Connect with us

National

രണ്ട് ദശാബ്ദത്തിനു ശേഷം ലാലുവും നിതീഷും ഒരു വേദിയില്‍

Published

|

Last Updated

പാറ്റ്‌ന: ഇരുപത് വര്‍ഷത്തിനു ശേഷം ജെ ഡി യു ദേശീയ നേതാവ് നിതീഷ് കുമാറും ആര്‍ ജെ ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവും ഒരു വേദിയില്‍. ബീഹാറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സഖ്യമായി പ്രവര്‍ത്തിക്കാന്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങള്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പ്രചാരണ വേദിയില്‍ ഇരുവരും ഒന്നിച്ച് പങ്കെടുത്തത്. ഹാജിപൂരിലും മൊഹാദി നഗറിലും നടന്ന രണ്ട് റാലികളിലാണ് രാഷ്ട്രീയത്തിലെ ബദ്ധവൈരികളായിരുന്ന മുന്‍ മുഖ്യമന്ത്രിമാര്‍ ഒരുമിച്ച് പങ്കെടുത്തത്.
ഈ മാസം 21ന് ബീഹാറിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ആര്‍ ജെ ഡി, ജെ ഡി യു, കോണ്‍ഗ്രസ് എന്നിവ സഖ്യമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അടുത്ത വര്‍ഷം നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ നീരീക്ഷകര്‍ വിലയിരുത്തുന്നത്.
ഇരു നേതാക്കളും ആലിംഗനം ചെയ്ത് റാലിയെ അഭിമുഖീകരിച്ചു. ഇന്നലെ നടന്ന രണ്ട് പൊതുയോഗങ്ങള്‍ക്ക് പുറമെ നാര്‍ക്കട്ടിയാഗഞ്ച്, ചപ്ര, മൊഹാനിയ എന്നിവടങ്ങളില്‍ വരും ദിവസങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് യോഗങ്ങളിലും ഇരുവരും പങ്കെടുക്കും. ബീഹാറിലെ ബി ജെ പി സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി നേതാവായ രാം വിലാസ് പാസ്വാനെ അവസരവാദിയെന്നാണ് റാലിയില്‍ ഇരുവരും വിശേഷിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പറയുന്ന നല്ല ദിവസം ഒരിക്കലും വരില്ല. നല്ല ദിവസം ചില ബി ജെ പി നേതാക്കള്‍ക്ക് മാത്രമായിരിക്കും. അത് അവരുടെ സ്വന്തം ദിവസമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.
ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ വിപ്ലവ സമരകാലം മുതല്‍ സോഷ്യലിസ്റ്റ് ചേരിയില്‍ ഒരുമിച്ചു നീങ്ങിയ ലാലുവും നിതീഷും വിരുദ്ധ കേന്ദ്രങ്ങളിലാകുന്നത് 1994ലാണ്. സമതാ പാര്‍ട്ടി രൂപവത്കരിച്ചാണ് നിതീഷ് ജനതാദള്‍ വിട്ടത്. 2003ല്‍ ശരത് യാദവിന്റെ ജെ ഡി യുവില്‍ പാര്‍ട്ടി ലയിക്കുകയായിരുന്നു. 2005 മുതല്‍ എന്‍ ഡി എ സഖ്യകക്ഷിയായിരുന്ന ജനതാദള്‍ യുനൈറ്റഡ്, നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ബി ജെ പി ഏകപക്ഷീയമായി ഉയര്‍ത്തിക്കാട്ടിയതോടെയാണ് മുന്നണി ബന്ധം അവസാനിപ്പിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറിലെ നാല്‍പ്പത് സീറ്റില്‍ 31 സീറ്റുകളാണ് ബി ജെ പിയും സഖ്യ കക്ഷികളും ചേര്‍ന്ന് നേടിയത്. ബി ജെ പി മാത്രം 22 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു.
ഉപതിരഞ്ഞെടുപ്പില്‍ ജെ ഡി യുവും ആര്‍ ജെ ഡിയും നാല് വീതം സീറ്റുകളിലാണ് മത്സരിക്കുന്നത്. രണ്ട് സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കും. ഒമ്പത് സീറ്റുകളിലാണ് ബി ജെ പി മത്സരിക്കുന്നത്. ഒരു സീറ്റില്‍ സഖ്യ കക്ഷിയായ എല്‍ ജെ പി നല്‍കിയിട്ടുണ്ട്.