Connect with us

Articles

അന്താരാഷ്ട്ര സമൂഹമെന്ന അശ്ലീലം

Published

|

Last Updated

അന്താരാഷ്ട്ര സമൂഹം എന്ന് വെച്ചാല്‍ എന്താണ്? ആരാണ് അതിന്റെ നേതാവ്? എവിടെയാണ് അതിന്റെ ആസ്ഥാനം? എന്താണ് അതിന്റെ പരിപാടി? ലഭ്യമായതില്‍ വെച്ച് ഏറ്റവും ആധികാരികമെന്ന് മേനി പറയാവുന്ന അന്താരാഷ്ട്ര സംഘടനയായ യു എന്നിന് ഈ അന്താരാഷ്ട്ര സമൂഹത്തില്‍ വല്ല റോളുമുണ്ടോ? ഒട്ടുമില്ല. യു എന്നിനും മുകളിലാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ സ്ഥാനം. ഇന്റര്‍നാഷനല്‍ കമ്യൂണിറ്റി ഇടപെടാന്‍ വൈകിയെന്നാണല്ലോ യു എന്‍ അധികാരികള്‍ തന്നെ പറയാറുള്ളത്.
ഇന്ത്യയെപ്പോലുള്ള വമ്പന്‍ ജനാധിപത്യ രാജ്യങ്ങള്‍ക്കോ ചൈനക്കോ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കോ അന്താരാഷ്ട്ര സമൂഹത്തില്‍ ശബ്ദമില്ല. ഉണ്ടെങ്കില്‍ തന്നെ പല വിധ താത്പര്യങ്ങളുടെ പുറത്ത് മിണ്ടില്ല. ആഫ്രിക്കന്‍ രാജ്യങ്ങളുടെ കാര്യം പറയുകയേ വേണ്ട. അറബ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹത്തിന്റെ തീര്‍പ്പിന് ഇരയാകേണ്ട അനുയായികള്‍ മാത്രമാണ്. ഇങ്ങനെയങ്ങ് ഗ്രൂപ്പില്‍ പെടാത്തവയെ മുഴുവന്‍ ഒഴിവാക്കി കഴിഞ്ഞാല്‍ അമേരിക്കയും അവരോട് ഒട്ടി നില്‍ക്കുന്ന ഏതാനും സമ്പന്ന പാശ്ചാത്യ രാജ്യങ്ങളും അവശേഷിക്കും. അവരാണ് ഈ അന്താരാഷ്ട്ര സമൂഹക്കാര്‍. അവര്‍ അവരുടെ താത്പര്യങ്ങള്‍ക്കായി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇംഗിതമായി മാറും. ഒരു അന്താരാഷ്ട്ര കോടതിയിലും ചോദ്യം ചെയ്യപ്പെടാനാകാത്ത ശരിയായി ഇവര്‍ കാട്ടിക്കൂട്ടുന്ന ക്രൂരതകള്‍ പരിണമിക്കും. നോം ചോംസ്‌കി ഇതേക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. എവിടെയും തോന്നിയ പോലെ കയറി ഇടപെടാനുള്ള ലൈസന്‍സായി ഈ അന്താരാഷ്ട്ര സമൂഹം സൃഷ്ടിച്ചെടുത്ത തത്വമാണ് “റസ്‌പോണ്‍സിബിലിറ്റി ടു പ്രൊട്ടക്ട”്. ഏതെങ്കിലും ഒരു രാജ്യം അവിടുത്തെ ജനങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അന്താരാഷ്ട്ര സമൂഹത്തിന് നോക്കി നില്‍ക്കാനാകില്ലെന്നതാണ് ഈ തത്വത്തിന്റെ വാക്യാര്‍ഥം. പഴയ കൊളോണിയല്‍ തത്വമായ ദൈവദത്ത സിദ്ധാന്തത്തിന്റെ തുടര്‍ച്ച തന്നെയാണ് അത്. ഏതെങ്കിലും രാജ്യത്ത് സ്വന്തം താത്പര്യങ്ങള്‍ ഹനിക്കപ്പെട്ടാല്‍ പാഠം പഠിപ്പിക്കുമെന്നതാണ് ഈ തത്വത്തിന്റെ ആന്തരാര്‍ഥം.
