Connect with us

Kerala

സുഗന്ധവിളകളുടെ പരിപാലകര്‍ അവഗണനയുടെ നടുവില്‍

Published

|

Last Updated

കൊല്ലം: സംസ്ഥാനത്ത് തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുരിതപൂര്‍ണം. ആരോഗ്യ സംരക്ഷണത്തിന് ഫലപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിക്കാനോ തൊഴിലാളികളുടെ മക്കള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാനോ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. കേരളത്തിലെ പ്രമുഖ തോട്ടം മാനേജ്‌മെന്റുകളായ ഹാരിസണ്‍ കമ്പനി, ട്രാവന്‍കൂര്‍ റബ്ബര്‍ ടി കമ്പനി, റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ എന്നിവിടങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് ദുരിത പൂര്‍ണമായ ജീവിതം നയിക്കുന്നത്. തൊഴിലാളികളില്‍ പലരും അര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് അടിമകളായിക്കഴിഞ്ഞു. കൊല്ലം ജില്ലയില്‍ കിഴക്കന്‍ മേഖലയിലുള്ള സ്വകാര്യ തോട്ടങ്ങളെല്ലാം തന്നെ സര്‍ക്കാ ര്‍ കണക്കില്‍ പാട്ടക്കാലാവധി കഴിഞ്ഞതും എപ്പോള്‍ വേണമെങ്കിലും സര്‍ക്കാറിന് ഏറ്റെടുക്കാവുന്നതുമാണ്. കമ്പനി നിലവില്‍വന്ന നാള്‍ മുതല്‍ ഇവിടെ താമസിക്കുന്നതില്‍ ഭൂരിഭാഗവും തമിഴ്- ശ്രീലങ്കന്‍വംശജരാണ്.
വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ അധികൃതര്‍ നിസ്സഹരണം തുടരുന്നതിനാല്‍ ഈ വിഭാഗങ്ങളില്‍പ്പെട്ട പുതുതലമുറ വീണ്ടും അവരവരുടെ ദേശങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യമാണ് നിലവിലുള്ളത്. കമ്പനിക്കെതിരെ അവകാശ സമരം നടത്തുന്ന തൊഴിലാളികളെ ഒറ്റപ്പെടുത്തുകയും തൊഴിലില്‍ നിന്ന് സ്വയം പിരിഞ്ഞുപോകുന്നതിനുള്ള സാഹചര്യമൊരുക്കുകയും ചെയ്യുന്നു. പതിറ്റാണ്ടുകളായി തൊഴില്‍ ചെയ്യുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനും കമ്പനി ഇതുവരെ നടപടികള്‍ സ്വീകരിച്ചിട്ടില്ല. തെന്മല വാലിയിലെ അമ്പനാട്, ഈസ്ഫീല്‍ഡ്, ഫ്‌ളോറന്‍സ്, വെഞ്ച്വര്‍ ഡിവിഷനുകളിലായി ആയിരക്കണക്കിന് തമിഴ്- ശ്രീലങ്കന്‍വംശജരാണ് തൊഴില്‍ ചെയ്യുന്നത്. ട്രാവന്‍കൂര്‍ റബര്‍ കമ്പനിയുടെ അമ്പനാട് ഡിവിഷനില്‍ അഞ്ച് വര്‍ഷം മുമ്പ് റബര്‍ പ്ലാന്റേഷനുകള്‍ പെരുമ്പാവൂര്‍ സ്വദേശിക്ക് അനധികൃതമായി പാട്ടത്തിന് നല്‍കിയതിലൂടെ നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് സ്ഥിരം ജോലി നഷ്ടപ്പെട്ടത്.
കമ്പനിയില്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്ന സ്ഥിരജോലികള്‍ക്കും സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് മാനേജര്‍, മാനേജര്‍ തസ്തികകളിലേക്ക് തമിഴ്‌വംശജരെ ജോലികാലയളവിലുള്ള പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിലും കാലങ്ങളായി അട്ടിമറിയാണ് നടക്കുന്നത്. ഇപ്പോള്‍ തോട്ടം മേഖലയിലെ തൊഴിലാളികളെ അവഗണിച്ച് പുറംജോലിക്കാരെ നിയമിക്കുന്ന നടപടികളും ആരംഭിച്ചു.
അമ്പനാട് കഴിഞ്ഞ മുപ്പത് വര്‍ഷമായി പ്രവര്‍ത്തിച്ചുവന്ന സ്‌കൂള്‍ നിര്‍ത്തലാക്കിയത് കാരണം ഇവിടുത്തെ കുട്ടികള്‍ക്ക് പഠനത്തിന് തമിഴ്‌നാട്ടിലേക്ക് പോകേണ്ട സ്ഥിതിയാണ്. വെഞ്ച്വര്‍ ഡിവിഷനില്‍ ഉണ്ടായിരുന്ന മറ്റൊരു പ്രൈമറി സ്‌കൂള്‍ ഇപ്പോള്‍ ഏകാധ്യാപക വിദ്യാലയ മാ യി തരംതാഴ്ത്തപ്പെട്ടു. ആകെയുള്ള ആശ്രയം നെടുമ്പാറയിലുള്ള ടി സി എന്‍ എം സ്‌കൂള്‍ മാത്രമാണ്.

Latest