Connect with us

Ongoing News

പുതിയ പ്ലസ്ടു സര്‍ക്കാറിന്റെ ഭരണ നേട്ടം: കുഞ്ഞാലിക്കുട്ടി

Published

|

Last Updated

തിരുവനന്തപുരം: എസ് എസ് എല്‍ സി പാസായിട്ടും തുടര്‍പഠനത്തിന് അവസരമില്ലാത്ത വിദ്യാര്‍ഥികള്‍ക്കായി പുതിയ പ്ലസ്ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത് സര്‍ക്കാറിന്റെ ഭരണനേട്ടമാണെന്ന് വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. എന്നാല്‍, പുതിയ ബാച്ചുകളുടെയും സ്‌കൂളുകളുടെയും ആവശ്യം ഇല്ലായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ മനഃപൂര്‍വമായ ക്യാമ്പയിന്‍ നടന്നുവെന്നും ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനം കിട്ടാതെ നിരവധി വിദ്യാര്‍ഥികള്‍ നെട്ടോട്ടം ഓടുകയായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. എന്തൊക്കെ പ്രചാരണങ്ങള്‍ നടത്തിയാലും സര്‍ക്കാറിന്റെ തീരുമാനം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും വലിയ ആശ്വാസമാണ്. അത് വരുംകാലങ്ങളില്‍ കൂടുതല്‍ വ്യക്തമാകും. മിനിമം കുട്ടികള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ എണ്ണം പെരുപ്പിച്ച് കാട്ടി കൃത്രിമം കാട്ടാന്‍ അവസരം നല്‍കാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
സ്വാശ്രയ കോളജുകള്‍ അനുവദിച്ചപ്പോള്‍ അഴിമതി ഇല്ലാതാക്കാന്‍ സ്വീകരിച്ച നടപടികള്‍ക്ക് സമാനമായ കര്‍ശനമായ വ്യവസ്ഥകളാണ് വെച്ചത്. ആരെങ്കിലും ഇടക്കുകയറി കളിച്ചിട്ടുണ്ടെന്ന് തെളിവ് ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കാം. എന്നാല്‍, അതിനുള്ള സാധ്യതകള്‍ കാണുന്നില്ല. പ്ലസ്ടു ബാച്ചുകള്‍ കിട്ടാത്തവരുടെ പ്രസ്താവന വെച്ച് വര്‍ത്തമാനം പറയാന്‍ കഴിയില്ല. പ്ലസ്ടു പുതിയ ബാച്ചുകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം വന്നപ്പോള്‍ തന്നെ കര്‍ശനമായ മാനദണ്ഡം വേണമെന്ന നിലപാടാണ് താന്‍ സ്വീകരിച്ചത്. ധൃതി പിടിച്ചൊരു തീരുമാനം വേണ്ടെന്ന് മന്ത്രിസഭാ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് സ്‌കൂളുകളില്ലാത്ത പഞ്ചായത്തുകളില്‍ അവ അനുവദിക്കാമെന്നും കുട്ടികള്‍ ഉള്ളിടങ്ങളില്‍ ആവശ്യാനുസരണം ബാച്ചുകള്‍ അനുവദിക്കാമെന്നും കോടതി നിര്‍ദേശിച്ചു. ആവശ്യമില്ലാത്തിടത്ത് പുതിയ ബാച്ചുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അതു നിലനില്‍ക്കില്ല. മിനിമം കുട്ടികള്‍ ഇല്ലാത്ത സ്‌കൂളുകളിലെ ബാച്ചുകള്‍ തനിയേ റദ്ദാകും.
പ്രവേശനം പൂര്‍ത്തിയാകുമ്പോള്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. പുതുതായി തസ്തിക സൃഷ്ടിക്കാതെ, അഴിമതിക്ക് യാതൊരു പഴുതും ഇല്ലാതെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. പ്ലസ്ടു കിട്ടാത്തവര്‍ പ്രസ്താവന നടത്തിയതാണ് ചര്‍ച്ചകളായത്. അല്ലാതെ വലിയ കുഴപ്പം ഉള്ളതായി തോന്നുന്നില്ല. ഇക്കാര്യത്തില്‍ അമിതമായ ആശങ്കക്ക് അടിസ്ഥാനമില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

Latest