കൊള്ളപ്പലിശ; കടക്കെണിയിലായവര്‍ക്ക് ജാമ്യമില്ലാതെ 50,000 രൂപ വരെ വായ്പ

Posted on: August 12, 2014 1:16 am | Last updated: August 12, 2014 at 1:16 am

തിരുവനന്തപുരം: സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് അമിത പലിശക്ക് കടം വാങ്ങി കടക്കെണിയിലായ കുടുംബങ്ങളെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സംസ്ഥാനതല ബേങ്കേഴ്‌സ് സമിതിയുടെ വാര്‍ഷിക അവലോകന യോഗത്തില്‍ ഋണ മുക്തി എന്ന പ്രത്യേക വായ്പാ പദ്ധതി അംഗീകരിച്ചു.
ഷെഡ്യൂള്‍ഡ് ബേങ്കുകളുടെ സംസ്ഥാനത്തെ എല്ലാ ശാഖകളും അവരവരുടെ സേവന പരിധികളില്‍ ഈ പദ്ധതി പ്രകാരം വായ്പകള്‍ നല്‍കും. ബേങ്കിതര സ്ഥാപനത്തിന് തിരിച്ചടക്കേണ്ട യഥാര്‍ഥ വായ്പാ തുകയോ അപേക്ഷകന്റെ ആകെ വാര്‍ഷിക വരുമാനത്തിന്റെ 150 ശതമാനമോ അതില്‍ ഏതാണോ കുറവ് ആ തുക, പരമാവധി 50,000 രൂപയായി വായ്പാ തുക നല്‍കും. ബേങ്കുകള്‍ ഈടാക്കുന്ന അടിസ്ഥാന പരിശ നിരക്കിലാണ് ഈ വായ്പ നല്‍കുന്നത്. ഈ വായ്പ യാതൊരു വിധ ജാമ്യമില്ലാതെയാണ് അനുവദിക്കുന്നത്. വായ്പ അനുവദിക്കുന്ന സമയത്ത് യാതൊരുവിധ പ്രോസസിംഗ് ഫീസും ഈടാക്കുന്നതല്ല.