Connect with us

Kozhikode

മോഷണത്തിന് പിന്നില്‍ വീട്ടുടമസ്ഥന്റെ ബന്ധുവെന്ന് പോലീസ്

Published

|

Last Updated

മഞ്ചേരി: പയ്യനാട് ചെറുകുളം കൊയിലാണ്ടി കുന്നേങ്ങല്‍ ഉമ്മറിന്റെ വീട് കുത്തി തുറന്ന് മോഷണം നടത്തുകയും വീടിന് നാശ നഷ്ടം വരുത്തുകയും ചെയ്ത കേസില്‍ പോലീസ് തെളിവെടുപ്പ് നടത്തി. വീട്ടില്‍ നിന്ന് രണ്ട് ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവ മോഷ്ടിച്ച കേസിലെ പ്രതികളായ തലശ്ശേരി പാനൂര്‍ പുത്തന്‍വീട്ടില്‍ ഉബൈദുല്ല (32), താമരശ്ശേരി പൂനൂര്‍ വട്ടപ്പൊയില്‍ ആദില്‍ ഖാന്‍ (20) എന്നിവരെയാണ് സംഭവ സ്ഥലത്ത് കൊണ്ടുവന്ന് മഞ്ചേരി പോലീസ് തെളിവെടുപ്പ് നടത്തിയത്.
2014 മാര്‍ച്ച് 14ന് ഉമ്മറും കുടുംബവും കൊണ്ടോട്ടിയിലെ ബന്ധുവീട്ടില്‍ വിവാഹത്തിനു പോയ സമയത്തായിരുന്നു കവര്‍ച്ച. ഉമ്മറിന്റെ ഭാര്യാസഹോദരിയുടെ മകന്‍ മന്‍സൂറിന്റെ ഒത്താശയോടെയായിരുന്നു മോഷണം അരങ്ങേറിയതെന്ന് പോലീസ് പറഞ്ഞു. മോഷണം നടന്ന വീടിന്റെ പരിസരത്തുള്ള വീടുകളിലും സംഭവ ദിവസം ആളുണ്ടായിരുന്നില്ല. എന്നാല്‍ ആ വീടുകളിലൊന്നും മോഷണം നടക്കാത്തതിനാല്‍ ബന്ധുക്കളുടെ സഹായം മോഷണത്തിനുണ്ടാകുമെന്ന് സംശയം ബലപ്പെട്ടു.
ഉമ്മറിന്റെ ഭാര്യാസഹോദരി മകനും കോഴിക്കോട് സ്വദേശിയുമായ മന്‍സൂര്‍ ആണ് മോഷണത്തിനായി വീട് കാണിച്ചുകൊടുത്തതെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്‍ കൊണ്ടോട്ടിയിലെ ബന്ധുവീട്ടിലേക്ക് നിക്കാഹില്‍ പങ്കെടുക്കാന്‍ പോയ വിവരം മന്‍സൂറിന് അറിയാമായിരുന്നു. മോഷണം നടത്താന്‍ മന്‍സൂറിന് പ്രതികളെ പരിചയപ്പെടുത്തികൊടുത്തത് മഞ്ചേരി പുല്ലാര സ്വദേശിയായ മുസ്തഫയുമായിരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിലെ നിരവിധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. മറ്റു മോഷണങ്ങള്‍ നടത്താന്‍ വാഹനങ്ങളില്‍ പെട്രോള്‍ നിറക്കാനും മറ്റു ചെലവുകള്‍ക്കുമാണ് മന്‍സൂര്‍ സ്വന്തം എളാമ്മയുടെ വീട് കാണിച്ചുകൊടുത്തത്.
മോഷണം നടന്നതിന്റെ തൊട്ടടുത്ത ദിവസം പ്രതികളും മന്‍സൂറും മുസ്തഫയും കൊണ്ടോട്ടിയില്‍വെച്ച് കണ്ടുമുട്ടുകയും മോഷണമുതല്‍ വീതംവെക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മാത്രമാണ് മോഷ്ടിക്കപ്പെട്ടതെന്ന് സംഘത്തിന്റെ മറുപടി വിശ്വസിക്കാന്‍ ഇവര്‍ ഒരുക്കമായിരുന്നില്ല. ഇക്കാര്യത്തില്‍ മന്‍സൂറിനെ വകവരുത്താനും സംഘം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് മുസ്തഫ തൊട്ടടുത്ത ദിവസം കൊയിലാണ്ടിയിലെ വീട്ടിലേക്ക് വിളിച്ച് നഷ്ടപ്പെട്ട സാധനങ്ങള്‍ എന്തെല്ലാമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഈ പദ്ധതി ഒഴിവാക്കിയതെന്നും പോലീസ് പറഞ്ഞു. അതെസമയം മന്‍സൂറിനെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാല്‍ ഈ അന്വേഷണത്തിന് പലരും സഹകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