ഈ ആന്തരാര്‍ഥം മനസ്സിലാക്കണമെങ്കില്‍ ഗദ്ദാഫി അനന്തര ലിബിയയിലേക്ക് നോക്കിയാല്‍ മതി. 2011 മാര്‍ച്ചില്‍ യു എന്‍ രക്ഷാ സമിതി പാസ്സാക്കിയ പ്രമേയം 1973ന്റെ പിന്‍ബലത്തിലാണ് അമേരിക്കയും കൂട്ടരും ലിബിയയില്‍ കയറി നിരങ്ങിയത്. അന്ന് രക്ഷാസമിതിയില്‍ 10 വോട്ടുകളാണ് പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. ചൈനയും റഷ്യയും അടക്കം അഞ്ച് അംഗങ്ങള്‍ വിട്ടുനിന്നു. എന്ന് വെച്ചാല്‍ നേരത്തേ കണ്ട അന്താരാഷ്ട്ര സമൂഹം ലിബിയന്‍ ജനതയുടെ സംരക്ഷണ ചുമതല ഏറ്റെടുത്തു. മുഅമ്മര്‍ ഗദ്ദാഫിയെന്ന “ഏകാധിപതി” യെ തറപറ്റിക്കാന്‍ ആയുധമെടുത്ത, വിരുദ്ധ ധ്രുവങ്ങളില്‍ കഴിയുന്ന, എല്ലാ ഗ്രൂപ്പുകള്‍ക്കും ആവശ്യത്തിലധികം ആയുധങ്ങള്‍ നല്‍കി പരോക്ഷമായും ആകാശത്ത് നിന്ന് ബോംബ് മഴ പെയ്യിച്ച് പ്രത്യക്ഷമായും ലിബിയയെ “രക്ഷിക്കാന്‍” തുടങ്ങി. ഒടുവില്‍ മിസ്‌റാത്തയിലെ ഇറച്ചിക്കടയില്‍ ഗദ്ദാഫി മയ്യിത്തായി കിടന്നതോടെ ദൗത്യം അവസാനിച്ചു. എല്ലാ ഗദ്ദാഫി വിരുദ്ധ ഗ്രൂപ്പുകളും ഏകോദരസഹോദരങ്ങളായി ആനന്ദനൃത്തം ചവിട്ടുന്ന തക്കം നോക്കി പാശ്ചാത്യര്‍ സ്ഥലം വിട്ടു. വിമതരുടെ കൂട്ടായ്മയായ ദേശീയ പരിവര്‍ത്തന കൗണ്‍സില്‍ (എന്‍ ടി സി) ഭരിച്ചു കൊള്ളുമെന്നായിരുന്നു അന്താരാഷ്ട്രക്കാര്‍ക്ക് കൊടുത്ത ഉറപ്പ്. ഇസ്‌ലാമിസ്റ്റുകളുടെ നേതൃത്വത്തില്‍ ഭരിക്കാന്‍ ഒരു ഏര്‍പ്പാടൊക്കെയുണ്ടാക്കി. തലസ്ഥാനം തീരുമാനിക്കാന്‍ തന്നെ ഏറെ സമയമെടുത്തു. ഗദ്ദാഫിയെ ശിക്ഷിക്കാനിറങ്ങിയവരില്‍ പ്രമുഖ ഗ്രൂപ്പുകളുടെയെല്ലാം ആസ്ഥാനം ബെന്‍ഗാസിയായിരുന്നു. അവര്‍ക്ക് തലസ്ഥാനമായി ബെന്‍ഗാസി തന്നെ വേണം. മറ്റേ കൂട്ടര്‍ക്ക് ട്രിപ്പോളിയില്‍ തന്നെയാണ് കണ്ണ്. വലിയ തര്‍ക്കത്തിനൊടുവില്‍ ട്രിപ്പോളി തന്നെ തീരുമാനിച്ചു. അവിടെ തുടങ്ങിയ അടി ഇന്നും തുടരുകയാണ്. പ്രധാനമന്ത്രിമാര്‍ പലവട്ടം മാറി. പാര്‍ലിമെന്റ് ചേരാന്‍ പോലുമാകാത്ത സ്ഥിതി.
