Connect with us

Wayanad

ജില്ലയില്‍ ക്യാന്‍സര്‍ നിര്‍ണയ സംവിധാനമില്ല; രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: ആദിവാസികള്‍ അടക്കമുള്ള വിഭാഗങ്ങളിലെ നൂറുകണക്കിന് ആളുകള്‍ കാന്‍സര്‍ രോഗികളായി മാറുമ്പോഴും ജില്ലയില്‍ കാന്‍സര്‍ നിര്‍ണ്ണയ സംവിധാനമില്ലാത്തതാണ് രോഗികളുടെ എണ്ണം ദിനേന വര്‍ധിക്കാനിടയാകുന്നത്. രോഗ നിര്‍ണ്ണയത്തിന് ജില്ലക്ക് പുറമെയുള്ള മെഡിക്കല്‍ കോളജുകളെയും, ആശുപത്രികളെയുമാണ് ആശ്രയിക്കുന്നത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കയച്ച് ഫലത്തിനായി മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് നിലവില്‍. യഥാസമയം രോഗം നിര്‍ണ്ണയിച്ച് ചികിത്സ നടത്താന്‍ കഴിയാത്തതിനാല്‍ ആദിവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ജില്ലയില്‍ കാന്‍സര്‍ ബാധിച്ച് മരണപ്പെടുന്നുണ്ട്. ജില്ലയില്‍ കാന്‍സര്‍ നിര്‍ണ്ണയ സംവിധാനം ആരംഭിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഇതിനായി നല്ലൂര്‍നാട് ഗവ.ആശുപത്രിയില്‍ സംവിധാനമൊരുക്കിയിരുന്നുവെങ്കിലും ഓങ്കോളജിസ്റ്റിനെ നിയമിക്കാത്തതിനാല്‍ കാന്‍സര്‍ നിര്‍ണ്ണയ സംവിധാനം ഇതുവരെ ആരംഭിക്കാനായിട്ടില്ല. വയനാട്ടില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പെയിന്‍ ആന്റ് പാലിയേറ്റീവ് അധികൃതരുടെ കണക്ക് പ്രകാരം തന്നെ ജില്ലയില്‍ 5220 കാന്‍സര്‍ രോഗികളുണ്ട്.
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കുകളിലെത്തിയ രോഗികളുടെ എണ്ണമാണിത്. 2014 ജനുവരി ഒന്നുമുതല്‍ ജൂലൈ 31 വരെ പാലിയേറ്റീവ് കെയറുകളില്‍ രജിസ്റ്റര്‍ ചെയ്ത രോഗികളുടെ എണ്ണം 345ആണ്. ഇതിനും എത്രയോ മടങ്ങാണ് ജില്ലയിലെ കാന്‍സര്‍ രോഗികളുടെ എണ്ണം. ആരോഗ്യ വകുപ്പിന്റെ കീഴില്‍ പഞ്ചായത്ത്തല തലങ്ങളില്‍ പാലിയേറ്റീവ് ക്ലിനിക്കുകളുണ്ടെങ്കിലും അവയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ഇത്മൂലം ആരോഗ്യ വകുപ്പിന് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ വ്യക്തമായ മറുപടിയില്ല. എങ്കിലും തങ്ങളുടെ കണക്കിന്റെ നാലു മടങ്ങോളം രോഗികള്‍ ജില്ലയിലുണ്ടെന്നാണ് പാലിയേറ്റീവ് കെയറുകാര്‍ പറയുന്നത്. രോഗ നിര്‍ണ്ണയത്തിനും, തുടര്‍ ചികിത്സക്കും ജില്ലയില്‍ സംവിധാനമില്ലാത്തതിനാല്‍ പലയിടങ്ങളിലാണ് രോഗികള്‍ ചികിത്സ തേടുന്നത്.
പാലിയേറ്റീവ് കെയര്‍ ക്ലിനിക്കുകള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളിലും, മറ്റും ചികിത്സ തേടുന്നവരും ജില്ലയിലുണ്ട്. പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍, കോഴിക്കോട് മെഡിക്കല്‍ കോളജ്, തിരുവനന്തപുരം റിജിണല്‍ കാന്‍സര്‍ സെന്റര്‍, തലശ്ശേരി കാന്‍സര്‍ സെന്റര്‍, മൈസൂര്‍ ഭാരത് ഹോസ്പിറ്റല്‍, വിവിധ സ്വകാര്യ മെഡിക്കള്‍ കോളജ്-ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് ജില്ലയിലെ കാന്‍സര്‍ ബാധിതര്‍ ചികിത്സ തേടുന്നത്. ഇതാണ് കാന്‍സര്‍ രോഗികളുടെ എണ്ണം കണ്ടെത്തുന്നതിന് തടസ്സമാകുന്നതും. കാന്‍സര്‍ ബാധിച്ച് നൂറുകണക്കിന് ആളുകള്‍ നരകയാതന അനുഭവിക്കുമ്പോഴും ജില്ലയില്‍ നിര്‍ണയ സംവിധാനം പോലും ഒരുക്കുന്നതില്‍ സര്‍ക്കാറുകള്‍ പൂര്‍ണ്ണ പരാജയമാണ്. കാന്‍സര്‍ രോഗികളുടെ പരിചരണം ലക്ഷ്യമാക്കി പ്രവര്‍ത്തനമാരംഭിച്ച ജില്ലാതല കെയര്‍ കാന്‍സര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം നിലവില്‍ പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. കലക്ടര്‍ ചെയര്‍മാനായ സമിതിയില്‍ സന്നദ്ധ സംഘാടനാ പ്രവര്‍ത്തകരും, പെയിന്‍ ആന്റ് പാലിയേറ്റീവ് ഭാരവാഹികളും അംഗങ്ങളാണ്.
ജില്ലയില്‍ കാന്‍സര്‍ വര്‍ധിച്ചു വരുന്നത് സംബന്ധിച്ച വിദഗ്ദമായ പഠനങ്ങള്‍ ഇതുവരെയുണ്ടായിട്ടില്ല. ജില്ലയില്‍ ചില പഞ്ചായത്തുകളില്‍ വന്‍തോതില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. തോട്ടം മേഖലകളും വാഴകൃഷി കൂടുതലായുള്ള പഞ്ചായത്തുകളിലുമാണ് കൂടുതല്‍ കാന്‍സര്‍ രോഗികളുണ്ടാവുന്നതെന്നാണ് പുതിയ കണ്ടെത്തല്‍. അമിതമായ കീടനാശിനി പ്രയോഗവും, തോട്ടങ്ങളിലെ മാരകമായ മരുന്നു തെളിയുമാണ് വയനാട്ടില്‍ കാന്‍സര്‍ രോഗം വര്‍ധിക്കാനിടയാക്കിയതെന്ന് ഇതു സംബന്ധിച്ച ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

Latest