Connect with us

Palakkad

പാലക്കാട് മെഡിക്കല്‍ കോളജ് ഉദ്ഘാടനം ഉത്സവമാക്കും

Published

|

Last Updated

പാലക്കാട്: ഗവ. മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടന ചടങ്ങ് പാലക്കാടിന്റെ ഉത്സവമാക്കാന്‍ ഒരുക്കങ്ങളാരംഭിച്ചു. സെപ്തംബര്‍ രണ്ടിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മെഡിക്കല്‍ കോളജ് ഉദ്ഘാടനം ചെയ്യുന്നത്.
ഉദ്ഘാടനത്തിന് മുന്നോടിയായി നഗരം പൂര്‍ണമായും അലങ്കരിക്കും. എല്ലാ മേഖലകളിലുള്ളവരുടെയും സഹകരണം ഉറപ്പാക്കികൊണ്ടുള്ള പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിന്റെ വിജയം ഉറപ്പാക്കാന്‍ വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.
പാലക്കാടിന് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സൗകര്യമാണ് മെഡിക്കല്‍ കോളജിലൂടെ സാക്ഷാത്കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എം എല്‍ എ പറഞ്ഞു. രണ്ടുവര്‍ഷത്തിനകം ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയാവും. മറ്റ് മെഡിക്കല്‍ കോളജുകളിലേതു പോലെ എല്ലാവിധ ആനുകൂല്യങ്ങളും ഇവിടെ നിന്നും ലഭിക്കും. ജില്ലക്ക് പുറത്തുനിന്നുള്ളവര്‍ക്കുകൂടി വിദഗ്ധ ചികിത്സക്ക് പാലക്കാടിനെ ആശ്രയിക്കാന്‍ കഴിയും. മൂന്നുവര്‍ഷത്തിനകം 450 കോടിരൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുകയെന്നും എം എല്‍ എ വ്യക്തമാക്കി.
മെഡിക്കല്‍ കോളജിന്റെ സ്ഥലത്തുതന്നെ ഉദ്ഘാടനം വേണമെന്ന ആവശ്യം ഉയര്‍ന്നു. അവിടെ കുറച്ചുഭാഗം നികത്താനുള്ളതിനാല്‍ അതിന്റെ ചെലവുകൂടി പരിഗണിച്ച ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമാകു. മെഡിക്കല്‍ കോളജില്‍ ഔപചാരിക ഉദ്ഘാടനം നടത്തിയതിനുശേഷം ചെറിയകോട്ടമൈതാനത്ത് പൊതുപരിപാടി നടത്താമെന്നും ആലോചിക്കുന്നുണ്ട്.
ഇന്നലെ ഷാഫി പറമ്പില്‍ എം എല്‍ എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് സ്വാഗതസംഘം രൂപവത്ക്കരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി എന്‍  കണ്ടമുത്തന്‍, ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍, എ  ഡി എം, വകുപ്പു മേധാവികള്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സാമൂഹ്യ-രാഷ്ട്രീയ-വ്യാപാരി സംഘടനാ പ്രതിനിധികള്‍, മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മന്ത്രി എ  പി അനില്‍കുമാറും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനുമാണ് സ്വാഗതസംഘം മുഖ്യരക്ഷാധികാരികള്‍. ജില്ലയിലെ എം പിമാരും എം  എല്‍ എമാരും രക്ഷാധികാരികളാണ്. ഷാഫി പറമ്പില്‍ എം എല്‍ എ ചെയര്‍മാനും ജില്ലാ കലക്ടര്‍ കെ രാമചന്ദ്രന്‍ ജനറല്‍ കണ്‍വീനറുമാണ്.
മെഡിക്കല്‍ കോളജ് സ്‌പെഷ്യല്‍ ഓഫീസറാണ് വര്‍ക്കിംഗ് ചെയര്‍മാന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നഗരസഭ ചെയര്‍മാനും വൈസ് ചെയര്‍മാന്മാരാണ്. ഡി എം ഒ, ആശുപത്രി സൂപ്രണ്ട്, പ്രസ് ക്ലബ് പ്രസിഡന്റ്, വകുപ്പ് മേധാവികള്‍ എന്നിവര്‍ ജോയന്റ് കണ്‍വീനര്‍മാരാണ്. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ജില്ലാ ബാങ്ക് അംഗങ്ങള്‍, സമീപത്തെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ നിര്‍വാഹക സമിതി അംഗങ്ങളാണ്. ജോബി വി ചുങ്കത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരാണ് പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വം വഹിക്കുക. ആര്‍ ടി ഒയുടെ നേതൃത്വത്തില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മിറ്റി പ്രവര്‍ത്തിക്കും.
ഉദ്ഘാടന ചടങ്ങിന്റെ നടത്തിപ്പിലും ജനപങ്കാളിത്തത്തിലും ഉത്സവാന്തരീക്ഷം പകരും. ബാര്‍ അസോസിയേഷന്‍, വ്യാപാരികള്‍, ഡോക്ടര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ പ്രത്യേക യോഗങ്ങള്‍ ഇതിനായി ചേരും.

Latest