Connect with us

Gulf

ദുബൈ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം; ഇന്ത്യക്കാര്‍ ഒന്നാമത്

Published

|

Last Updated

ദുബൈ: ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തുന്നവരില്‍ ഇന്ത്യക്കാര്‍ ഒന്നാമത്. 4,417 ഇടപാടുകളിലായി ഇന്ത്യക്കാര്‍ നിക്ഷേപം നടത്തിയിരിക്കുന്നത് 1,523 ദിര്‍ഹമാണ്. ബ്രിട്ടീഷുകാരും പാക്കിസ്ഥാനികളുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ഈ രണ്ടു രാജ്യക്കാരും സംയുക്തമായി 9,739 ഇടപാടുകളാണ് നടത്തിയത്. 2,083 കോടി ദിര്‍ഹമാണ് ഇവര്‍ നടത്തിയ ഇടപാടുകളുടെ മൊത്തം സംഖ്യ. ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റ്(ഡി എല്‍ ഡി) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2014 ജനുവരി ഒന്നു മുതല്‍ ജൂണ്‍ 30 വരെയുള്ള കാലത്തെ നിക്ഷേപത്തിന്റെ കണക്കാണിത്.
ദുബൈയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടത്തിയ നിക്ഷേപത്തിന്റെ കണക്കു മാത്രമാണിത്. ഇന്ത്യ, പാക്കിസ്ഥാന്‍, ബ്രിട്ടണ്‍, കാനഡ, റഷ്യ, ചൈന, യു എസ് എ, ഫ്രാന്‍സ്, അഫ്ഗാനിസ്ഥാന്‍ എന്നീ ഒമ്പത് രാജ്യങ്ങള്‍ 14,231 ഇടപാടുകളാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടത്തിയത്. 3,053 കോടി ദിര്‍ഹത്തിന്റെ നിക്ഷേപമാണ് ഇതിലൂടെ ദുബൈയുടെ റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ലഭിച്ചത്. ബ്രിട്ടീഷുകാര്‍ 2,258 ഇടപാടുകളിലായി 581 കോടി ദിര്‍ഹമാണ് നിക്ഷേപിച്ചത്. പാക്കിസ്ഥാന്‍ പൗരന്മാര്‍ 3,064 ഇടപാടുകളിലായി 450 കോടി ദിര്‍ഹവും ദുബൈയില്‍ നിക്ഷേപിച്ചിട്ടുണ്ട്. നാലാം സ്ഥാനത്തുള്ള ഇറാന്‍കാര്‍ 270 കോടിയുടെ നിക്ഷേപമാണ് നടത്തിയത്. 190 കോടി ദിര്‍ഹമാണ് കാനഡക്കാര്‍ ദുബൈയില്‍ നിക്ഷേപിച്ചത്. ആറാം സ്ഥാനത്തുള്ള റഷ്യക്കാരും അടുത്ത സ്ഥാനങ്ങളിലുള്ള യു എസ്, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരും 100 കോടിയിലധികമാണ് ദുബൈയില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. മൊത്തത്തില്‍ ആറു മാസത്തിനിടയില്‍ 17,289 ഇടപാടുകളാണ് നടന്നത്. ഇവയിലൂടെ 3,750 കോടി ദിര്‍ഹമാണ് നിക്ഷേപമായി ലഭിച്ചത്.
എമിറേറ്റില്‍ നിക്ഷേപിക്കാന്‍ ആളുകള്‍ തയ്യാറാവുന്നതില്‍ അഭിമാനിക്കുന്നതായി ഡി എല്‍ ഡി ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബൂത്തി ബിന്‍ മെജ്‌റാന്‍ വ്യക്തമാക്കി. ദുബൈ റിയല്‍ എസ്റ്റേറ്റ് രംഗത്തിന്റെ കുതിപ്പാണ് വിദേശ നിക്ഷേപം ബോധ്യപ്പെടുത്തുന്നത്. ഭാവിയില്‍ നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിലും സംഖ്യയിലും വര്‍ധവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുല്‍ത്താന്‍ ബൂത്തി വെളിപ്പെടുത്തി.
അറബ് മേഖലയില്‍ നിന്നുള്ളവരില്‍ ജോര്‍ദാന്‍ പൗരന്മാരാണ് ദുബൈയില്‍ ഏറ്റവും കൂടുതല്‍ പണം നിക്ഷേപിച്ചിരിക്കുന്നത്. ഡി എല്‍ ഡിയുടെ പഠന-ഗവേഷണ വിഭാഗമാണ് റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. അറബ് മേഖലയില്‍ നിന്നുള്ളവര്‍ നടത്തിയത് 3,058 ഇടപാടുകളാണ്. 690 കോടിയോളം ദിര്‍ഹമാണ് മൊത്തം നിക്ഷേപം. ജോര്‍ദാനിയന്‍ പൗരന്മാര്‍ 640 ഇടപാടുകളിലായി 100.34 കോടി ദിര്‍ഹമാണ് നിക്ഷേപിച്ചത്.
രണ്ടാം സ്ഥാനത്തുള്ള ലബനോനുകാര്‍ 459 ഇടപാടുകളിലായി 100.23 കോടിയും നിക്ഷേപം മൂന്നാം സ്ഥാനത്തുള്ള ഈജിപ്തുകാരും 100 കോടിയില്‍ അധികം ദിര്‍ഹം ദുബൈയില്‍ നിക്ഷേപിച്ചതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു.