Connect with us

Editorial

ഒഴിവാക്കിക്കൂടേ ഈ അധിക ഭാരം

Published

|

Last Updated

അവശ്യ സാധനങ്ങളുടെ വിലവര്‍ധനവില്‍ പൊറുതിമുട്ടുന്ന സാധാരണക്കാരന് ഷോക്കടിയായിരിക്കയാണ് വൈദ്യുതി ചാര്‍ജ് വര്‍ധന. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 24 ശതമാനവും വ്യവസായങ്ങള്‍ക്ക് പത്ത് ശതമാനവുമാണ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ വര്‍ധന 30 ശതമാനം വരും. പുതുക്കിയ നിരക്കുകള്‍ നാളെ നിലവില്‍ വരുമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 1414 കോടി രൂപയുടെ വര്‍ധനവാണ് വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ് ആവശ്യപ്പെട്ടതെങ്കിലും 1027 കോടി രൂപയുടെ വര്‍ധനവാണ് കമ്മീഷന്‍ അനുവദിച്ചത്. സാമ്പത്തികവര്‍ഷം പകുതി പിന്നിട്ടതിനാല്‍ ഈ വര്‍ഷം ബോര്‍ഡിന് ഏതാണ്ട് 600 കോടി രൂപയുടെ അധികവരുമാനം മാത്രമേ ലഭിക്കാനിടയുള്ളൂ.
കെ എസ് ഇ ബി ആവശ്യപ്പെട്ട നിരക്കില്‍ ചാര്‍ജ് വര്‍ധനവിന് റഗുലറ്റേറി കമ്മീഷന്‍ അനുമതി നല്‍കിയില്ല. യൂനിറ്റിന് 70 പൈസ വര്‍ധനവാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്. ഇതുവഴി 1423 കോടി രൂപ കൂടുതല്‍ വരുമാനം ബോര്‍ഡിന് ലഭിക്കുമായിരുന്നു. 800 കോടി വരുമാനം വര്‍ധിക്കുന്ന വിധത്തില്‍ ചാര്‍ജ് വര്‍ധനവിന് അംഗീകാരം നല്‍കിയ കമ്മീഷന്‍, ബാക്കി തുക മറ്റു മാര്‍ഗങ്ങളിലൂടെ ബോര്‍ഡ് സമാഹരിക്കണമെന്നു നിര്‍ദേശിച്ചു. ഉയര്‍ന്ന വരുമാനക്കാര്‍ക്കു സബ്‌സിഡി നിരക്കില്‍ വൈദ്യുതി നല്‍കുന്നതു കര്‍ശനമായി വിലക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ് ഈ നിരക്കു വര്‍ധനയെന്ന് കേരളത്തിലെ വിദ്യുച്ഛക്തി ബോര്‍ഡിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നവര്‍ക്ക് പറയാനാകില്ല. അത്രകണ്ടുണ്ട് കെ എസ് ഇ ബിയുടെ കെടുകാര്യസ്ഥത.
നമുക്ക് വൈദ്യുതി പദ്ധതികള്‍ ആവശ്യാനുസരണമുണ്ടെങ്കിലും ഇവയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികളുണ്ടാകുന്നില്ലെന്നതാണ് പച്ചപ്പരമാര്‍ഥം. ഒപ്പം, ഭീമമായ കുടിശ്ശിക പിരിച്ചെടുക്കാന്‍ നടപടികളുമുണ്ടാകുന്നില്ല, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുടിശ്ശിക യഥാസമയം പിരിച്ചെടുക്കാത്തതിനാല്‍ ഓരോ വര്‍ഷവും ഇത് കുന്നുകൂടുകയാണ്. 2013ല്‍ കോടതി കയറിയ തര്‍ക്കങ്ങളില്‍ 1200 കോടി ഒടുക്കാത്തതായുണ്ട്. ഇതിന് പുറമെ വന്‍കിട സ്ഥാപനങ്ങള്‍ 150 കോടിയും കുടിശ്ശികയായുണ്ട്. