാഭ്യാസ മേഖലയില്‍ മഅ്ദിന്‍ സംരംഭങ്ങളുടെ ശ്രദ്ധേയമായ മികവിന് ഐ എസ് ഒ അംഗീകാരം ലഭിച്ചു. അന്താരാഷ്ട്ര രംഗത്തെ പ്രശസ്തമായ ഒമ്പത് യൂനിവേഴ്‌സിറ്റികളുമായി വിദ്യാഭ്യാസ വിനിമയ കരാറില്‍ ഒപ്പുവെച്ചതുള്‍പ്പെടെ വിദ്യാഭ്യാസ മേഖലകളിലെ സേവനങ്ങള്‍ പരിഗണിച്ചാണ് ഈ അംഗീകാരം.
അക്കാദമിക് നിലവാരം, അടിസ്ഥാന സൗകര്യം, ഹൈടെക് പ്രാക്ടിക്കല്‍ ലാബുകള്‍ എന്നിവയിലെ കാര്യക്ഷമത പരിഗണിച്ചാണ് പ്രസ്തുത നേട്ടം. പോളിടെക്‌നിക് കോളജ്, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, സ്പാനിഷ് അക്കാദമി, ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങി 29 സ്ഥാപനങ്ങളിലായി 18.700 വിദ്യര്‍ഥികളാണ് മഅ്്ദിന്‍ അക്കാദമിക്ക് കീഴില്‍ പഠനം നടത്തുന്നത്.
ഐ എസ്ഒ സര്‍ട്ടിഫിക്കറ്റ് സ്വലാത്ത് നഗറില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മന്ത്രി മഞ്ഞളാംകുഴി അലിയില്‍ നിന്ന് മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഏറ്റുവാങ്ങി. സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി, പി ഉബൈദുല്ല എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ കുഞ്ഞു, നഗരസഭാ ചെയര്‍മാന്‍ കെ പി മുഹമ്മദ് മുസ്തഫ, വീക്ഷണം മുഹമ്മദ്, പടിയത്ത് ബശീര്‍, മുഹമ്മദ് റാഫി ചെമ്മാട്, ചാലിയം അബ്ദുല്‍ കരീം ഹാജി, അപ്പോളോ മൂസ ഹാജി, ഹൈക ഹൈദര്‍ ഹാജി, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, തലക്കടത്തൂര്‍ ബാവ ഹാജി എന്നിവര്‍ സംബന്ധിച്ചു.