ഇറാഖില്‍ വ്യോമാക്രമണം ഫലപ്രദം: യു എസ്

Posted on: August 12, 2014 12:02 am | Last updated: August 12, 2014 at 12:30 am

സിഡ്‌നി: ഇറാഖില്‍ ഇസിലിനെതിരെ നടത്തിയ വ്യോമാക്രമണം ഫലപ്രദമാണെന്ന് അമേരിക്ക. ഇറാഖിന് ഏത് വിധത്തിലുമുള്ള സഹായങ്ങള്‍ നല്‍കാന്‍ അമേരിക്ക തയ്യാറാണെന്നും യു എസ് പ്രതിരോധ സെക്രട്ടറി ചക്ക് ഹെഗല്‍ പറഞ്ഞു. കൃസ്ത്യന്‍ ഭുരിപക്ഷ പ്രദേശമായ ഖറാകൂശടക്കം ഇറാഖിലെ നിരവധി മേഖലകളില്‍ ആക്രമണം നടത്തുകയും രണ്ട് ലക്ഷത്തോളം പേരുടെ പലായനത്തിന് കാരണമാകുകയും ചെയ്ത ആക്രമണം നടത്തിയ ഇസിലിനെതിരെ വടക്ക് ഭാഗത്ത് മൂന്ന് ദിവസത്തെ വ്യോമാക്രമണമാണ് അമേരിക്ക ആസൂത്രണം ചെയ്തിരുന്നത്. ഇറാഖിലെ ന്യൂനപക്ഷമായ യാസിദികളില്‍ നിന്ന് പതിനായിരത്തോളം പേരാണ് അഭയാര്‍ഥികളായത്. ഇവര്‍ താമസിക്കുന്ന മൗണ്ട് സിഞ്ചറിനെ രക്ഷിക്കാനാണ് അമേരിക്ക ആക്രമണം നടത്തിയത്.
ആക്രമണം വളരെയധികം ഫലപ്രദമായിന്നുവെന്ന് മുഴുവന്‍ റിപോര്‍ട്ടുകളും തെളിയിക്കുന്നു. ഇറാഖ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തങ്ങള്‍ ആക്രമണം നടത്തിയത്. ഇറാഖ് സര്‍ക്കാര്‍ അമേരിക്കയുമായുണ്ടാക്കിയ സഹകരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അമേരിക്കയുടെ ആക്രമണം. ഇസിലിന്റെ ആക്രമണത്തെ തുടര്‍ന്ന് ഭക്ഷണവും മറ്റു അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിതത്തിലായവര്‍ക്ക് അമേരിക്ക സൈനിക വിമാനത്തില്‍ സഹായമെത്തിച്ചു. അതിനു പുറമെ ഫ്രാന്‍സും ബ്രിട്ടനും സഹായവുമായി മുന്നോട്ട് വന്നുട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രസിഡന്റ് ബരാക് ഒബാമയും ഫ്രഞ്ച് പ്രസിഡന്റ് ഹോലന്‍ഡെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണുമായും ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ സഹായങ്ങള്‍ക്കായി സന്നദ്ധ വിഭാഗങ്ങളെ രൂപവത്കരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതൊരു മാനുഷിക പ്രശ്‌നമായി ലോകം മുഴുവന്‍ പ്രചരിപ്പിക്കുമെന്നും ചക്ക് ഹെഗല്‍ പറഞ്ഞു.