കാതോര്‍ത്തിരിക്കുക

Posted on: August 17, 2014 6:00 am | Last updated: August 16, 2014 at 9:52 pm

‘പട്ടിണിപ്പാവങ്ങള്‍ നിറഞ്ഞ ഒരു സമ്പന്ന രാജ്യമാണ് ഇന്ത്യ’യെന്ന വിലയിരുത്തലിന് ആവര്‍ത്തിച്ച് അടിവരയിടുന്നതാണ് ‘ന്യൂ വേള്‍ഡ് വെല്‍ത്ത്’ പുറത്തിറക്കിയ ലോകത്തെ ധനികന്മാരെ സംബന്ധിച്ച വിവരങ്ങള്‍. ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ ലോകത്തില്‍ എട്ടാം സ്ഥാനത്താണ്. ഈ വര്‍ഷം ജൂണ്‍വരെയുള്ള കണക്കനുസരിച്ച് ലോകത്താകെയുള്ള കോടീശ്വരന്മാര്‍ 13 ദശലക്ഷംമാണ്. ഇതില്‍ 4.95 ലക്ഷം പേര്‍ ശതകോടീശ്വരന്മാരാണ്. പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ 14,800 ശതകോടീശ്വരന്മാരുണ്ട്. രാജ്യത്തിന്റെ ധനകാര്യ തലസ്ഥാനമെന്ന് അറിയപ്പെടുന്ന മുംബൈയില്‍ മാത്രം 2,700 ശതകോടീശ്വരന്മാരുണ്ട്. ലോകത്ത് മുംബൈനഗരം 25ാം സ്ഥാനത്താണ്. 15,400 ശതകോടീശ്വരന്മാരുള്ള ഹോങ്കോങിനാണ് നഗരങ്ങളില്‍ ഒന്നാം സ്ഥാനം. ധനികര്‍ കൂടുതലുള്ള രാജ്യം അമേരിക്കയാണ്. ചൈനയും ജര്‍മനിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.
സമ്പന്നന്മാരുടെ കാര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ അത്ര പിന്നാക്കമൊന്നുമല്ലെന്ന് മേല്‍ പറഞ്ഞ വസ്തുതകള്‍ വിളിച്ചോതുമ്പോള്‍, രാജ്യത്തുണ്ടായ സാമ്പത്തിക വളര്‍ച്ചയുടെ ഫലങ്ങള്‍ ജനതയില്‍ മഹാഭൂരിപക്ഷത്തിന് അനുഭവവേദ്യമല്ലെന്നത് ഒരു പരമാര്‍ഥമാണ്. സ്വാതന്ത്ര്യം നേടി ആറരപതിറ്റാണ്ട് പിന്നിട്ടിട്ടും രാജ്യത്തെ എട്ടു കോടി പാര്‍പ്പിടങ്ങളില്‍ കഴിയുന്ന 40 കോടിയിലേറെ ജനങ്ങള്‍ക്ക് വൈദ്യുതി ഇന്നും വിലക്കപ്പെട്ട കനിയാണ്. 12,468 ഗ്രാമങ്ങളില്‍ ഇതുവരെ വൈദ്യുതി എത്തിയിട്ടില്ല പാര്‍പ്പിടങ്ങളിലെ സൗകര്യങ്ങളുടെ കാര്യത്തില്‍ പല സംസ്ഥാനളിലേയും അവസ്ഥ പരമദയനീയമാണ്. പണ്ട് പറയാറുള്ള പട്ടിണിയും ദാരിദ്ര്യവും ഇന്ന് നാട്ടിലില്ല. പുല്ല് മേഞ്ഞതോ ഷീറ്റ് വിരിച്ചതോ ആയ കുടില്‍ സമാന പാര്‍പ്പിടങ്ങള്‍ ധാരാളമുണ്ട്. ഗ്രാമ ഗ്രാമാന്തരങ്ങളിലെ ഈ പാര്‍പ്പിടങ്ങളിലൊന്നും ശുദ്ധമായ കുടിവെള്ളമൊ, വൈദ്യുതിയൊ ലഭ്യമല്ല. വീടുകളോട് ചേര്‍ന്ന് കക്കൂസൊ ശൗചാലയങ്ങളൊ ഇല്ല. പ്രാഥമിക കര്‍മങ്ങള്‍ക്ക് വെളിമ്പുറത്തെ തന്നെയാണ് ലക്ഷോപലക്ഷം ജനങ്ങള്‍ ആശ്രയിക്കുന്നത്. ഇതെല്ലാം പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതേസമയം ആയിരക്കണക്കിന് കോടികള്‍ ചെലവിട്ട് നിര്‍മിച്ച ആകാശസൗധങ്ങളില്‍ ആര്‍ഭാട ജീവിതം നയിക്കുന്ന ശതകോടീശ്വരന്മാര്‍ നമുക്കുണ്ട്. പാര്‍പ്പിടത്തോട് ചേര്‍ന്ന് ഒരു കക്കൂസ് എന്നത് സാധ്യമാക്കാന്‍ കഴിയാത്ത ജനകോടികള്‍ മറുവശത്തും നില്‍ക്കുന്നു. മാതാവും പിതാവും മൂന്ന് മക്കളുമടക്കം ആറംഗകുടുംബത്തിന് വേണ്ടി ആറ് ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ 27 നില കൊട്ടാരസമാന സൗധം തീര്‍ത്ത ശതകോടീശ്വരന്റെ നാടാണ് ഇത്. രാജസ്ഥാന്റെ കാര്യമെടുത്താല്‍ ജനസംഖ്യയില്‍ പകുതിയിലധികം പേര്‍ക്കും വീടിനോട് ചേര്‍ന്ന് കക്കൂസില്ല. പ്രാഥമിക കര്‍മങ്ങളെല്ലാം വെളിമ്പ്രദേശത്ത്. സാംക്രമീകരോഗങ്ങള്‍ അടക്കം ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഏറെയാണ്.
