ഇന്ത്യന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിച്ച് എബോള രോഗികളെ ചികിത്സിപ്പിക്കുന്നു

Posted on: August 13, 2014 6:00 am | Last updated: August 13, 2014 at 12:15 am

ebola3അബുജ: നൈജീരിയയില്‍ നാല് ഇന്ത്യന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിച്ച് എബോള രോഗികളെ ചികിത്സിപ്പിക്കുന്നതായി പരാതി. ഡോക്ടര്‍മാര്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ തൊഴിലുടമകള്‍ പിടിച്ചുവെച്ചതായും ആരോപണമുണ്ട്.
നൈജീരിയയുടെ തലസ്ഥാനമായ അബുജയിലെ പ്രിമുസ് ആശുപത്രിയില്‍ സേവനമനുഷ്ഠിക്കുന്ന യോഗേഷ് ചന്ദ്ര, ദിനേശ് കുമാര്‍, ഹേമന്ത് ജിന്‍ഗാര്‍, കപില്‍ ചൗഹാന്‍ എന്നീ ഡോക്ടര്‍മാര്‍ക്കാണ് ഈ ദുര്‍ഗതിയുണ്ടായത്. ജോലി ഉപേക്ഷിച്ച് പോകുന്നതിനെതിരെ ഇവര്‍ക്ക് ഭീഷണിയുമുണ്ട്. നൈജീരിയയില്‍ എബോള വൈറസ് വ്യാപിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും ഡോക്ടര്‍മാര്‍ ഭയപ്പെടുന്നു.
തങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ ഇന്ത്യന്‍ ഹൈമ്മീഷനെ അറിയിച്ചപ്പോള്‍ എംബസിയിലെത്താനായിരുന്നു ഉപദേശം ലഭിച്ചത്. എംബസിയിലേക്ക് പുറപ്പെട്ടപ്പോള്‍ ആശുപത്രിയുടെ കവാടത്തില്‍ വെച്ച് ഗാര്‍ഡുകള്‍ തിരിച്ചയച്ചതായും ഡോക്ടര്‍മാര്‍ പരാതിപ്പെട്ടു. പ്രാദേശിക ഡോക്ടര്‍മാര്‍ പണിമുടക്കിലായതിനാല്‍ ഇന്ത്യന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിച്ച് ജോലിചെയ്യിക്കുകയാണെന്ന് ഡോ. ചൗഹാന്‍ പറഞ്ഞു. പണിമുടക്കുന്ന തദ്ദേശീയരായ ഡോക്ടര്‍മാര്‍ സമരം പിന്‍വലിക്കാന്‍ വിസമ്മതിക്കുകയാണ്.
ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കുറച്ച് ദിവസം കൂടി സേവനമനുഷ്ഠിക്കാന്‍ ഡോക്ടര്‍മാര്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് നൈജീരിയന്‍ സര്‍ക്കാര്‍ പറയുന്നത്. അതുകഴിഞ്ഞാല്‍ രാജ്യം വിടാന്‍ അവരെ അനുവദിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.