Connect with us

National

പെണ്‍ ഭ്രൂണഹത്യക്കെതിരെ പ്രതിജ്ഞ ചെയ്യിപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: പെണ്‍ഭ്രൂണഹത്യക്കെതിരെ പോരാടാന്‍ ഡല്‍ഹി സര്‍ക്കാറും. പുതുതായി വിവാഹം കഴിക്കുന്ന ദമ്പതികളോട് പെണ്‍ഭ്രൂണഹത്യ നടത്തില്ലെന്നും ആണ്‍കുട്ടികളെ പോലെ തന്നെ പെണ്‍കുട്ടികളെയും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യിപ്പിച്ചാണ് ഇതിനെതിരെ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ മാസം ഒമ്പതിനാണ് പുതിയ പരിപാടിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. റവന്യൂ വകുപ്പിന്റെ കീഴില്‍ തുടങ്ങിയ ഈ പരിപാടിക്ക് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെയായി പുതുതായി വിവാഹിതരായ നാല് ദമ്പതികള്‍ ഇതനുസരിച്ച് പ്രതിജ്ഞ ചെയ്തതായി റവന്യൂ വകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.
വിവാഹ ശേഷം വിവാഹ രജിസ്‌ട്രേഷന് ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിലെത്തുന്ന ദമ്പതികളോടാണ് പ്രതിജ്ഞ ചെയ്യിപ്പിക്കുന്നത്. പെണ്‍ഭ്രൂണഹത്യക്കെതിരെ ജനങ്ങളില്‍ അവബോധമുണ്ടാക്കുകയും നിയമവിരുദ്ധമായി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്താതിരിക്കാനും അവരെ പ്രേരിപ്പിക്കുകയും ആണ് പദ്ധതിയുടെ ലക്ഷ്യമെന്ന് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം ആരെയും നിര്‍ബന്ധിച്ച് ഇങ്ങനെ പ്രതിജ്ഞ ചെയ്യിപ്പിക്കില്ലെന്നാണ് റവന്യൂ വകുപ്പ് പറയുന്നത്. ദമ്പതികള്‍ ഇത് അവരുടെ സ്വയം ഇഷ്ടപ്രകാരം ചെയ്യുന്നതാണ്. തങ്ങള്‍ അവരോട് പ്രതിജ്ഞ ചെയ്യണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്യുന്നത്. ഒരു ചെറിയ ലഘുലേഖ ദമ്പതികള്‍ക്ക് നല്‍കുകയും അവര്‍ ഇത് ഉറക്കെ വായിക്കുകയുമാണ് പ്രതിജ്ഞയുടെ രീതിയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. വടക്കന്‍ ജില്ലാ മജിസ്‌ട്രേറ്റ് മോന ശ്രീനിവാസാണ് ഇങ്ങനെയൊരു പദ്ധതിക്ക് ആശയം നല്‍കിയത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലും ഇതിന്റെ പ്രാധാന്യം എടുത്തുദ്ധരിച്ചിരുന്നു. രാജ്യത്തെ ആണ്‍, പെണ്‍ അനുപാതം വളരെ അപകടകരമായ നിലയിയിലാണെന്നും ജനങ്ങള്‍ ഇതിനെ കുറിച്ച് ബോധവാന്‍മാരായി പെണ്‍ഭ്രൂണഹത്യക്കെതിരെ പ്രവര്‍ത്തിക്കണമെന്നും കഴിഞ്ഞ ദിവസം പ്രസംഗത്തിനിടെ അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
1000 പുരുഷന്‍മാര്‍ക്ക് 940 സ്ത്രീകളെന്ന നിലയിലാണ് ഇപ്പോള്‍ രാജ്യത്തെ ആണ്‍- പെണ്‍ അനുപാതം.

Latest