Connect with us

Gulf

കളിച്ചും ചിരിച്ചും കഥ പറഞ്ഞും പാട്ടു പാടിയും പിഞ്ചോമനകള്‍...

Published

|

Last Updated

അബുദാബി: രണ്ടാഴ്ചയിലേറെയായി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഒരുക്കിയ വേനല്‍ ക്യാമ്പില്‍ കഥ പറഞ്ഞും പാട്ടു പാടിയും കളിച്ചും ചിരിച്ചും തിമര്‍ത്തും വേനല്‍ ത്തുമ്പികളായി പാറിപ്പറന്നു നടക്കുന്നു.
വേനല്‍ തുമ്പികള്‍ എന്ന പേരില്‍ നടക്കുന്ന ക്യാമ്പ് വയസ്സിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഗ്രൂപ്പുകളായി തരംതിരിച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കേരളത്തില്‍ കുട്ടികള്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചുവരുന്ന നിര്‍മല്‍ കുമാറാണ് ക്യാമ്പ് നയിക്കുന്നത്. വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള അധ്യാപകരും ക്യാമ്പില്‍ ക്ലാസ് എടുത്തുവരുന്നു.
കുട്ടികളില്‍ വ്യക്തിത്വവികസനം, സംഘപ്രവര്‍ത്തനം, സര്‍ഗാത്മക വികാസം, ഭാഷാനൈപുണ്യം, നേതൃപാടവം, ആത്മവിശ്വാസം, ഏകാഗ്രത, നിരീക്ഷണപാടവം, തിരിച്ചറിവ്, സ്വതന്ത്രമായി പറയാനും പെരുമാറാനുമുള്ള കഴിവ്, ശ്രദ്ധ, ഓര്‍മ, ചോദ്യം ചെയ്യാനും നിഗമനത്തിലെത്താനുമുള്ള പ്രപ്തിയുണ്ടാക്കല്‍, സംശയനിവാരണം എന്നീ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാനും ഔപചാരിക വിദ്യാഭ്യാസത്തെ സഹായിക്കുവാനുതകും വിധമാണ് ക്യാമ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. പത്രനിര്‍മാണം, കൊളാഷ്, കേരളം, ഭാഷ, സാഹിത്യം, ചിത്രരചന, കരകൗശലം, സംഗീതം, കഥ, കവിത, കളിക്കളം, കണക്കിലെ കളികള്‍, ശാസ്ത്രകൗതുകം, നാടന്‍ പാട്ട്, നാടന്‍ കളി, പ്രസംഗ പരിശീലനം എന്നിവയെ ആസ്പദമാക്കിയുള്ള ക്ലാസ്സുകളും ഒരുക്കിയിട്ടുണ്ട്.
വെള്ളി ഒഴിച്ചുള്ള എല്ലാ ദിവസങ്ങളില്‍ വൈകുന്നേരം ആറിന് ആരംഭിക്കുന്ന ക്യാമ്പ് രാത്രി ഒമ്പതിനാണ് അവസാനിക്കുന്നത്. 29 വരെ ക്യാമ്പ് നീളും.

 

Latest