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വൈദ്യുതി കുടിശ്ശിക ഇനത്തില്‍ കോടികളാണ് നല്‍കാനുള്ളത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് പോലും വൈദ്യുതി ചാര്‍ജ് പിരിച്ചെടുക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തിന് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത എടുത്തുകാട്ടി കൈകഴുകാനാണ് സര്‍ക്കാറുകള്‍ ശ്രമിച്ചുവരുന്നത്. ഇതിനെല്ലാറ്റിനും പുറമെയാണ് വൈദ്യുതി ചോര്‍ച്ചയും വെട്ടിപ്പും. നിലവാരം കുറഞ്ഞ കമ്പനികളില്‍ നിന്ന് വാങ്ങുന്ന മീറ്ററുകള്‍ കേടുവരുമ്പോള്‍ യഥാസമയം മാറ്റുന്നതില്‍ ശുഷ്‌കാന്തിയുണ്ടാകാത്തതും ഗാര്‍ഹിക, വ്യാവസായിക ഉപഭോക്താക്കള്‍ നടത്തുന്ന വൈദ്യുതി വെട്ടിപ്പ് തടയുന്നതിന് നടപടികള്‍ വൈകുന്നതും . ഈ മേഖലയില്‍ പ്രതിസന്ധിയുടെ ആഴം വര്‍ ധിപ്പിക്കുന്നു.
എന്നാല്‍ കേരളത്തില്‍ അടിക്കടി വൈദ്യുതി വര്‍ധിപ്പിക്കുമ്പോള്‍ അയല്‍സംസ്ഥാനങ്ങള്‍ പരമാവധി പിടിച്ചുനില്‍ക്കുന്നത് ഉത്പാദനം വര്‍ധിപ്പിച്ചും വൈദ്യുതി ബോര്‍ഡിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തിയുമാണ്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് പുറത്തുനിന്ന് വൈദ്യുതി കൊണ്ടുവരാന്‍ കഴിയാത്തത് ബോര്‍ഡിന്റെ പിടിപ്പുകേടാണെന്ന് റഗുലേറ്ററി കമ്മീഷന്‍ തന്നെ വിമര്‍ശിച്ചിട്ടുണ്ട്. വര്‍ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗത്തിന്റെ വെളിച്ചത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവശ്യാനുസരണം കരാറുകള്‍ ഉറപ്പിക്കാത്ത സാഹചര്യത്തെയാണ് കമ്മീഷന്‍ കുറ്റപ്പെടുത്തിയത്.
എന്നാല്‍ കേരളത്തില്‍ കടക്കെണി വരുമ്പോഴൊക്കെ ഉപഭോക്താക്കളെ പിഴിയാനാണ് കെ എസ് ഇ ബിയുടെ ശ്രമം 2012ല്‍ നടപ്പാക്കിയ നിരക്ക് വര്‍ധനവിലൂടെ 1600 കോടി രൂപയും 2013ല്‍ 650 കോടി രൂപയും അധികം സമാഹരിക്കുകയുണ്ടായി. സാധന സേവനങ്ങളുടെ മേഖലയിലുണ്ടാകുന്ന സ്വാഭാവിക ചെലവ് വര്‍ധനവും മറ്റും അപ്രതീക്ഷിതമല്ലെങ്കിലും കടുത്ത ഭാരം ഉപഭോക്താവിന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന രീതി ക്ഷന്തവ്യമല്ല. ഈ മേഖലയില്‍ ഉത്പാദന, പ്രസാരണ, വിതരണ രംഗം അടിമുടി പരിഷ്‌കരിക്കുകയും വൈദ്യുതി ബോര്‍ഡിന്റെ കെടുകാര്യസ്ഥത ഒഴിവാക്കുകയും വേണം. ഒപ്പം, കെ എസ് ഇ ബിയുടെ പ്രവര്‍ത്തനം സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുകയും ചെയ്യണം.