അന്ധമായ ഭാഷാഭ്രാന്ത്

Posted on: August 9, 2014 6:00 am | Last updated: August 9, 2014 at 1:31 am

SIRAJ.......ഇംഗ്ലീഷിന്റെ മാര്‍ക്ക് പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിന് ശേഷവും സിസാറ്റ് വിരുദ്ധ സമരവും പാര്‍ലിമെന്റിലെ പ്രതിപക്ഷ ബഹളവും തുടരുകയാണ്. സിവില്‍ സര്‍വീസ് അഭിരുചി പരീക്ഷയുടെ ചോദ്യങ്ങള്‍ക്ക് ഹിന്ദിയില്‍ പരിഭാഷ നല്‍കുന്നതു പോലെ മറ്റു പ്രാദേശിക ഭാഷകളിലും പരിഭാഷ നല്‍കണമെന്നും ഈ മാസം 24നു നടത്താന്‍ തീരുമാനിച്ച പ്രിലിമിനറി പരീക്ഷ മാറ്റി വെക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. പരീക്ഷയില്‍ പങ്കെടുക്കുന്ന ഒമ്പത് ലക്ഷത്തോളം യുവാക്കളുടെ ഭാവിയെ ബാധിക്കുന്നതിനാല്‍ പരീക്ഷ മാറ്റി വെക്കാനാകില്ലെന്നും നിശ്ചയിച്ച തീയതിക്കു തന്നെ നടത്തുമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യം കഴിഞ്ഞ ദിവസവും മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ പാര്‍ലിമെന്റില്‍ ആവര്‍ത്തിക്കുകയുണ്ടായി.
ഉന്നത നിലവാരം പുലര്‍ത്തുന്ന മേഖലയാണ് സിവില്‍ സര്‍വീസ്. വിദേശങ്ങളില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്യാന്‍ വരെ അവസരം ലഭിച്ചേക്കാകുന്ന സിവില്‍ സര്‍വീസുകാര്‍ക്ക് കൂടുതല്‍ യോഗ്യതയും ഭാഷാപരമായ പ്രാവീണ്യവും അനിവാര്യമാണെന്ന തിരിച്ചറിവില്‍ നിന്നാണ് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കണമെന്ന ചിന്ത ഉയര്‍ന്നു വന്നത്. പൊതു പഠനം (ജനറല്‍ സ്റ്റഡീസ്), ഐച്ഛിക വിഷയം എന്നിങ്ങനെ രണ്ട് പേപ്പറുകള്‍ മാത്രമുണ്ടായിരുന്ന യു പി എസ് സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ, 2010 ല്‍ സിവില്‍ സര്‍വീസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്(സി സാറ്റ്) ആയി പരിഷ്‌കരിച്ചതിന്റെ സാഹചര്യമിതാണ്. വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം സാംഖ്യിക വിശകലനം, യുക്തി പരീക്ഷണം, പത്താം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനം തുടങ്ങിയവക്ക് പ്രാമുഖ്യം നല്‍കി നടപ്പിലാക്കിയ പുതിയ രീതി ഹിന്ദി മേഖലകളില്‍ നിന്നുള്ളവരെ തഴയാനാണെന്ന പ്രചാരണമാണ് സമരത്തിന് പ്രേരകം. എന്നാല്‍ സമരക്കാരെ തൃപ്തിപ്പെടുത്താന്‍ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങളാകട്ടെ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണുണ്ടായത്. ഇംഗ്ലീഷിന്റെ മാര്‍ക്ക് പരിഗണക്കില്ലെന്നതിന് പുറമെ 2011 ല്‍ പരീക്ഷയെഴുതിയവര്‍ക്ക് അടുത്ത വര്‍ഷം ഒരവസരം കൂടി നല്‍കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗിന്റെ പ്രഖ്യാപനം. 2011 ല്‍ പരീക്ഷയെഴുതിയവര്‍ക്ക് വീണ്ടും അവസരം നല്‍കുമ്പോള്‍ പ്രായപരിധി ഉള്‍പ്പെടെയുള്ള ഒട്ടേറെ പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കും.
