അഭിപ്രായഭിന്നത രൂക്ഷം: ലീഗ് ജില്ലാ സെക്രട്ടറി രാജിവെച്ചു

Posted on: August 11, 2014 10:41 am | Last updated: August 11, 2014 at 10:41 am

leagueപട്ടാമ്പി:കൊപ്പം പഞ്ചായത്ത് ആമയൂര്‍ കിഴക്കേകര ചേമ്പ്രക്കുന്നില്‍ ക്രഷര്‍ യൂണിറ്റിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ലീഗിനുള്ളില്‍ അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വന്നു. ലീഗ് ജില്ലാ സെക്രട്ടറി എന്‍ പി മരക്കാര്‍ സ്ഥാനം രാജിവെച്ചു.
നിയോജക മണ്ഡലം സെക്രട്ടരി ഇ മുസ്തഫ കഴിഞ്ഞയാഴ്ച സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മരക്കാരുടെ രാജി. ആരോഗ്യ കാരണങ്ങളാലാണ് രാജിയെന്നാണ് മരക്കാര്‍ പറയുന്നതെങ്കിലും ആമയൂര്‍ കിഴക്കേകര ചേമ്പ്രക്കുന്നില്‍ ക്രഷര്‍ യൂണിറ്റിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് രാജിക്ക് പിന്നിലെന്ന് അറിയുന്നു. ലീഗ് വനിതാ അംഗം കൂടിയായ കെ പി ധന്യയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ‘രണസമിതി ക്രഷറിന് എന്‍ ഒ സി നല്‍കിയതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ലീഗ് ജില്ലാ കമ്മിറ്റിയും നിയോജക മണ്ഡലം കമ്മിറ്റിയും ക്രഷറിന് എന്‍ഒസി നല്‍കരുതെന്നാണ് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നത്. പാര്‍ട്ടി വിപ്പ് ലംഘിച്ച് ക്രഷറിന് അനുമതി നല്‍കിയതില്‍ ലീഗിനുള്ളില്‍ പഞ്ചായത്തംഗങ്ങള്‍ക്കെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. അച്ചടക്കവിരുദ്ധമായി പ്രവര്‍ത്തിച്ചവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം എന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. ഇതേ തുടര്‍ന്ന് ജില്ലാ സെക്രട്ടറി എന്‍. പി. മരക്കാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാനിരിക്കെയാണ് മരക്കാരുടെ രാജി. വിഷയത്തില്‍ ലീഗ് കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി അബദുസ്സമദ്, ജനറല്‍സെക്രട്ടറി കെ മുസ്തഫ എന്നിവരും സ്ഥാനം രാജിവെച്ചതായാണ് വിവരം.
പാര്‍ട്ടിയുടെ നടപടി വരുമെന്ന് മുന്നില്‍ കണ്ടാണ് ഇവര്‍ രാജിവെച്ചതെന്നാണ് സൂചന. കിഴക്കേകരയിലെ ലീഗ് പ്രവര്‍ത്തകരും നാട്ടുകാരും ക്രഷറിന് അനുമതി നല്‍കുന്നതിന് എതിരായിരുന്നു. വാര്‍ഡ് അംഗം സുലൈഖയുടെ നേതൃത്വത്തില്‍ ക്രഷറിനെതിരായി ജനകീയ സമരസമിതിയും രൂപവത്കരിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ലീഗ് ജില്ലാ കമ്മിറ്റി ക്രഷറിന് അനുമതി നല്‍കരുതെന്ന് പഞ്ചായത്തിനോട് ആവശ്യപ്പെട്ടത്. ലീഗ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം മറികടന്ന് ലീഗ് ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ള പഞ്ചായത്ത് അംഗങ്ങള്‍ ക്രഷറിന് അനുമതി നല്‍കാനുള്ള ബോര്‍ഡ് തീരുമാനത്തെ പിന്തുണച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മൂന്ന് ലീഗ് അംഗങ്ങള്‍ ബോര്‍ഡ് യോഗത്തില്‍ നിന്നും വിട്ട്‌നിന്നിരുന്നു. പാര്‍ട്ടി വിപ്പ് ലംഘിച്ച് വിവാദ ക്രഷര്‍ യൂണിറ്റിന് അനുമതി നല്‍കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നിയോജക മണ്ഡലം സെക്രട്ടറി ഇ. മുസ്തഫ കഴിഞ്ഞയാഴ്ചയാണ് രാജി വെച്ചത്.
പാര്‍ട്ടിയിലെ പ്രബലരായ നേതാക്കളാണ് രാജിവെച്ച പലരും. വിഷയത്തില്‍ ലീഗിനുളളില്‍ അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വന്നതോടെ കൂടുതല്‍ രാജിയുണ്ടാകുമെന്നാണ് അറിയുന്നത്.