ഗദ്ദാഫിക്കെതിരെ ആശയതലമൊരുക്കിയ ആക്ടിവിസ്റ്റുകളെല്ലാം ഇന്ന് കടുത്ത നിരാശയിലാണ്. ഗദ്ദാഫിയുടെ കാലത്ത് ഉണ്ണാനും ഉടുക്കാനുമുണ്ടായിരുന്നു, വെളിച്ചവും വെള്ളവുമുണ്ടായിരുന്നു, കറന്‍സിക്ക് മൂല്യമുണ്ടായിരുന്നു, രാഷ്ട്രത്തിന്റെ എണ്ണസമ്പത്ത് സ്വന്തം ജനതക്ക് ഉപകരിച്ചിരുന്നു. ഇന്ന് സ്ഥിതിയാകെ മാറി. ശിഥീലീകരണത്തിന്റ അങ്ങേത്തലക്കലാണ് രാജ്യം. “ഞങ്ങളുടെ സ്ഥിതി മഹാ കഷ്ടമാണ്. ബോംബിംഗും വെടിയൊച്ചകളും നിലച്ച നേരമില്ല. ഭക്ഷണവും മരുന്നും കിട്ടാതെ ജനം വലയുന്നു” മുല്ലപ്പൂ വിപ്ലവത്തിനായി ഇന്റര്‍നെറ്റില്‍ പരാഗണം നിര്‍വഹിച്ച ആക്ടിവിസ്റ്റായ അഹ്‌ലം ബെന്‍ താബൂന്‍ പറയുന്നു. അന്ന് ജനങ്ങളെ ഇളക്കി വിട്ടതില്‍ പ്രധാന പങ്ക് വഹിച്ച യു എസ് സ്ഥാനപതി ക്രിസ്റ്റിഫര്‍ സ്റ്റീവന്‍സ് കൊല്ലപ്പെട്ടു.
അമേരിക്കക്കാരും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരുമെല്ലാം എംബസികള്‍ പൂട്ടി താക്കോലുമായി കടന്ന് കളഞ്ഞിരിക്കുന്നു. രാഷ്ട്രീയ നേതാക്കളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും വധിക്കുന്നതും തട്ടിക്കെണ്ടുപോകുന്നതും നിത്യ സംഭവമാണ്. ട്രിപ്പോളിയിലെ പ്രധാന വിമാനത്താവളം മിലീഷ്യകളുടെ (സായുധ സംഘങ്ങളുടെ) പിടിയിലാണ്. മിസ്‌റാത്തയില്‍ നിന്നുള്ള സംഘങ്ങളും മുമ്പ് സി ഐ എയുടെ ചാരനായിരുന്ന ഖാലിഫാ ഹഫ്തറെ പിന്തുണക്കുന്ന ഗ്രൂപ്പുകളും തമ്മില്‍ ഇവിടെ രൂക്ഷ ഏറ്റമുട്ടല്‍ നടക്കുന്നു. വിദേശ എംബസികളെല്ലാം സ്ഥിതി ചെയ്യുന്ന ബന്‍ഗാസിയിലെയും സ്ഥിതി ഇതാണ്. ജനറല്‍ ഹഫ്തറുടെ സ്വയം പ്രഖ്യാപിത ലിബിയന്‍ ദേശീയ സൈന്യവും ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പായ അന്‍സാര്‍ അല്‍ ശരീഅയുടെ സംഘവും തമ്മിലാണ് ബന്‍ഗാസിയില്‍ പോര്. കടകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ്. പണം കൊടുത്താലും സാധനങ്ങള്‍ കിട്ടാനില്ല. വെറും മൂന്ന് മണിക്കൂര്‍ മാത്രമാണ് വൈദ്യുതി ഉള്ളത്. എന്നാല്‍ രാഷ്ട്രീയ പ്രക്രിയ വിധിയാം വണ്ണം നടക്കുന്നുണ്ടെന്നാണ് ഇസ്‌ലാമിസ്റ്റ് സര്‍ക്കാറിന്റെ വാദം. ഇതിന് തെളിവായി കഴിഞ്ഞ മാസം നടന്ന പൊതു തിരഞ്ഞെടുപ്പാണ് ഇടക്കാല പ്രധാനമന്ത്രിയും ഇസ്‌ലാമിസ്റ്റ് നേതാവുമായ അബ്ദുല്ലാ അല്‍ സനി ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ പകുതിയിടത്തും വോട്ടെടുപ്പ് നടന്നില്ല. മിലീഷ്യകള്‍ സമ്മതിച്ചില്ലെന്നതാണ് പ്രശ്‌നം. കൃത്യമായ ഒരു രാഷ്ട്രീയ പരിഹാരവും പാര്‍ലിമെന്റിന്റെയോ സര്‍ക്കാറിന്റെയോ കൈയിലില്ല. പ്രധാനമന്ത്രിയുടെ നിലതന്നെ പരുങ്ങലിലാണ്. അല്‍ സനി രാജി നല്‍കിയിരിക്കുകയാണ്. തന്റെ ബന്ധുക്കള്‍ സായുധ ആക്രമത്തില്‍ കൊല്ലെട്ടതോടെയാണ് അദ്ദേഹം പണി നിര്‍ത്തിയത്. ഇപ്പോള്‍ വെറും കാവല്‍ പ്രധാനമന്ത്രി. മറ്റേത് ആഫ്രിക്കന്‍ രാജ്യത്തെയും പോലെ ലിബിയയിലും തീര്‍ത്തും വിരുദ്ധ ധ്രുവങ്ങളില്‍ നിലകൊള്ളുന്ന ഗോത്ര വിഭാഗങ്ങള്‍ ഒരു യാഥാര്‍ഥ്യമാണ്. ഈ യാഥാര്‍ഥ്യത്തെ അംഗീകരിച്ചും അവരെ ചിലപ്പോള്‍ ഭീഷണിപ്പെടുത്തിയും ചിലപ്പോള്‍ പ്രീണിപ്പിച്ചും ഒരു തരം സംതുലനം സാധ്യമാക്കാന്‍ ഗദ്ദാഫിക്ക് സാധിച്ചിരുന്നു. ഗദ്ദാഫിയുടെ പതനവും അതിലേക്ക് നയിച്ച സംയുക്ത സൈനിക നടപടികള്‍ക്കിടെ കരഗതമായ ആയുധങ്ങളും ഈ മിലീഷ്യകളെ ഒന്നാകെ വിഷസര്‍പ്പങ്ങളാക്കിയിരിക്കുന്നു. ഇവക്കെല്ലാം അവരവരുടെതായ ഇത്തിരി വട്ടത്തില്‍ ജനപിന്തുണയുണ്ടെന്നതാണ് സത്യം.
ആഭ്യന്തര പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തണമേ എന്ന് അബ്ദുല്ലാ അല്‍ സിനി യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയോട് കേണപേക്ഷിച്ചുവെന്നതാണ് ഏറ്റവും പുതിയ ലോകവിശേഷം. അതിന് കെറി നല്‍കിയ മറുപടി ഇതാണ്: “ലിബിയയുടെ വെല്ലുവിളികള്‍ യഥാര്‍ഥത്തില്‍ പരിഹരിക്കാന്‍ സാധിക്കുക ലിബിയക്കാര്‍ക്ക് മാത്രമാണ്” എത്ര ജനാധിപത്യപരമായ മറുപടി. എന്നാല്‍ അതേ അമേരിക്ക എന്ത്‌കൊണ്ട് 2011ല്‍ ഇടപെട്ടു? അന്ന് ഗദ്ദാഫിയെ നശിപ്പിക്കേണ്ടത് അവരുടെ അടിയന്തര ആവശ്യമായിരുന്നു. ഇന്നത്തെ ലിബിയ തന്നെയായിരുന്നു അവരുടെ ലക്ഷ്യം. ലിബിയന്‍ തീരത്ത് നങ്കുരമിട്ട ഏത് കപ്പലിനും തുച്ഛ വിലക്ക് എണ്ണ കടത്തിക്കൊണ്ടു പോകാവുന്ന സാഹചര്യമാണ് അവര്‍ കൊതിച്ചത്. അത് തന്നെയാണ് സംഭവിച്ചിരിക്കുന്നത്. സംരക്ഷണ തത്വത്തിന് ഇനി പ്രസക്തിയില്ല. ഇപ്പോള്‍ ലിബിയന്‍ സിവിലിയന്‍മാരുടെ ജീവന്‍ മുമ്പത്തേക്കാള്‍ അപകടത്തിലാണ്. അവരെ സംരക്ഷിക്കാന്‍ അവിടുത്തെ സര്‍ക്കാര്‍ അശക്തവുമാണ്. അന്താരാഷ്ട്ര സമൂഹം തുനിഞ്ഞിറങ്ങാത്തതെന്തേ? പകരം സ്വന്തം പൗരന്‍മാരെ മുഴുവന്‍ ലിബിയയില്‍ നിന്ന് പിന്‍വലിക്കുന്ന തിരക്കിലാണ് അവര്‍.
