നിര്‍ഭയയില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ തമിഴ്‌നാട്ടില്‍ കണ്ടെത്തി

Posted on: August 8, 2014 1:47 am | Last updated: August 8, 2014 at 1:47 am

തിരുവനന്തപുരം: തിങ്കളാഴ്ച പൂജപ്പുര നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തി. ഒരു പെണ്‍കുട്ടിയെ തിരുനെല്‍വേലിയില്‍ വെച്ചും ഒരാളെ തിരുനെല്‍വേലിയില്‍ നിന്ന് ആലുവയിലേക്ക് പോകുന്ന വഴി സേലത്തു വെച്ചുമാണ് പോലീസ് കണ്ടെത്തിയത്.
കാണാതായവരില്‍ ഒരാളുടെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടി തിരുനെല്‍വേലിയില്‍ നിന്ന് എഗ്‌മോര്‍ -ഗുരുവായൂര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘം നാഗര്‍കോവിലില്‍ വെച്ച് ട്രെയിനില്‍ കയറുകയും പരിശോധന നടത്തി സേലത്തുവച്ച് പെണ്‍കുട്ടിയെ തിരിച്ചറിയുകയും ചെയ്തു. പിന്നീട് നിര്‍ഭയ അധികൃതരെ വിളിച്ചുവരുത്തി ഉറപ്പുവരുത്തിയ ശേഷം തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച രാത്രി രണ്ടരയോടെയാണ് ഈ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നും ഒപ്പം കാണാതായ പെണ്‍കുട്ടി തിരുനെല്‍വേലിയിലുണ്ടെന്ന് മനസ്സിലാക്കുകയും നിര്‍ഭയ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനും പോലീസും ചേര്‍ന്ന് ഇന്നലെ രാവിലെ ഒമ്പതരയോടെ തിരുനെല്‍വേലിയിലെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.