Connect with us

Ongoing News

മലയാളം- അറബി അന്തര്‍ദേശീയ സാഹിത്യോത്സവത്തിന് നാളെ തൃശൂരില്‍ തുടക്കം

Published

|

Last Updated

തൃശൂര്‍ : കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ സംഘടിപ്പിക്കുന്ന മലയാളം-അറബി അന്തര്‍ദേശീയ സാഹിത്യോത്സവത്തിന് നാളെ തിരശ്ശീലയുയരും. രണ്ട് ദിവസങ്ങളിലായി സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സാഹിത്യോത്സവം നാളെ രാവിലെ പത്തിന് മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷത വഹിക്കും. സക്കറിയ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ടാഗോര്‍ പുരസ്‌കാര ജേതാവായ അറബി കവി ഡോ. ശിഹാബ് ഖാനത്തെ ചടങ്ങില്‍ ആദരിക്കും. അക്കാദമി വൈസ് പ്രസിഡന്റ് അക്ബര്‍ കക്കട്ടില്‍, നിര്‍വാഹകസമിതിയംഗം പി കെ പാറക്കടവ്, എസ് എ ഖുദ്‌സി, ഷാര്‍ജ സര്‍ക്കാര്‍ ഉപദേഷ്ടാവ് സാലിഹ ഉബൈദ് ഗാബിശ് (യു എ ഇ ), അക്കാദമി സെക്രട്ടറി ആര്‍.ഗോപാലകൃഷ്ണന്‍, ജോണ്‍ സാമുവല്‍ പങ്കെടുക്കും.
വിവിധ രാജ്യങ്ങളില്‍ നിന്നായി ഒമ്പത് അറബി സാഹിത്യകാരന്‍മാരാണ് സാഹിത്യോത്സവത്തിനെത്തുന്നത്. കവി സമ്മേളനം, സാഹിത്യ സൗഹൃദചര്‍ച്ച, മലയാളം-അറബി കവിതാസായാഹ്നം തുടങ്ങിയവ സാഹിത്യോത്സവത്തിന്റെ ഭാഗമായി നടക്കും. അക്ബര്‍ കക്കട്ടില്‍, ടി പത്മനാഭന്‍, വി മധുസൂദനന്‍നായര്‍ തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അറബി എഴുത്തുകാര്‍ക്കുള്ള അക്കാദമിയുടെ ഉപഹാരം സമാപന സമ്മേളനത്തില്‍ പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ സമ്മാനിക്കും. തുടര്‍ന്ന് ഫലസ്തീന്‍ സംവിധായിക ല്യാന ബദറിന്റെ പീക്ക് ഹാര്‍ട്ട് സിനിമ പ്രദര്‍ശിപ്പിക്കും. ആഗസ്റ്റ് 10 ന് രാവിലെ 10 മണിക്ക് അക്കാദമി ഓഡിറ്റോറിയത്തില്‍ നവചിത്ര ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന അറബി ചലച്ചിത്രോത്സവം ല്യാന ബദര്‍ ഉദ്ഘാടനം ചെയ്യും. ഇന്‍സെന്റിസ് , ലെമണ്‍ ട്രീ , സാള്‍ട്ട് ഓഫ് ദിസ് സീ , ദ സിറിയന്‍ ബ്രൈഡ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.