റാഗിംഗ്; ഒമ്പത് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Posted on: August 9, 2014 9:31 am | Last updated: August 9, 2014 at 9:31 am

താമരശ്ശേരി: സ്വകാര്യ ഐ ടി സി വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംഗിന് ഇരയാക്കി. താമരശ്ശേരി കാരാടിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ഐ ടി സി യിലെ ഒന്നാം വര്‍ഷ സിവില്‍ വിദ്യാര്‍ഥി കത്തറമ്മല്‍ സ്വദേശി ഹിജാസാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനത്തിനിരയായത്. പരുക്കേറ്റ ഹിജാസിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ഒമ്പത് പേരെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. സീനിയര്‍ വിദ്യാര്‍ഥികളായ താമരശ്ശേരി അമ്പലമുക്ക് ആന്താനംകുന്നുമ്മല്‍ റിയാസ്(20), പൂനൂര്‍ കോളിക്കല്‍ മുംപുരക്കല്‍ അജ്മല്‍ (21), മാനിപുരം രാരോരുത്തുചാലില്‍ അനുഷ്മില്‍ (20), പുതുപ്പാടി അടിവാരം പുത്തന്‍വീട്ടില്‍ സുനില്‍(20), കുന്ദമംഗലം പന്തീര്‍പാടം ചെറുക്കാടത്ത് ഷക്കീഫ്(19), കളരാന്തിരി വട്ടത്താംപൊയില്‍ ഇര്‍ഷാദ് (20), കൊടുവള്ളി വാവാട് മൂഴികുന്നുമ്മല്‍ അരുണ്‍(19), കുന്ദമംഗലം പത്താം മൈല്‍ ചെപ്പുകുളത്തില്‍ മുഹമ്മദ് മുസ്തഫ(20), കിനാലൂര്‍ വട്ടോളി ബസാര്‍ പാറലവീട്ടില്‍ അരുണ്‍(20) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. രണ്ട് ദിവസം മുമ്പ് കോളജില്‍ പ്രവേശനം നേടിയ ഹിജാസിനോട് ആദ്യ ദിവസം ഷര്‍ട്ടിന്റെ ബട്ടന്‍ ഇടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇന്നലെ സീനിയര്‍ വിദ്യാര്‍ഥികളായ ഇരുപത്തിയഞ്ചോളം പേര്‍ ചേര്‍ന്ന് മര്‍ദിച്ചതെന്ന് ഹിജാസ് പോലീസില്‍ മൊഴി നല്‍കി. അധ്യാപകര്‍ ഓടിയെത്തിയാണ് ഹിജാസിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ആന്റി റാഗിംഗ് സെല്ലിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ പ്രതികള്‍ക്കെതിരെ റാഗിംഗ് കുറ്റം ചുമത്തും.