Connect with us

International

എബോള: ഡബ്ല്യു എച്ച് ഒ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Published

|

Last Updated

ജനീവ: എബോള ആഗോള ഭീഷണിയാണെന്ന് ലോകാരോഗ്യ സംഘടന. രോഗത്തിന്റെ പശ്ചാത്തലത്തില്‍ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പശ്ചിമാഫ്രിക്കയില്‍ പടര്‍ന്നുപിടിച്ച എബോള രോഗം ആഗോള ഭീഷണിയാണെന്നും രോഗം തടയുന്നതിന് അടിയന്തരവും അസാധാരണവുമായ നടപടികള്‍ ആവശ്യവുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 2009ല്‍ പന്നിപ്പനിക്കെതിരെയും പോളിയോക്കെതിരെയുമാണ് ലോകാരോഗ്യ സംഘടന സമാനമായ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
രോഗം തടയുന്നതിന് നിലവില്‍ എബോള റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത രാജ്യങ്ങളുടെതടക്കം അന്താരാഷ്ട്ര കൂട്ടായ്മയുണ്ടാകണമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ഡോ. മാര്‍ഗരറ്റ് ചാന്‍ ആഹ്വാനം ചെയ്തു. രോഗം കണ്ടുവരുന്ന രാജ്യങ്ങള്‍ക്കു മാത്രം നിലവിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനോ സങ്കീര്‍ണമായ ഈ വിഷയം പരിഹരിക്കാനോ ആകില്ലെന്നും അന്താരാഷ്ട്ര സമൂഹം ഏറ്റവും അടിയന്തരമായി രോഗവ്യാപനം തടയാനുള്ള പിന്തുണ നല്‍കണമെന്നും ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ചാന്‍ പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ തീക്ഷ്ണത കണക്കാക്കുന്നതിന് ലോകാരോഗ്യ സംഘടന ഈ ആഴ്ച വിദഗ്ധ സമിതിയുടെ യോഗം വിളിച്ചു ചേര്‍ക്കും.
മാര്‍ച്ചില്‍ ഗിനിയയില്‍ പൊട്ടിപ്പുറപ്പെട്ട എബോള രോഗം ഇതുവരെ സൈറ ലിയോണിലേക്കും ലൈബീരിയയിലേക്കും വ്യാപിച്ചിട്ടുണ്ട്. വരുന്ന മാസങ്ങളില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ രോഗത്തിനെതിരായി കൃത്യമായ ചികിത്സയോ വാക്‌സിനോ ഇല്ല. രോഗം പിടിപെട്ടാല്‍ മരിക്കാനുള്ള സാധ്യത 50 ശതമാനമാണ്. എന്നാല്‍ പോളിയോയെ പരാമര്‍ശിച്ചുകൊണ്ടുള്ള ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം ചില അവ്യക്തതകള്‍ ബാക്കിയാക്കുന്നുണ്ട്. പോളിയോ പകരുന്നതായി ഇതുവരെ കണ്ടിട്ടില്ല എന്നതിനാലാണിത്. കഴിഞ്ഞ ആഴ്ച ലോകാരോഗ്യ സംഘടന നടത്തിയ യോഗത്തില്‍ പോളിയോ സംബന്ധിച്ച തത്സ്ഥിതി വീണ്ടും വിലയിരുത്തുകയും മെയ ്മാസം സംഘടന നടത്തിയ ശിപാര്‍ശകള്‍ രാജ്യങ്ങള്‍ പൂര്‍ണമായി നടപ്പില്‍ വരുത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ കണ്ടെത്തുകയും ചെയ്തിരുന്നു. പാക്കിസ്ഥാനിലും കാമറൂണിലും പോളിയോ പടര്‍ന്ന്പിടിച്ചതിനെ തുടര്‍ന്നാണ് ലോകാരോഗ്യ സംഘടന ശിപാര്‍ശകള്‍ മുന്നോട്ട് വെച്ചത്. എബോള രോഗം ഭീതിയുയര്‍ത്തുന്ന സാഹചര്യത്തില്‍ പശ്ചിമാഫ്രിക്കന്‍ യാത്രകള്‍ക്ക് അമേരിക്ക നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങള്‍ അതിര്‍ത്തി അടച്ചിരിക്കുകയാണ്.