Connect with us

International

കറുത്ത വര്‍ഗക്കാരന്റെ വധം: മിസൂറിയില്‍ അടിയന്തരാവസ്ഥ

Published

|

Last Updated

ഫെര്‍ഗൂസന്‍: അമേരിക്കയിലെ മിസൂറിയില്‍ കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം അടങ്ങുന്നില്ല. മിസൂറി സംസ്ഥാനത്ത് ഗവര്‍ണര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെര്‍ഗൂസന്‍ നഗരത്തിന്റെ പ്രാന്തപ്രദേശമായ സെന്റ് ലൂയിസില്‍ കഴിഞ്ഞ ദിവസം രാത്രിയിലും പ്രതിഷേധകര്‍ കര്‍ഫ്യൂ ലംഘിച്ചു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതക പ്രയോഗം നടത്തി. കര്‍ഫ്യൂ ലംഘിച്ചതിന് ഏഴ് പ്രതിഷേധകരെ പോലീസ് അറസ്റ്റ് ചെയ്തു.
“നീതിയില്ല, കര്‍ഫ്യൂ വേണ്ട” എന്ന മുദ്രാവാക്യം മുഴക്കി നൂറിലേറെ പ്രതിഷേധകര്‍ അര്‍ധരാത്രിയോടെ തെരുവിലിറങ്ങി. ഉടനെ സായുധ യുദ്ധസന്നാഹത്തോടെയുള്ള അഞ്ച് വാഹനങ്ങള്‍ പ്രതിഷേധകര്‍ക്ക് സമീപത്തെത്തി. “നിങ്ങള്‍ കര്‍ഫ്യു ലംഘിച്ചിരിക്കുന്നു. ഉടനെ പിരിയണം. അല്ലാത്തപക്ഷം അറസ്റ്റ് ഉണ്ടാകും.” പോലീസുകാര്‍ മുന്നറിയിപ്പ് നല്‍കി. സമാധാനപരമായി സംഘടിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു പ്രതിഷേധക്കാരുടെ മറുപടി. തുടര്‍ന്ന് പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയായിരുന്നു.
കഴിഞ്ഞ ഒമ്പതാം തീയതി മൈക്കിള്‍ ബ്രോണെന്ന 18കാരന്‍ കൊല്ലപ്പെട്ടതിന് ശേഷം ദിവസവും രാത്രി പ്രതിഷേധകര്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ജയ് നിക്‌സന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ശനിയാഴ്ച ഉച്ചക്ക് ശേഷം തെരുവിലുള്ള പ്രതിഷേധകരെ നിക്‌സണ്‍ നേരിട്ടു വന്ന് കണ്ടിരുന്നു. കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ പ്രക്ഷോഭകര്‍ ശക്തമായി എതിര്‍ത്തു. ബ്രോണിനെ വെടിച്ചെ് കൊന്ന ഡാരണ്‍ വില്‍സണെന്ന പോലീസുകാരനെ മാതൃകാപരമായി ശിക്ഷിക്കണമെന്നതാണ് പ്രക്ഷോഭകരുടെ ആവശ്യം.
കടയില്‍ നിന്ന് സിഗരറ്റ് മോഷ്ടിച്ചയാളെന്ന സംശയത്തിലാണ് പോലീസുകാരന്‍ കറുത്ത വര്‍ഗക്കാരനെ വെടിവെച്ചു കൊന്നതെന്ന പോലീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് പ്രക്ഷോഭം ഒന്നുകൂടി ശക്തമായിരുന്നു. “കൈ പൊക്കൂ, വെടിവെക്കരുത് (ഹാന്‍ഡ്‌സ് അപ്, ഡോണ്ട് ഷൂട്ട്)” എന്ന മുദ്രാവാക്യം വിളിച്ച് പോലീസിന് നേരെ കൈകള്‍ പൊക്കിയായായിരുന്നു പ്രതിഷേധം.