കടലില്‍ നീന്താനിറങ്ങിയ ഇന്ത്യക്കാരന്‍ മുങ്ങിമരിച്ചു

Posted on: August 11, 2014 8:52 pm | Last updated: August 11, 2014 at 8:52 pm

ഉമ്മുല്‍ ഖുവൈന്‍: സുഹൃത്തുക്കളോടൊപ്പം ബീച്ചില്‍ നീന്താനിറങ്ങിയ 39 കാരനായ ഇന്ത്യക്കാരന്‍ മുങ്ങിമരിച്ചതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് ഉമ്മുല്‍ ഖുവൈന്‍ ബീച്ചില്‍ ഇന്ത്യക്കാരന്‍ മുങ്ങിമരിച്ചത്.
വെള്ളത്തില്‍ മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കളാണ് വിവരം പോലീസിലറിയിച്ചത്. പോലീസും ആംബുലന്‍സും തീരസുരക്ഷാ സേനയും എത്തുമ്പോഴേക്കും ഇയാളെ സുഹൃത്തുക്കള്‍ കരക്കെത്തിച്ച് പ്രാഥമിക പരിചരണം നല്‍കിയിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.
സുഹൃത്തുക്കളോട് അന്വേഷണം നടത്തിയ പോലീസ് മരണത്തില്‍ ദുരൂഹതയില്ലെന്നറിയിച്ചു. മൃതദേഹം പോലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍പെടുന്നവരെ കണ്ടെത്താന്‍ പ്രയാസമാകുന്നതിനാല്‍ രാത്രി സമയങ്ങളില്‍ കടലില്‍ നീന്തുന്നതുള്‍പ്പെടെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടെരുതെന്ന് പൊതുജനങ്ങളെ പോലീസ് ഉപദേശിച്ചു.