മങ്കട കോളജില്‍ ഷെഡുകളുടെ നിര്‍മാണം പൂര്‍ത്തിയായില്ല

Posted on: August 8, 2014 10:35 am | Last updated: August 8, 2014 at 10:35 am

കൊളത്തൂര്‍: കഴിഞ്ഞ വര്‍ഷം ആരംഭിച്ച മങ്കട ഗവ. കോളജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിച്ചിട്ടും പുതിയ ഷെഡുകളുടെ നിര്‍മാണം പൂര്‍ത്തിയായില്ല. നിലവില്‍ കോളജ് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കൊളത്തൂര്‍ സ്റ്റേഷന്‍ പടിയിലെ താത്കാലിക കെട്ടിടത്തില്‍ ഒന്നാം വര്‍ഷക്കാരെ ഉള്‍കൊള്ളാനുള്ള സൗകര്യമില്ലാത്തതിനാലാണ് കോളജിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പുതിയ ഷെഡുകള്‍ നിര്‍മിക്കുന്നത്.
ഇതിന്റെ നിര്‍മാണ പ്രവൃത്തികളാണ് പൂര്‍ത്തിയാകാതെ കിടക്കുന്നത്. ഷെഡിന്റെ ചുമരുകളുടെ നിര്‍മാണവും ഷീറ്റ് സ്ഥാപിക്കലും കഴിഞ്ഞിട്ടുണ്ടങ്കിലും നിലം കോണ്‍ഗ്രീറ്റ് ചെയ്യുകയോ ടോയ്‌ലറ്റുകള്‍ നിര്‍മിക്കുകയോ ചെയ്തിട്ടില്ല. കൂടാതെ ഷെഡുകള്‍ക്ക് മുന്‍വശം ചെളി നിറഞ്ഞു കിടക്കുകയാണ്. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ നിന്ന് ജനകീയ കൂട്ടായ്മയിലൂടെയാണ് ഷെഡ് നിര്‍മിക്കാനുള്ള തുക സമാഹരിക്കുന്നത്. ഒന്നാം വര്‍ഷ ക്ലാസുകള്‍ കഴിഞ്ഞ തിങ്കളാഴ്ച്ച ആരംഭിച്ചിട്ടുണ്ട്. 238 പേരാണ് പുതിയതായി എത്തുന്നത് 150 ലധികം കുട്ടികള്‍ ഇതിനകം പ്രവേശനം നേടികഴിഞ്ഞു. കോളജിലേക്ക് നിയമിച്ച സ്ഥിരം അധ്യാപകരും ഗസ്റ്റ് അധ്യാപകരും ചുമതലയേട്ടിട്ടുണ്ട്. 2013 സെപ്തംബറില്‍ പ്രവര്‍ത്തനമാരഭിച്ച മങ്കട കോളജില്‍ ബി എസ് സി സൈക്കോളജി, ബി എസ് സി മാത്‌സ്, ബി കോം, ബി ബി എ, ബി എ ഇംഗ്ലീഷ്, ബി എ ഹിസ്റ്ററി, ബി എ ഇക്കണോമിക്‌സ് എന്നീ ഏഴ് കോഴ്‌സുകളാണുള്ളത്. അതേസമയം വിദ്യാഭ്യാസ വകുപ്പിന് കൈമാറിയ മൂര്‍ക്കനാട്ടെ അഞ്ചേക്കര്‍ സ്ഥലം മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്ത് മുന്‍പ് പലര്‍ക്കായി പതിച്ചു നല്‍കിയതാണന്ന ആക്ഷേപം ഭൂമി സംബന്ധിച്ച പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നു.
2001 ല്‍ കേരള വാട്ടര്‍ അതോറിറ്റിക്ക് കൈമാറിയ സ്ഥലത്ത് നിന്ന് ഒരു ഏക്കര്‍ സ്ഥലം തിരിച്ച് പിടിച്ച് കോളജിന് ലഭ്യമാക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ നീക്കവും വിവാദത്തിനിടവരുത്തിയിട്ടുണ്ട്.
കോളജ് മൂര്‍ക്കനാടിന് നഷ്ടപെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ വിവാദങ്ങള്‍ക്ക് പിന്നലെന്നാണ് പറയുന്നത്. കോളജിന് കെട്ടിടം നിര്‍മിക്കാനായി 4.6 കോടി രൂപ ടി എ അഹ്മദ് കബീര്‍ എം എല്‍ എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും നേരത്തേ അനുവദിച്ചിട്ടുണ്ട്.