എണ്ണ സമ്പന്നമായ ഓരോ രാജ്യത്തെയും അവയോട് ചേര്‍ന്ന തന്ത്രപ്രധാനമായ ഭൂവിഭാഗങ്ങളെയും ശിഥിലമാക്കുകയെന്ന വിശാല പ്രക്രിയയാണ് നടക്കുന്നത്. സദ്ദാമിനെ വകവരുത്തിയിട്ട് ഉപേക്ഷിച്ച് പോയ ഇറാഖില്‍ ഒരിക്കല്‍ കൂടി അമേരിക്ക ആക്രമണം തുടങ്ങിയിരിക്കുന്നു. എക്കാലത്തെയും പോലെ വംശീയതയിലാണ് കയറി പിടിച്ചിരിക്കുന്നത്. ലിബിയയിലെ പ്രധാന മിലീഷ്യക്ക് നേതൃത്വം നല്‍കുന്നത് സി ഐ എയുടെ ആളാണെങ്കില്‍ ഇറാഖില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്ന ഗ്രൂപ്പുകളില്‍ ആരൊക്കെ അമേരിക്കയുടെ സൃഷ്ടികളാണെന്ന് പുറത്ത് വരാനിരിക്കുന്നേയുള്ളൂ. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് ആക്രമണം നടന്നപ്പോഴാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്. അതിന് മുമ്പ് സ്വന്തം വളര്‍ത്തു പുത്രനായ നൂരി അല്‍ മാലിക്കി കേണപേക്ഷിച്ചിട്ടും ഗ്യാലറിയില്‍ ഇരുന്ന അമേരിക്ക ഈ സമയം തന്നെ ഇറങ്ങിക്കളിക്കാന്‍ തിരഞ്ഞെടുത്തത് ബോധപൂര്‍വമാണ്. മതത്തെ കൂടി കൊണ്ടു വരിക തന്നെയാണ് ലക്ഷ്യം. ബൈബിള്‍ വലിച്ചു കീറി, ചര്‍ച്ചുകള്‍ മലിനമാക്കി തുടങ്ങി ബിഷപ്പ് നടത്തിയ ആരോപണങ്ങള്‍ കൂടി ചേര്‍ത്ത് വായിച്ചാല്‍ അമേരിക്ക സൃഷ്ടിച്ചെടുക്കുന്ന മാരകമായ തലം മനസ്സിലാകും.
അന്താരാഷ്ട്ര സമൂഹം അങ്ങനെയാണ്. ഇടപെടാന്‍ ഒരു സമയമുണ്ട്. ഒരു രീതിയുണ്ട്. ഗാസയില്‍ ജോണ്‍ കെറി നടത്തുന്ന ഇടപെടല്‍ നോക്കൂ. ഹമാസിനെ പ്രതി സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള തന്ത്രമാണ് അദ്ദേഹം പയറ്റുന്നത്. 1967ന് മുമ്പുള്ള ഭൂവിഭാഗങ്ങളിലേക്ക് ഇസ്‌റാഈലിനെ പിന്‍മടക്കുകയാണ് യഥാര്‍ഥ പരിഹാരമെന്ന് അദ്ദേഹത്തിന് അറിയാത്തതല്ല. ജൂതരാഷ്ട്രത്തിന്റെ വക്കാലത്ത് ഏറ്റെടുത്ത കെറിക്ക് അതില്‍ താത്പര്യമുണ്ടാകില്ലല്ലോ. പകരം ഇസ്‌റാഈല്‍ സൈനിക സാന്നിധ്യം ഗാസയില്‍ നിലനിര്‍ത്തുന്ന വെടി നിര്‍ത്തല്‍ നിര്‍ദേശങ്ങളാണ് കെറി മുന്നോട്ട് വെക്കുന്നത്. സ്വാഭാവികമായും ഇത് അംഗീകരിക്കാന്‍ ഹമാസിന് സാധിക്കില്ല. വെടിനിര്‍ത്തലിന് “ഇസ്‌റാഈല്‍ തയ്യാര്‍, ഹമാസ് വഴങ്ങുന്നില്ല ” എന്ന തലക്കെട്ടിന് കാത്തിരുന്ന പത്രങ്ങള്‍ക്ക് അതിന് അവസരം കൈവന്നത് അങ്ങനെയാണ്. ഫലസ്തീന്‍ ഐക്യം തകര്‍ന്ന് കാണാന്‍ വല്ലാത്ത കൊതിയാണ് അവര്‍ക്ക്.
മലാല യൂസുഫ്‌സായിക്ക് വെടിയേറ്റാല്‍ ചോര തിളക്കും. ഇസ്‌റാഈല്‍ കൗമാരക്കാര്‍ കൊല്ലപ്പെട്ടാല്‍ വിജൃംഭിക്കും. എന്നാല്‍ ഫലസ്തീനിലെ കുട്ടികള്‍ മരിച്ചു വീഴുന്നതില്‍ ഒരു വേദനയുമില്ല. അത് സംഭവിച്ചു കൊണ്ടേയിരിക്കേണ്ട ദുരന്തം. സഹായിച്ച് രസിക്കാനൊരിടം. അതാണ് അന്താരാഷ്ട്ര സമൂഹം.

 

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest