ദിദിയര്‍ ദ്രോഗ്ബ ഐവറി കുപ്പായമഴിച്ചു

Posted on: August 9, 2014 7:54 am | Last updated: August 9, 2014 at 7:54 am

DRGBAലണ്ടന്‍: ഐവറികോസ്റ്റ് സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 104 മത്സരങ്ങളില്‍ 63 ഗോളുകള്‍ നേടിയ ദ്രോഗ്ബ ഐവറികോസ്റ്റ് ഫുട്‌ബോളിലെ ഇതിഹാസമാണ്. മൂന്ന് ലോകകപ്പുകളിലും രണ്ട് ആഫ്രിക്കന്‍ നാഷന്‍സ് കപ്പിലും പങ്കെടുത്തു. ലോകകപ്പില്‍ ഗ്രീസിനെതിരെയായിരുന്നു ദ്രോഗ്ബയുടെ അവസാന മത്സരം.
അവസാന മിനുട്ടിലെ പെനാല്‍റ്റി ഗോളില്‍ ഗ്രീസ് ജയിച്ചതോടെ ഐവറികോസ്റ്റ് ലോകകപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു.
പന്ത്രണ്ട് വര്‍ഷമായി രാജ്യത്തിന്റെ കുപ്പായമണിയുന്നു. ആദ്യ കളിയിലും അവസാന കളിയിലും രാജ്യത്തിനായി മുഴുവന്‍ സമര്‍പ്പിച്ചിട്ടുണ്ട്. എട്ട് വര്‍ഷം ടീമിനെ നയിക്കാന്‍ സാധിച്ചതില്‍ കൃതാര്‍ഥനാണ് – ദ്രോഗ്ബ വിരമിക്കല്‍ സന്ദേശത്തില്‍ പറഞ്ഞു.
നല്ലവരായ ഫുട്‌ബോള്‍ പ്രേമികളുടെ പിന്തുണയാണ് എന്നെ മികച്ച താരമാക്കിയത്. എന്റെ എല്ലാ ഗോളുകളും, വിജയങ്ങളും അവര്‍ക്കവകാശപ്പെട്ടതാണ് – ദ്രോഗ്ബ പറഞ്ഞു.തുര്‍ക്കി ക്ലബ്ബ് ഗലാത്‌സരെയില്‍ നിന്ന് വീണ്ടും ചെല്‍സി ക്ലബ്ബിലെത്തിയ ദ്രോഗ്ബ മുപ്പത്താറാം വയസില്‍ പുതിയ ഉയരങ്ങള്‍ ലക്ഷ്യമിടുന്നു. കരിയറിലെ അവസാന ഘട്ടത്തില്‍ ചെല്‍സിക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുകയാണ്, ക്ലബ്ബിന് ആദ്യ യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിക്കൊടുത്ത ഇതിഹാസ താരത്തിന്റെ ലക്ഷ്യം.