കാലിത്തീറ്റ കുംഭകോണം: ലാലുവിന്റെ ഹരജി തള്ളി

Posted on: August 13, 2014 5:34 am | Last updated: August 13, 2014 at 12:35 am

lalu-300x196റാഞ്ചി: സമാനമായ ഒരു കേസില്‍ ഇതിനകംതന്നെ താന്‍ ശിക്ഷിക്കപ്പെട്ടിരിക്കെ, മറ്റൊരു കാലിത്തീറ്റ കുംഭകോണക്കേസില്‍ തന്നെ വിചാരണ ചെയ്യരുതെന്നാവശ്യപ്പെടുന്ന ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദിന്റെ ഹരജി ഒരു പ്രത്യേക സി ബി ഐ കോടതി തള്ളി.
ഒരു കേസില്‍ ശിക്ഷിക്കപ്പെടുകയോ വെറുതെ വിടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അയാളെ സമാനമായ മറ്റൊരു കേസില്‍ വിചാരണ ചെയ്യരുതെന്ന് ക്രിമിനല്‍ നടപടി നിയമത്തിലെ 300ാം സെക്ഷന്‍ അനുശാസിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ലാലു പ്രസാദിന് വേണ്ടി ഹരജി ഫയല്‍ ചെയ്തത്.
ലാലുപ്രസാദ് ബീഹാര്‍ മുഖ്യമന്ത്രിയായിരിക്കെ 1993-94 സാമ്പത്തിക വര്‍ഷം ഛൈബാസ ട്രഷറിയില്‍ നിന്നും വ്യാജരേഖകളുണ്ടാക്കി 36 കോടി രൂപ പിന്‍വലിച്ചു എന്നാണ് കേസ്. 1990ല്‍ ദേവ്ഗഢ് ട്രഷറിയില്‍ നിന്ന് 96 ലക്ഷം രൂപ വഞ്ചനയിലൂടെ തട്ടിയെടുത്തു എന്ന് ലാലുവിനെതിരായ മറ്റൊരു ഹരജി എ കെ റായിയുടെ കോടതി 2014 ജൂലൈ ഒന്നിന് തള്ളിയിരുന്നു.
എന്നാല്‍ 1994-95ല്‍ കാലിത്തീറ്റയുമായി ബന്ധപ്പെട്ട് ഛൈബാസ ട്രഷറിയില്‍ നിന്ന് 37.7 കോടി രൂപ തട്ടിയെടുത്തു എന്ന കേസില്‍ ലാലു പ്രസാദിനെ 2013 സെപ്തംബര്‍ 30ന് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തുകയും ഒക്‌ടോബര്‍ മൂന്നിന് അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.