Connect with us

Kerala

ടയര്‍ ക്ഷാമം: ലാഭത്തിലോടുന്ന കെ എസ് ആര്‍ ടി സി ബസുകളും കട്ടപ്പുറത്തേക്ക്

Published

|

Last Updated

KSRTC-LOGOകണ്ണൂര്‍: ടയര്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ലാഭത്തിലോടുന്ന കെ എസ് ആര്‍ ടി സി സര്‍വീസുകളും നിലക്കുന്നു. വടക്കന്‍ ജില്ലകളില്‍ വിവിധ ഡിപ്പോകളിലായി ടയറിന് കേടുപറ്റിയതിനാല്‍ മാത്രം നൂറ് കണക്കിന് ബസുകളാണ് നിത്യേന കട്ടപ്പുറത്താകുന്നത്. ഓരോ ദിവസവും ഓരോ ഡിപ്പോയിലും കേടുപാടുകള്‍ തീര്‍ക്കുന്നതിനായി പത്ത് ശതമാനം ബസുകളാണെത്തിച്ചേരേണ്ടത്.

റണ്ണിംഗ് റിപ്പയറിംഗിനായെത്തുന്ന ഇത്തരം ബസുകളില്‍ ഒരു മണിക്കൂര്‍ കൊണ്ട് നന്നാക്കാനാവുന്നതോ ഒരാഴ്ച കൊണ്ട് കേടുപാടുകള്‍ തീര്‍ക്കാനാവുന്നതോ ആയവയാണുണ്ടാകുക. ഇവയില്‍ ടയറിന് കേടുപാട് പറ്റിയെത്തുന്ന ബസുകളെ ഉടന്‍ തന്നെ അപാകം തീര്‍ത്ത ശേഷം സര്‍വീസിനയക്കാറുണ്ടായിരുന്നു. ബസുകള്‍ക്ക് വേണ്ടുന്ന മറ്റ് സ്‌പെയര്‍പാര്‍ട്‌സിന് ക്ഷാമം സംഭവിച്ചാലും ടയറില്ലെന്ന കാരണത്തില്‍ സര്‍വീസ് മുടക്കാറില്ല. എന്നാല്‍ കഴിഞ്ഞ നാല് മാസമായാണ് സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ പ്രത്യേകിച്ചും വടക്കന്‍ ജില്ലകളില്‍ ടയര്‍ക്ഷാമം മൂലം ബസുകള്‍ കട്ടപ്പുറത്തായിത്തുടങ്ങിയത്. ടയറിനും സ്‌പെയര്‍പാട്‌സിനുമെല്ലാമായി പ്രതിമാസം ആറ് കോടിയായിരുന്നു കെ എസ് ആര്‍ ടി സി നീക്കിവെച്ചിരുന്നത്. ബസുകളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ പത്ത് കോടിയെങ്കിലുമായി ചെലവ് വര്‍ധിച്ചു. എന്നാല്‍, നേരത്തെ നീക്കിവെക്കാറുള്ള ആറ് കോടി പോലും നല്‍കാത്ത സ്ഥിതിയാണ് ഏതാനും മാസമായുള്ളത്. കഴിഞ്ഞ നാല് മാസമായി ഇത്തരത്തില്‍ കൃത്യമായി പണം ലഭിക്കാത്തതിനാല്‍ എല്ലാ ഡിപ്പോയിലേക്കും ടയര്‍ വാങ്ങി നല്‍കാനുള്ള സംവിധാനവും നിലച്ചു. നൈലോണ്‍ ടയറിന് 30,000 കിലോമീറ്ററും റേഡിയല്‍ ടയറിന് 50,000 കിലോമീറ്ററുമാണ് കാലപരിധി. നിശ്ചിത പരിധി കഴിഞ്ഞ ടയര്‍ ഉപയോഗിച്ചുള്ള ബസുകള്‍ സര്‍വീസ് നടത്തരുതെന്നാണ് നിയമം. അതുകൊണ്ടു തന്നെ ടയറിന്റെ കാലപരിധി കഴിഞ്ഞ നിരവധി ബസുകള്‍ ഡിപ്പോകളില്‍ കയറ്റിയിട്ടിരിക്കുകയാണ്. മലമ്പ്രദേശങ്ങളിലടക്കം റോഡുകള്‍ തകര്‍ന്നതും ബസുകളുടെ ടയറിന്റെ തേയ്മാനം വേഗത്തിലാക്കുന്നുണ്ട്.
കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളുള്‍പ്പെടുന്ന കോഴിക്കോട് മേഖലാ പരിധിയില്‍ മാത്രം ഇന്നലെ 140 ബസുകളാണ് ഇങ്ങനെ ടയര്‍ കേടായതിനാല്‍ കട്ടപ്പുറത്തായത്. കെ എസ് ആര്‍ ടി സിക്ക് മലബാറില്‍ ഏറ്റവുമധികം സാമ്പത്തിക ലാഭം ലഭിക്കുന്ന സര്‍വീസുകളില്‍ പ്രധാനം കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ടൗണ്‍ ടു ടൗണ്‍ സര്‍വീസുകളാണ്. നിസ്സാരമായി പരിഹരിക്കാവുന്ന ടയര്‍പ്രശ്‌നം തീര്‍ക്കാതിരുന്നതിനാല്‍ ഓരോ ദിവസവും സര്‍വീസ് ഒഴിവാക്കുന്ന ബസുകളുടെയെണ്ണം ഈ മേഖലയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതുവഴി കെ എസ് ആര്‍ ടി സി ക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതായി ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

Latest