ഹിന്ദി ഭാഷക്ക് അപ്രമാദിത്വം നല്‍കാന്‍ മോദി സര്‍ക്കര്‍ തുടക്കം മുതലേ നടത്തി വരുന്ന ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് ഇംഗ്ലീഷിനെ തഴയാനുള്ള തീരുമാനമെന്ന ധാരണയും മറ്റു ഭാഷക്കാര്‍ക്കിടയില്‍ ഉളവായിട്ടുണ്ട്. ഇംഗ്ലീഷിനെ പരിഗണിക്കാതിരിക്കുമ്പോള്‍ പകരം പൊതുഭാഷയെന്ന നിലയില്‍ ഹിന്ദിയെയാണ് സര്‍ക്കാര്‍ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കാനിരിക്കുന്നത്. ഹിന്ദിയെ ഏക ഔദ്യോഗിക ഭാഷയാക്കണമെന്നത് സംഘ്പരിവാറിന്റെ നയമാണ്. ബി ജെ പിയുടെ ആദ്യരൂപമായ ഹിന്ദു മഹാസഭയാണ് ആദ്യമായി ഈ ആവശ്യമുന്നയിച്ചത്. ഗാന്ധിവധത്തോടെ ഹിന്ദു മഹാ സഭ നിരോധിക്കപ്പെട്ടതോടെ താത്കാലികമായി കെട്ടടങ്ങിയ ഹിന്ദിഭ്രമം പാര്‍ലിമെന്റില്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷം കൈവന്നതോടെ വീണ്ടും ഉണര്‍ന്നിരിക്കയാണ്. സോഷ്യല്‍ മീഡിയകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഹിന്ദി ഭാഷ ഉപയോഗിക്കണമെന്നും ഔദ്യോഗിക സര്‍ക്കുലറുകളും വാര്‍ത്താ കുറിപ്പുകളും ഹിന്ദിയിലായിരിക്കണമെന്നുമുള്ള മോദി സര്‍ക്കാറിന്റെ ഉത്തരവ് ഇതിന്റെ ഭാഗമായിരുന്നു. മുമ്പ് രാഷ്ട്ര ഭാഷയെന്ന നിലയില്‍ ഹിന്ദി അടച്ചേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ശ്രമത്തിന്റെ ഗുരുതരമായ പ്രത്യാഘാതം രാജ്യം അനുഭവിച്ചതാണ്. ദക്ഷിണേന്ത്യയിലുടനീളം അന്ന് പോട്ടിപ്പുറപ്പെട്ട ഹിന്ദിവിരുദ്ധ കലാപത്തില്‍ അനേക പേരുടെ ജീവന്‍ നഷ്ടപ്പെട്ടു. തമിഴ് നാട്ടില്‍ റെയില്‍വേ സ്റ്റേഷനുകളിലേതടക്കം ഹിന്ദിയിലുള്ള ബോര്‍ഡുകളെല്ലാം അപ്പാടെ എടുത്തു മാറ്റേണ്ടി വന്നു. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനും വിഘടന വാദം വളര്‍ത്താനും മാത്രമേ ഇത്തരം അന്ധമായ ഭാഷാഭ്രാന്ത് ഉപകരിക്കുകയുളളു.
ഹിന്ദി ഭ്രമത്തിന്റെ പേരില്‍ സിവില്‍ സര്‍വീസില്‍ ഇംഗ്ലീഷിന്റെ പ്രാധാന്യം കുറക്കുന്നത് ആ മേഖലയുടെ നിലവാരത്തകര്‍ച്ചക്ക് വഴിവെക്കുമെന്നാണ് അക്കാദമിക് വിദഗ്ധരുടെ അഭിപ്രായം. ഇംഗ്ലീഷിന് കൂടുതല്‍ പരിഗണന നല്‍കുന്ന സിസാറ്റ് പരീക്ഷാ രീതി പ്രാദേശിക ഭാഷാ സംസ്ഥാനങ്ങളിലെ പരീക്ഷാര്‍ഥികള്‍ക്ക് ഗുണപ്രദമാണെന്നാണ് കഴിഞ്ഞ വര്‍ഷങ്ങളിലെ പരീക്ഷാ ഫലം വ്യക്തമാക്കുന്നത്. ഹിന്ദി മേഖലയിലുള്ളവര്‍ക്ക് ഇത് പ്രയാസകരമായി തോന്നുന്നുവെങ്കില്‍, അത് ലഘൂകരിക്കാനുള്ള മികച്ച പരിശീലനം ഏര്‍പ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ ഇംഗ്ലീഷിനെ തഴയുകയല്ല. നേരത്തെ ഇംഗ്ലീഷിനെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ച ചൈനയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും പിന്നീട് ഇംഗ്ലീഷിന്റെ പ്രാധാന്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതമാകുകയും ഇംഗ്ലീഷിന്റെ പ്രചാരണത്തിനായി പ്രൈമറിതലം തൊട്ടേ നിര്‍ബന്ധമാക്കുകയും ചെയ്യേണ്ടി വന്ന അനുഭവം മുന്നിലുണ്ട്. മാതൃഭാഷക്കും ദേശീയ ഭാഷക്കുമുള്ള പ്രാമുഖ്യം വകവെച്ചു കൊടുത്തു തന്നെ ലോക ഭാഷയെന്ന നിലയില്‍ ഇംഗ്ലീഷിനുള്ള പ്രാധാന്യം നാം അംഗീകരിച്ചേ തീരു.

ALSO READ  ദേശീയ സുരക്ഷാ നിയമത്തിന്റെ ദുരുപയോഗം വീണ്ടും