ജനതയുടെ മനസ്സറിഞ്ഞ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ‘ഗരീബി ഹഠാഒ’പദ്ധതി പ്രഖ്യാപിച്ചതിലൂടെ ലക്ഷക്കണക്കിന് ദരിദ്രര്‍ക്ക് ആശ്വാസമേകിയെങ്കിലും, തുടര്‍നടപടികള്‍ക്ക് പിന്നീട് വന്ന ഭരണകൂടങ്ങള്‍ വേണ്ടത്ര താത്പര്യം കാണിച്ചില്ല. ആ കാലത്ത് മുട്ടയും പാലും മാംസവുമെല്ലാം ആഡംബരമായിരുന്നുവെങ്കില്‍ ഇന്ന് ആ അവസ്ഥ മാറി. രാജ്യം കൈവരിച്ച പുരോഗതിയുടെ നേട്ടം തന്നെയായിണ് ഇത്. ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ രാജ്യം വന്‍പുരോഗതി കൈവരിച്ചു. ഹരിത വിപ്ലവവും, ധവള വിപ്ലവവും നാട്ടില്‍ സമൂലമാറ്റങ്ങളുടെ പരമ്പരതന്നെ കെട്ടഴിച്ചുവിട്ടു. പക്ഷെ ഈ നേട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് കരഗതമായില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ധിച്ചു. സാമ്പത്തിക ഉദാരവത്കരണവും ആഗോള വത്കരണവും രാജ്യത്ത് കോര്‍പറേറ്റുകള്‍ക്ക് ചുവപ്പ് പരവധാനി വിരിച്ചപ്പോള്‍ സമ്പന്നര്‍ക്ക് വികസനത്തിന്റെ പാത തുറന്ന് കിട്ടുകയായിരുന്നു. പക്ഷെ, പാവങ്ങളെ ചവിട്ടിമെതിച്ചുകൊണ്ടായിരുന്നു ഈ മുന്നേറ്റം. ലക്ഷപ്രഭുക്കള്‍ കോടീശ്വരന്മാരായതും ശതകോടീശ്വരന്മാരായതും ഇതിലൂടെയായിരുന്നു. അതോടൊപ്പം കോര്‍പ്പറേറ്റ് വത്കരണത്തിന്റെ ദുഷിപ്പുകള്‍ നാട്ടില്‍ വ്യാപകമായി. അഴിമതി സാര്‍വത്രികമായി. പണത്തിന് മുന്നില്‍ ധാര്‍മിക, സാംസ്‌കാരിക മൂല്യങ്ങള്‍ വീണടിഞ്ഞു.
ഇന്ത്യയില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തിലധികം കുട്ടികളെ കാണാതാകുന്നതായി ചൂണ്ടിക്കാണിച്ചത് ആഭ്യന്തര മന്ത്രാലയമാണ്. ഇവരില്‍ ഏറെയും പെണ്‍കുട്ടികളാണ്. 1.7 ലക്ഷം കുട്ടികളെ കാണാതായിട്ടും സര്‍ക്കാര്‍ ഈ സംഭവത്തെ ഗൗരവമായി പരിഗണിക്കത്തതിന് സുപ്രിം കോടതി കേന്ദ്രത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. കുട്ടികള്‍ കൊലചെയ്യപ്പെടുകയൊ, യാചന, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മേഖലകളില്‍ അകപ്പെട്ടിട്ടുണ്ടോ എന്നൊന്നും അന്വേഷിക്കാന്‍ ആര്‍ക്കും താത്പര്യമില്ല. അരുതാത്തത് സംഭവിക്കുമ്പോള്‍ നാം കണ്ണീരൊഴുക്കുന്നു. അടുത്ത ദിവസമാകുമ്പോള്‍ എല്ലാം മറക്കുന്നു. ഈ മറവി രാജ്യത്തെ ദുര്‍ഗതിയിലേക്കാണ് നയിക്കുക എന്ന ഭീകര സത്യം , സ്വാതന്ത്ര്യത്തിന്റെ 68 ാം വാര്‍ഷികത്തിലെങ്കിലും ഭരണകൂടവും ജനതയും തിരിച്ചറിയണം.