എബോള വൈറസ് ബാധിച്ച രാജ്യങ്ങളില്‍ 44,700 ഇന്ത്യക്കാരുണ്ടെന്ന് കേന്ദ്രം

Posted on: August 8, 2014 12:48 am | Last updated: August 8, 2014 at 12:48 am

ന്യൂഡല്‍ഹി: മാരകമായ എബോള വൈറസ് ബാധിച്ച രാജ്യങ്ങളിലായി 44,700 ഇന്ത്യക്കാര്‍ താമസിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതില്‍ ലൈബീരിയയില്‍ വിന്യസിച്ച യു എന്‍ സമാധാന സേനയില്‍ അംഗങ്ങളായ മുന്നൂറ് സി ആര്‍ പി എഫ് ജവാന്മാരും ഉള്‍പ്പെടും. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധനന്‍ പാര്‍ലിമെന്റില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഗിനിയയില്‍ അഞ്ഞൂറ് പേരും ലൈബീരിയയില്‍ മൂവായിരം പേരും സിയറ ലിയോണില്‍ 1,200 പേരുമാണുള്ളത്. എബോള വൈറസ് കൂടുതലായി ബാധിച്ച രാജ്യങ്ങളാണ് ഇവ. എബോള പടരുന്ന നൈജീരിയയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത്. നാല്‍പ്പതിനായിരം പേര്‍.
രോഗം ഇന്ത്യയിലേക്ക് പടരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. രോഗം ബാധിച്ച രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ വിശദമായ പരിശോധനകള്‍ക്ക് വിധേയരാക്കുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ജഗദീഷ് പ്രസാദിന്റെ അധ്യക്ഷതയില്‍ ഈ മാസം ഒന്ന്, രണ്ട് തീയതികള്‍ പ്രത്യേക യോഗം ചേര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എബോള വൈറസ് ഇന്ത്യയില്‍ പടരുന്നത് ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ വിദേശകാര്യ, വ്യോമയാന മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരും ലോകാരോഗ്യ സംഘടനാ (ഡബ്ല്യു എച്ച് ഒ) പ്രതിനിധികളുമായി കേന്ദ്ര ആരോഗ്യ മന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.
ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ള യു എന്‍ സമാധാന സേനയില്‍ ഉള്‍പ്പെട്ട സൈനികര്‍ക്ക് രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഗിനിയ, ലൈബീരിയ, സിയറ ലിയോണ്‍, നൈജീരിയ എന്നീ രാജ്യങ്ങളിലായി 1,603 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഡബ്ലു എച്ച് ഒ അറിയിച്ചു. 887 പേരാണ് രോഗം ബാധിച്ച് ഇതിനകം മരിച്ചത്.