പുതുതായി അനുവദിച്ച പ്ലസ് ടു ബാച്ചുകളില്‍ 104 എണ്ണം അനധികൃതം: എം ഇ എസ്

Posted on: August 8, 2014 12:50 am | Last updated: August 7, 2014 at 11:51 pm

കോഴിക്കോട്: സംസ്ഥാനത്ത് പുതുതായി അനുവദിച്ച 700 പ്ലസ് ടു ബാച്ചുകളില്‍ 104 എണ്ണം ആരുടെയും ശിപാര്‍ശ കൂടാതെ തിരുകിക്കയറ്റിയതാണെന്ന് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍. ഇവക്ക് ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശയുണ്ടായിരുന്നില്ല. ക്രമക്കേടുകള്‍ കണ്ടുപിടിച്ച് അധിക പ്ലസ് ടു ബാച്ച് അനുവദിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ലിസ്റ്റ് പുന:പരിശോധിക്കണം. ശരിയാ വിധത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ക്രമക്കേടുകളും കോഴയുടെ വിവരങ്ങളുമെല്ലാം പുറത്തുവരുമെന്നും ഫസല്‍ ഗഫൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എറണാകുളത്താണ് ക്രമവിരുദ്ധമായി 24 എണ്ണം അനുവദിച്ചത്. തിരുവനന്തപുരത്ത് ഏഴ്, കൊല്ലത്ത് ആറ്, പത്തനംതിട്ടയില്‍ അഞ്ച്, ആലപ്പുഴയില്‍ നാല്, കോട്ടയത്ത് ഏഴ്, ഇടുക്കിയില്‍ മൂന്ന്, തൃശൂരില്‍ ആറ്, പാലക്കാട് മൂന്ന്, കോഴിക്കോട് ഒമ്പത്, മലപ്പുറത്ത് ഏഴ്, വയനാട് അഞ്ച്, കണ്ണൂര്‍ എട്ട്, കാസര്‍കോട് 11 സ്‌കൂളുകളാണ് ക്രമവിരുദ്ധമായി തിരുകിക്കയറ്റിയത്. അപേക്ഷ സമര്‍പ്പിച്ച പലര്‍ക്കും കൊടുക്കാതിരുന്നപ്പോള്‍ അപേക്ഷിക്കാത്ത ചിലര്‍ക്ക് നല്‍കുകയും ചെയ്തു. പ്ലസ് ടു വിഷയത്തില്‍ കേരളത്തില്‍ മുഴുവന്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളും നടക്കുകയാണ്. എന്നിട്ടും ക്രമക്കേടുകള്‍ നടന്നിട്ടില്ലെന്ന് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
ഈ വിഷയത്തില്‍ സമയബന്ധിതമായി പരിഹാരം കാണമെന്നുമാത്രമാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. മര്യാദയുടെ അടിസ്ഥാനത്തില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എം ഇ എസ് സന്ധിചെയ്തു, മലക്കം മറിഞ്ഞു എന്നൊക്കെയാണ് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. ഒരു മലക്കവും മറിഞ്ഞില്ല. നിയമനടപടിയുമായി മുന്നോട്ടുപോകും. എം ഇ എസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ഫസല്‍ ഗഫൂര്‍ പറഞ്ഞു.