റിമാന്‍ഡില്‍ കഴിയുന്ന ആദിവാസി യുവാവ് പോലീസിനെ വെട്ടിച്ച് ഓടി

Posted on: August 7, 2014 10:35 am | Last updated: August 7, 2014 at 10:35 am

സുല്‍ത്താന്‍ ബത്തേരി: റിമാന്‍ഡില്‍ കഴിയുന്ന ആദിവാസി യുവാവ് കോടതി പോലീസിനെ വെട്ടിച്ച് ഓടി. പുറകെയോടി പോലീസുകാര്‍ ഒടുവില്‍ പ്രതിയെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ വീണ്ടും റിമാന്‍ഡ് ചെയ്തു.
മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സി.സി ഭൂദാനം നെല്ലിക്കണ്ടം പണിയകോളനിയിലെ മണി (35)യാണ് ബത്തേരിയില്‍ വച്ച് പോലീസിനെ വെട്ടിച്ച് ഓടിയത്. ഇന്നലെ രാവിലെ 11 മണിയോടെമാനന്തവാടി സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന മണിയെ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യില്‍ ഹാജരാക്കാനാണ് കൊണ്ടു വന്നത്. രണ്ടു പോലീസുകാര്‍ കൂടെയുണ്ടായിരുന്നു. കോടതി ജംഗ്ഷനില്‍ ബസിറങ്ങിയ ഉടനെ മണി ഇവിടെ നിന്ന് പോലീസുകാരെ വെട്ടിച്ച് പൂതിക്കാട് റോഡിലൂടെയാണ് ഓടിയത്. അര കിലോമീറ്റര്‍ ദൂരം ഓടിയപ്പോഴേക്കും മണിയെ പോലീസുകാര്‍ പിടിച്ചു. ഇയാള്‍ക്കെതിരേ ബത്തേരി പോലീസ് കേസെടുത്തു.
സഹോദരന്‍ മനോജി(30)നെ വിറകുകൊണ്ട് തലക്കടിച്ചുകൊന്ന കേസിലെ പ്രതിയാണ് മണി. ജൂണ്‍ 25 നായിരുന്നു സംഭവം. മണിയെ അന്നു തന്നെ പോലീസ് പിടികൂടിയിരുന്നു.