Connect with us

Eranakulam

ബ്ലാക്ക് മെയില്‍ കേസ് പ്രതികളെ കൊച്ചിയിലെത്തിച്ച് തെളിവെടുത്തു

Published

|

Last Updated

കൊച്ചി: ബ്ലാക്ക് മെയില്‍ പെണ്‍വാണിഭ കേസിലെ പ്രധാന പ്രതികളായ ബിന്ധ്യ തോമസിനെയും റുക്‌സാനയെയും കൊച്ചിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വെഞ്ഞാറമൂട് സ്വദേശി രവീന്ദ്രന്റെ ആത്മഹത്യാ കേസുമായി ബന്ധപ്പെട്ടാണ് ഇരുവരെയും ചൊവ്വാഴ്ച രാവിലെ തെളിവെടുപ്പിനെത്തിച്ചത്. രവീന്ദ്രനെ ഭീഷണിപ്പെടുത്താനുപയോഗിച്ച അനാശാസ്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഹോട്ടലിലും വാഴക്കാലയിലെ ബിന്ധ്യയുടെ വാടകവീട്ടിലുമായിരുന്നു തെളിവെടുപ്പ്.
വെഞ്ഞാറമൂട് സി ഐ. എസ് വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രാവിലെ എട്ട് മണിയോടെ മരടിലുള്ള ഹോട്ടലിലാണ് ആദ്യമെത്തിയത്. ഈ ഹോട്ടലിലെ മുറിയില്‍ വെച്ചാണ് അനാശാസ്യ ദൃശ്യങ്ങള്‍സംഘം ഒളിക്യാമറയില്‍ പകര്‍ത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇവിടെ തെളിവെടുപ്പിനു ശേഷം പ്രതികളെ പിന്നീട് കെ.എസ്.ആര്‍ ടി സി സ്റ്റാന്‍ഡ്‌ന് പരിസരത്തെ ഹോട്ടലിലെത്തിച്ചു.
രവീന്ദ്രനെ ഭീഷണിപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്ന് കണ്ടെത്തിയ വെണ്ണലയിലെ അഡ്വ. സനിലന്റെ വീട്ടിലും ഇയാളുടെ ഓഫീസിലും അന്വേഷണ സംഘം പ്രതികളെ കൊണ്ടുപോയി തെളിവെടുത്തു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി ഉച്ചയോടെ അന്വേഷണ സംഘം കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങി.
അതേ സമയം അന്വേഷണം വഴിതിരിച്ചുവിടാനാണ് പോലീസ് ശ്രമിക്കുന്നതെന്നും താന്‍ പോയിട്ടില്ലാത്ത ഹോട്ടലുകളിലാണ് തെളിവെടുപ്പിന് എത്തിച്ചതെന്നും ബിന്ധ്യാ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ എം എല്‍ എ ഹോസ്റ്റലില്‍ പോയിട്ടില്ല. രവീന്ദ്രന്റെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നതരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ബിന്ധ്യ തോമസ് ആവര്‍ത്തിച്ചു.