Connect with us

International

ഇറാഖ്: യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴക്കില്ല- ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍/ ബഗ്ദാദ്: ഇറാഖില്‍ മറ്റൊരു യുദ്ധത്തിലേക്ക് തന്റെ രാജ്യത്തെ വലിച്ചിഴക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇറാഖിലേക്ക് അമേരിക്കന്‍ സൈനികര്‍ തിരിച്ചെത്തില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി. അമേരിക്കന്‍ നയതന്ത്രപ്രതിനിധികളെയും സൈനിക ഉപദേഷ്ടാക്കളെയും സംരക്ഷിക്കാന്‍ അത്യാവശ്യമാണെങ്കില്‍ മാത്രമേ വടക്കന്‍ ഇറാഖിലെ വിമതര്‍ക്ക് നേരെ വ്യോമാക്രമണം തുടരേണ്ടതുള്ളൂവെന്ന് പ്രതിവാര അഭിസംബോധനയില്‍ ഒബാമ പറഞ്ഞു. അതേസമയം, സിഞ്ചാര്‍ പര്‍വതത്തില്‍ കുടുങ്ങിയ അയ്യായിരത്തിലധികം യസീദികളെ രക്ഷപ്പെടുത്താന്‍ കുര്‍ദ് സൈന്യം ശ്രമങ്ങള്‍ ആരംഭിച്ചു. വിമതരുടെ ഭീഷണി കാരണം പര്‍വതത്തില്‍ തമ്പടിച്ച യസീദി വിഭാഗക്കാരെ രക്ഷിക്കാന്‍ പര്‍വതത്തിലേക്ക് റോഡ് വെട്ടിയതായി സൈന്യം അറിയിച്ചു.
ഇറാഖിലെ വലിയ പ്രതിസന്ധി പരിഹരിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന്റെ സഹായം വേണ്ടെന്ന് ഒബാമ പറഞ്ഞു. എന്നാല്‍ തങ്ങളുടെ പൗരന്‍മാരെ സംരക്ഷിക്കും. ഈ മനുഷ്യത്വ പ്രതിസന്ധി പരിഹരിക്കാന്‍ അന്താരാഷ്ട്ര സമൂഹവുമൊത്ത് പ്രവര്‍ത്തിക്കും. അമേരിക്കക്കെതിരെ ആക്രമണം നടത്താന്‍ വേണ്ടി ഈ തീവ്രവാദികള്‍ക്ക് സുരക്ഷിത കേന്ദ്രമുണ്ടാകുന്നത് തടയാന്‍ സഹായിക്കും. ഒരുമിച്ച് നില്‍ക്കാന്‍ ഇറാഖീ സമൂഹത്തെ പ്രേരിപ്പിക്കുകയും ചെയ്യും. ഒബാമ പറഞ്ഞു. അതേസമയം, പര്‍വതനിരകളില്‍ ഒളിച്ചിരിക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍ക്ക് വ്യോമമാര്‍ഗം ഭക്ഷണവും വെള്ളവും വിതരണം ചെയ്യുന്ന നടപടി അമേരിക്ക ആരംഭിച്ചിട്ടുണ്ട്. സഹായവാഗ്ദാനവുമായി ബ്രിട്ടനും രംഗത്തുണ്ട്. മെഡിക്കല്‍ സംഘത്തെ വടക്കന്‍ ഇറാഖിലേക്ക് അയക്കുമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിച്ചു. കൊടുംചൂട് സഹിച്ച് ഭക്ഷണപദാര്‍ഥങ്ങളൊന്നുമില്ലാതെയാണ് ന്യൂനപക്ഷമായ യസീദികള്‍ മലമുകളില്‍ അഞ്ച് ദിവസമായി കഴിയുന്നതെന്ന് വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 4000 വര്‍ഷം പഴക്കമുള്ള വിശ്വാസമാണ് യസീദികള്‍ പിന്തുടരുന്നത്. ഇവരെ ലക്ഷ്യമിട്ട വിമതരെ കുര്‍ദ് സൈന്യം എതിരിട്ടെങ്കിലും പിന്‍വാങ്ങുകയായിരുന്നു.

---- facebook comment plugin here -----

Latest