പോലീസിലെ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നു

Posted on: August 7, 2014 12:05 am | Last updated: August 7, 2014 at 12:05 am

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ വനിതാ ഉദ്യോഗസ്ഥരുടെ അംഗസംഖ്യ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 60 വനിതാ എസ് ഐമാരുടെയും 250 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരുടെയും പുതിയ തസ്തികകള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.
1982-84 കാലയളവില്‍ പോലീസില്‍ ജോലി ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ പ്രമോഷന്റെ കാര്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ പ്രമോഷന്‍ സംബന്ധിച്ച് പലതവണ വിട്ടുവീഴ്ചകള്‍ ചെയ്ത് സര്‍ക്കാര്‍ തീരുമാനമെടുത്തതാണ്. അപ്പോഴെല്ലാം അതിനെതിരെ കോടതിയില്‍ കേസ് വന്നു. സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചു പോലും പ്രമോഷന്‍ പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ പലതവണ ശ്രമിച്ചിട്ടും നിയമനടപടികള്‍ മൂലം നടന്നില്ല. ഇവര്‍ക്ക് പ്രമോഷന് അവസരം നല്‍കണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.
കൊച്ചിയില്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഈ വര്‍ഷം തുടങ്ങുന്നതിന് ആവശ്യമായ തുക അനുവദിച്ചു. ഇവിടെ ഈ സ്ഥാപനം തുടങ്ങേണ്ടതിന്റെ ആവശ്യകത മന്ത്രിസഭക്ക് ബോധ്യപ്പെട്ടത് അനുസരിച്ച് നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നതാണ്. ഇതിന് ആവശ്യമായ സ്ഥലം കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് നല്‍കും. ഇതിന്റെ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി അടുത്ത ദിവസം തന്നെ തറക്കല്ലിടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റില്‍ ഇതിനായി അഞ്ച് കോടി നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ തുക അപര്യാപ്തമായതിനാല്‍ അടുത്ത ഇംപ്ലിമെന്ററി ഡിമാന്റില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ തുക അനുവദിക്കും.
എല്ലാ നിയോജക മണ്ഡലങ്ങളിലും ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് കുന്ദമംഗലത്ത് ആര്‍ട്‌സ് കോളജിന് മന്ത്രിസഭ അനുമതി നല്‍കി. ഇവിടെ ബി കോം, ബി എ എക്കണോമിക്‌സ്, ബി എസ് സി ജ്യോഗ്രഫി എന്നീ കോഴ്‌സുകള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ക്ക് പൂര്‍ത്തിയാക്കാനായി സ്‌പെഷ്യല്‍ ഓഫീസറെ നിയോഗിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഏഴ് തസ്തികള്‍ സൃഷ്ടിക്കാനും മന്ത്രിസഭ അംഗീകാരം നല്‍കി. അഞ്ച് ജൂനിയര്‍ കണ്‍സള്‍ട്ടന്റിന്റെയും ഒരു അസിസ്റ്റന്റ് സര്‍ജന്റെയും ഒരു ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്റെയും തസ്തികയാണ് അനുവദിച്ചത്. ഇവിടെ ആവശ്യമായ ജീവനക്കാരില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്.
കാലവര്‍ഷക്കെടുതിയെക്കുറിച്ചും മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ച ചെയ്തു. കഴിഞ്ഞദിവസം റവന്യൂമന്ത്രിയും ചീഫ് സെക്രട്ടറിയും ജില്ലാ കലക്ടര്‍മാരില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് വിലയിരുത്തി മന്ത്രിസഭ അംഗീകരിച്ചു. സംസ്ഥാനത്തൊട്ടാകെ മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങളും വിലയിരുത്തി. 80 പേര്‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചിട്ടുണ്ട്. ഇവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപവീതം ധനസഹായം നല്‍കും. 156 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇവക്ക് രണ്ട് ലക്ഷം രൂപവീതം അനുവദിച്ചു. ഭാഗികമായി 4954 വീടുകളാണ് തകര്‍ന്നത്. കലക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ കുടുംബങ്ങള്‍ക്ക് ആനുപാതിക സഹായം നല്‍കും. പ്രളയബാധിത പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് ഒരാഴ്ച സൗജന്യ റേഷന്‍ നല്‍കും. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിനായി നേരത്തെ പ്രതിദിനം 35 രൂപവീതം നല്‍കിയിരുന്നത് 70 രൂപയാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.
കുട്ടനാട്ടിലെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ തോട്ടപ്പള്ളി സ്പില്‍വേയിലെ മണ്ണ് നീക്കം ചെയ്യും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാജില്ലാ കലക്ടര്‍മാര്‍ക്കുമായി 178.73 കോടി രൂപ നേരത്തെ തന്നെ അനുവദിച്ചിട്ടുണ്ട്. ആവശ്യമായ ദുരിതനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ തുക വിനിയോഗിക്കാനും മന്ത്രിസഭ നിര്‍ദേശം നല്‍കി.