ഇറാഖില്‍ അമേരിക്ക ആക്രമണം തുടങ്ങി

Posted on: August 8, 2014 8:38 pm | Last updated: August 9, 2014 at 10:55 am

iraq

ബഗ്ദാദ്: ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി. വിമത സായുധ സംഘത്തിനെതിരെ വ്യോമാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഉത്തരവിട്ടതിന് പിറകേയാണ് വടക്കന്‍ ഇറാഖിലെ ഇര്‍ബില്‍ നഗരത്തില്‍ യു എസ് യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചത്. ഇറാഖിലെയും സിറിയയിലെയും പ്രേദശങ്ങള്‍ ഉള്‍പ്പെടുത്തി പ്രത്യേക രാഷ്ട്രത്തിനായി ആക്രമണം നടത്തുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവന്ത് (ഐ എസ് ഐ എല്‍- ഇസില്‍) സംഘത്തിന്റെ ശക്തി കേന്ദ്രമായ ഇര്‍ബിലിലില്‍ രണ്ട് എഫ് എ-18 യുദ്ധ വിമാനങ്ങള്‍ ലേസര്‍ നിയന്ത്രിത ബോംബുകള്‍ വര്‍ഷിച്ചതായി യു എസ് പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ സ്ഥിരീകരിച്ചു. ഇര്‍ബിലില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്ന കുര്‍ദ് സൈന്യത്തെ സഹായിക്കാനാണ് അമേരിക്ക ഇടപെടുന്നതെന്നും ഇവിടെ നിരവധി യു എസ് സൈനിക ഉദ്യഗസ്ഥരുണ്ടെന്നും പെന്റഗണ്‍ പ്രസ്താവനയില്‍ പറയുന്നു.
വിമത ആക്രമണത്തില്‍ ചിതറിയ കുര്‍ദ് സൈനികര്‍ പലയിടങ്ങളില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ട്. കുര്‍ദുകള്‍ക്ക് അമേരിക്ക നല്‍കിയ നിരവധി ആയുധങ്ങള്‍ വിമതര്‍ കൈക്കലാക്കിയിട്ടുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് അമേരിക്കന്‍ വ്യോമാക്രമണം. ഇറാഖിലെ അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കുന്നതിനും മത ന്യൂനപക്ഷങ്ങളുടെ വംശഹത്യ തടയുന്നതിനും വിമതര്‍ക്കെതിരെ ആക്രമണം നടത്തേണ്ടതുണ്ടെന്നാണ് ഒബാമ പറഞ്ഞത്. ‘സാധാരണക്കാരെ സംരക്ഷിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. കൃത്യമായ ലക്ഷ്യങ്ങളോടെയുള്ള ആക്രമണമേ നടത്താവൂ. വടക്കന്‍ മേഖലയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കാന്‍ ഇറാഖ് സര്‍ക്കാറിന്റെയോ കുര്‍ദുകളുടെയോ സൈനികര്‍ക്ക് സാധിക്കില്ലെങ്കില്‍ മാത്രമേ യു എസ് വ്യോമാക്രണണത്തിന് മുതിരുകയുള്ളൂ’വെന്നും ഒബാമ വ്യക്തമാക്കിയിരുന്നു.
യസിദി ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവര്‍ കൊല്ലപ്പെട്ടതും ക്രിസ്ത്യന്‍ ഭൂരിപക്ഷ നഗരമായ ഖ്വാറാഖ്വാശ് വിമതര്‍ പിടിച്ചതുമാണ് അമേരിക്ക അവസരമാക്കിയിരിക്കുന്നത്. വിമതരുടെ ശക്തി കേന്ദ്രമായ മൂസ്വിലിനും കുര്‍ദ് അര്‍ധ സ്വയംഭരണ പ്രദേശമായ ഇര്‍ബിലിനും ഇടയിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശത്ത് നിന്ന് വ്യാപക പലായനം നടക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശിയാ ഭൂരിപക്ഷ സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി വിമതര്‍ നിരവധി പ്രദേശങ്ങള്‍ കീഴടക്കുകയും ബഗ്ദാദിന് അടുത്തു വരെ എത്തുകയും ചെയ്ത ഘട്ടത്തില്‍ പ്രധാനമന്ത്രി നൂരി മാലിക്കി അമേരിക്കന്‍ ഇടപെടല്‍ വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഐക്യ സര്‍ക്കാര്‍ അടക്കമുള്ള രാഷ്ട്രീയ പരിഹാരത്തിന് ശ്രമിക്കാനായിരുന്നു അമേരിക്ക നല്‍കിയ ഉപദേശം. സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടമാക്കിയ അധിനിവേശത്തിന് സമാനമായ സമ്പൂര്‍ണ സൈനിക ഇടപെടലിലേക്കുള്ള കവാടമായാണ് ഇന്നലത്തെ വ്യോമാക്രമണം വിലയിരുത്തപ്പെടുന്നത്.
ഇറാഖിലും സിറിയയിലും ആക്രമണം നടത്തുന്ന ഇസില്‍ സംഘം അവര്‍ പിടിച്ചടക്കിയ പ്രദേശങ്ങളിലെല്ലാം നിരവധി മഖ്ബറകളും പള്ളികളും പാരമ്പര്യ ശേഷിപ്പുകളും തകര്‍ത്തിരുന്നു. ശിയാ, സുന്നി വംശീയത പൊലിപ്പിച്ച് മുതലെടുക്കാനുള്ള സാമ്രാജ്യത്വ നീക്കത്തിന്റെ ഭാഗമാണ് സംഘര്‍ഷമെന്ന വിലയിരുത്തലും ശക്തമാണ്.
ജൂണില്‍ സംഘര്‍ഷം വ്യാപിച്ചപ്പോള്‍ തന്നെ അമേരിക്ക ഇറാഖ് തീരത്തേക്ക് യുദ്ധക്കപ്പല്‍ അയച്ചിരുന്നു. സ്വന്തം പൗരന്മാരെ സുരക്ഷിതമായി പുറത്തെത്തിക്കാനെന്നായിരുന്നു ന്യായീകരണം. സ്ഥിതിഗതികള്‍ വിലയിരുത്താനെന്ന പേരില്‍ സൈനിക വിദഗ്ധരെയും ഇറാഖിലേക്ക് അയച്ചു. അമേരിക്കയുടെ പിന്തുണയോടെയാണ് ഇറാഖിലെ നൂരി അല്‍ മാലിക്കി സര്‍ക്കാര്‍ ഭരണം നടത്തുന്നത്. തിരഞ്ഞെടുപ്പിന് ശേഷം പുതിയ ഐക്യ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.