Connect with us

International

കോടതി വിധിക്കും വരെ സ്ഥാനം ഒഴിയില്ല: മാലികി

Published

|

Last Updated

പാരീസ്/ ബഗ്ദാദ്: കോടതി വിധി എതിരാകും വരെ സ്ഥാനത്ത് നിന്ന് മാറില്ലെന്ന് ഇറാഖ് കാവല്‍ പ്രധാനമന്ത്രി നൂരി അല്‍ മാലികി. ഹൈദര്‍ അല്‍ അബാദിയെ പ്രധാനമന്ത്രിയാക്കി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള പ്രസിഡന്റിന്റെ നിര്‍ദേശം അദ്ദേഹം തള്ളി. പ്രതിവാര അഭിസംബോധനയിലാണ് മാലികി ഇത് പ്രഖ്യാപിച്ചത്. ഇത് ഭരണഘടനയുടെ ലംഘനമാണെന്നും യാതൊരു മൂല്യവുമില്ലെന്നും മാലികി പറഞ്ഞു. അതിനിടെ, നിയുക്ത പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയുടെ വസതിക്ക് സമീപം ചാവേര്‍ സ്‌ഫോടനമുണ്ടായി. വസതിക്ക് സമീപത്തെ ചെക്ക് പോയിന്റിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. അത്യാഹിതങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്ല.
അതേസമയം, ഇറാഖിലെ കുര്‍ദ് സൈന്യത്തിന് ആയുധങ്ങള്‍ നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്‍ദെ അറിയിച്ചു. യസീദി ന്യൂനപക്ഷത്തെ രക്ഷിക്കുന്നതിന് ഇറാഖിലെ വിമതരുമായി കുര്‍ദ് സൈന്യം ശക്തമായ ഏറ്റുമുട്ടലിലാണ്. പെഷ്‌മെര്‍ഗ എന്നറിയപ്പെടുന്ന കുര്‍ദ് സൈന്യത്തിന് അമേരിക്ക ആയുധങ്ങള്‍ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. കുര്‍ദിസ്ഥാനിലെ പ്രാദേശിക നേതാക്കളുടെ അടിയന്തര ആവശ്യത്തിനുള്ള പ്രതികരണമാണ് ആയുധങ്ങള്‍ നല്‍കാനുള്ള തീരുമാനമെന്ന് ഹൊളാന്‍ദെ അറിയിച്ചു. വിമതരുമായി ഏറ്റുമുട്ടുന്ന സൈന്യത്തെ സഹായിക്കാന്‍ കുറച്ചു ദിവസങ്ങളായി ഫ്രാന്‍സ് ആലോചിക്കുകയായിരുന്നു. കുര്‍ദിസ്ഥാനിലെ ജനത മഹാദുരന്തത്തിന്റെ വക്കിലായതിനാല്‍ അന്താരാഷ്ട്ര സമൂഹം ഉണരണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കുര്‍ദ് മേഖലയിലേക്ക് 130 സൈനിക ഉപദേശകരെ കൂടി അയച്ചിട്ടുണ്ടെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ചക് ഹെഗല്‍ അറിയിച്ചു. ഇപ്പോള്‍ 250 ഉപദേശകര്‍ ഇറാഖിലുണ്ട്. നാവിക സൈനികരും പ്രത്യേക ഏറ്റുമുട്ടല്‍ സൈനികരും ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്യുകയെന്നും ഏറ്റുമുട്ടലില്‍ ഭാഗമാകില്ലെന്നും യു എസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ അറിയിച്ചു. വടക്കന്‍ ഇറാഖില്‍ വിമതരെ ലക്ഷ്യം വെച്ച് യു എസ് വ്യോമാക്രമണം തുടരുകയാണ്. വിമതരെ തുരത്താന്‍ കുര്‍ദ് രാഷ്ട്രീയ നേതാവ് മസ്ഊദ് ബര്‍സാനി അന്താരാഷ്ട്ര സൈനിക സഹായം തേടിയിരുന്നു.
അതേസമയം, ഇസില്‍ വിമതര്‍ സിറിയയിലെ അലപ്പോ പ്രവിശ്യയില്‍ നിരവധി നഗരങ്ങളും ഗ്രാമങ്ങളും പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.

---- facebook comment plugin here -----

Latest