Connect with us

Gulf

കുറ്റാന്വേഷണ വിഭാഗം പുതിയ ആസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു

Published

|

Last Updated

അബുദാബി: കുറ്റാന്വേഷണ വിഭാഗം പുതിയ ആസ്ഥാനത്ത് പ്രവര്‍ത്തനമാരംഭിച്ചു. അല്‍ സആദ സ്ട്രീറ്റില്‍ പോലീസ് ഹെഡ്ക്വാട്ടേഴ്‌സിനു സമീപത്താണ് പുതിയ ആസ്ഥാനം പ്രവര്‍ത്തനമാരംഭിച്ചത്.
യു എ ഇ ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് കുറ്റാന്വേഷണ വിഭാഗത്തിന്റെ പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തത്. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ മുഴുവനാളുകളുടെയും എല്ലാ അര്‍ത്ഥത്തിലുമുള്ള സുരക്ഷക്ക് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്യവേ ശൈഖ് സൈഫ് പറഞ്ഞു.
എട്ട് നിലകളുള്ള പുതിയ ആസ്ഥാനമന്ദിരത്തിലെ, കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളും ലാബുകളും ഉദ്ഘാടനശേഷം ശൈഖ് സൈഫ് നോക്കിക്കണ്ടു. കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങള്‍ക്കായുള്ള ഇലക്‌ട്രോണിക് ലാബ്, സാങ്കേതിക സൗകര്യങ്ങള്‍ എന്നിവ ആഭ്യന്തര മന്ത്രി നിരീക്ഷിച്ചു. പുതിയ സാഹചര്യത്തിലെ ഏതുതരം കുറ്റകൃത്യങ്ങളും തെളിയിക്കുന്നതില്‍ പോലീസിലെ സമര്‍ഥരായ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാനുള്ള സംവിധാനങ്ങളും ആഭ്യന്തര മന്ത്രി സന്ദര്‍ശിച്ചു.
ആഭ്യന്തര മന്ത്രിയുടെ ഓഫീസ് സെക്രട്ടറി ജനറല്‍ ബ്രിഗേഡിയര്‍ നാസര്‍ ലഖ്‌രീബാനി അല്‍ നുഐമി, പോലീസ് ഓപറേഷന്‍ അസി. ഡയറക്ടര്‍ ജനറല്‍ മേജര്‍ ഉമൈര്‍ അല്‍ മുഹൈരി, അബുദാബി പോലീസിലെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. റാശിദ് മുഹമ്മദ് ബുറശീദ് തുടങ്ങിയ അബുദാബി പോലീസ് സേനയിലെ പ്രമുഖ ഉദ്യോഗസ്ഥര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.
ഏറ്റവും ആധുനികമായ സാങ്കേതിക സൗകര്യങ്ങളോടുകൂടിയാണ് പുതിയ ആസ്ഥാനം നിര്‍മിച്ചതെന്നും നഗരത്തിന്റെ ഏതുഭാഗത്തു നിന്നും എളുപ്പത്തില്‍ എത്തിപ്പെടാവുന്ന സ്ഥലത്താണ് ആസ്ഥാനമെന്നും റാശിദ് ബുറശീദ് പറഞ്ഞു.

Latest