പ്രതികളെ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഉമ്മറിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഡി ജി പിയുടെ നിര്‍ദേശ പ്രകാരം ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികളെ മറ്റൊരു കേസില്‍ ചേവായൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കവച്ചാകേസിന് തുമ്പായത്.
മോഷണം പോയ മൊബൈല്‍ ഫോണ്‍ സംഭവ ദിവസം താമരശ്ശേരി പൂനൂര്‍ ടവര്‍ പരിധിയില്‍ ഉപയോഗിച്ചിരുന്നതായി സൈബര്‍സെല്‍ സഹായത്തോടെ പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തില്‍ ഉബൈദുല്ല, ആദില്‍ഖാന്‍, തൃശൂര്‍ സ്വദേശി വെള്ള ഷിബു എന്നിവരുടെ പങ്കിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചു. ഇവരെ മഞ്ചേരി പോലീസ് നിരീക്ഷിച്ചു വരുന്നതിനിടെയാണ് ചേവായൂരില്‍ കവര്‍ച്ച ശ്രമത്തിനിടെ പിടിയിലായത്. തലശ്ശേരി ബിവറേജസ് ഔട്ട്‌ലറ്റില്‍ കവര്‍ച്ചക്കേസിലെ പ്രതി വെള്ള ഷിബുവാണ് മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പാനൂരിലെ കടയില്‍ വില്‍പ്പന നടത്തിയതെന്നും പോലീസ് പറഞ്ഞു.
കോഴിക്കോട് ലോഡ്ജില്‍ മുറിയെടുത്തായിരുന്നു കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നത്. ആഡംബര കാറില്‍ സഞ്ചരിച്ചായിരുന്നു മോഷണം. കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ആദില്‍ഖാനെയും ഉബൈദുല്ലയെയും കോടതി ഉത്തരവ് പ്രകാരം പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഷിബുവിന്റെ പങ്ക് തെളിഞ്ഞത്. രണ്ട് ലാപ്‌ടോപ്പുകളും ആദില്‍ഖാന്റെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കൊണ്ടോട്ടി ലോഡ്ജില്‍ മുറിയെടുത്ത് മന്‍സൂറും മുസ്തഫയും കുഴല്‍പ്പണ കവര്‍ച്ചയും മോഷണവും ആസുത്രണം ചെയ്തിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്.
ഡി വൈ എസ് പി എസ് അഭിലാഷിന്റെ നിര്‍ദേശ പ്രകാരം സി ഐ സണ്ണി ചാക്കോ, എസ് ഐ സി കെ നാസര്‍, സി പി ഒ മാരായ ഹസൈനാര്‍, ഉണ്ണികൃഷ്ണന്‍, സഞ്ജീവ്, അനൂപ്, സബൂര്‍, എടക്കര സ്റ്റേഷനിലെ ഷാഫി എന്നിവരാണ് പ്രതികളെ തെളിവെടുപ്പിനു കൊണ്ടുവന്നത്. പ്രതികളെ കാണാന്‍ വന്‍ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.

---- facebook comment plugin here -----

Latest