Connect with us

National

പാര്‍ലിമെന്റംഗങ്ങള്‍ ദൈവത്തെയോര്‍ത്ത് മാന്യമായി പെരുമാറണമെന്ന് രാഷ്ട്രപതി

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ലിമെന്റംഗങ്ങള്‍ ദൈവത്തെയോര്‍ത്ത് മാന്യമായി പെരുമാറണമെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. പാര്‍ലിമെന്റിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ജനങ്ങള്‍ തിരഞ്ഞെടുത്തും നോമിനേറ്റ് ചെയ്തും എത്തിയിട്ടുള്ള നിങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. ദൈവത്തെയോര്‍ത്ത് നിങ്ങള്‍ സംയമനം പാലിക്കണം. അത് നിങ്ങളുടെ ഉത്തരവാദിത്വമാണ്- മികച്ച പാര്‍ലിമെന്റേറിയന്‍മാര്‍ക്കുള്ള അവാര്‍ഡ് വിതരണം ചെയ്യുന്ന ചടങ്ങില്‍ പ്രണാബ് മുഖര്‍ജി പറഞ്ഞു. അനുവദിക്കപ്പെട്ട റൂമിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെയും ടി ഡി പിയിലെയും അംഗങ്ങള്‍ ഏറ്റുമുട്ടിയതിന് പിറകേയാണ് രാഷ്ട്രപതിയുടെ ഉപദേശം. രാജ്യത്തെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമാണ് പാര്‍ലിമെന്റ്. മഹത്തായ സ്ഥാപനമാണ് അത്. അതിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനുള്ള ബാധ്യത എല്ലാ അംഗങ്ങള്‍ക്കുമുണ്ട്. പാര്‍ലിമെന്റില്‍ പ്രവേശിക്കുന്നതിന് മുമ്പ് പടികളില്‍ ചുംബിച്ച് ആദരവ് പ്രകടിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
2010ലെ ഏറ്റവും നല്ല പാര്‍ലിമെന്റേറിയനായി തിരഞ്ഞെടുക്കപ്പെട്ട അരുണ്‍ ജെയ്റ്റ്‌ലി, 2011 ല്‍ തിരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം കരണ്‍ സിംഗ്, 2012ല്‍ തിരഞ്ഞെടുക്കപ്പെട്ട ശരത് യാദവ് എന്നിവര്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു. രാഷ്ട്രപതിയെക്കൂടാതെ വൈസ് പ്രസിഡന്റ് ഹാമിദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ തുടങ്ങിയവര്‍ ചടങ്ങിന് എത്തിയിരുന്നു.

Latest