ജുഡീഷ്യല്‍ നിയമന ബില്‍ രാജ്യസഭയും പാസാക്കി

Posted on: August 14, 2014 3:13 pm | Last updated: August 15, 2014 at 7:13 am

rajyasbhaന്യൂഡല്‍ഹി: ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നിലവിലെ കൊളീജിയം സമ്പ്രദായം മാറ്റുന്നതിനുള്ള ബില്ലും ഭരണഘടനാ ഭേദഗതി ബില്ലും രാജ്യസഭയും പാസാക്കി. ബില്ലുകകള്‍ ഇന്നലെ ലോക്‌സഭയിലും പാസാക്കിയിരുന്നു. ഹൈക്കോടതികളിലും സുപ്രീം കോടതിയിലും യോഗ്യരായ ജഡ്ജിമാരാണ് നിയമിക്കപ്പെടുന്നത് എന്ന് ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യം.

കൊളീജിയം സംവിധാനത്തിന് പകരം ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും അടക്കമുള്ള കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ഇനി മുതല്‍ ആറംഗ സമിതിയാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനാകുന്ന സമിതിയില്‍ സുപ്രീം കോടതിയില്‍ നിന്നുള്ള രണ്ട് ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി, പ്രമുഖരായ രണ്ട് അഭിഭാഷകര്‍ എന്നിവര്‍ ഉണ്ടാകും. ഈ സമിതിക്ക് ഭരണഘടനാ പദവി നല്‍കുന്ന ഭേദഗതിയും സര്‍ക്കാര്‍ പാസാക്കിയിരുന്നു.
പാസാക്കിയ ബില്‍ ഒരു തരത്തിലും കോടതികളുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നത് അല്ലെന്ന് ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കവെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്നലെ പറഞ്ഞിരുന്നു.