രേഖകള്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി

Posted on: August 7, 2014 12:05 am | Last updated: August 7, 2014 at 12:05 am

തിരുവനന്തപുരം: സര്‍ട്ടിഫിക്കറ്റുകളും സര്‍ക്കാര്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവിറങ്ങി. ഇനിമുതല്‍ പി എസ് സിയിലും മറ്റു സര്‍ക്കാര്‍ സേവനങ്ങള്‍ക്കും അപേക്ഷിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളും സത്യവാങ്മൂലങ്ങളും സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.
സര്‍ട്ടിഫിക്കറ്റുകള്‍ ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പടുത്തിയിരിക്കണമെന്ന നിലവിലെ നിയമം എടുത്തുകളയുന്നത് സംബന്ധിച്ച് കഴിഞ്ഞ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ ഉത്തരവിറക്കിയത്. രണ്ടാമത് കേന്ദ്ര ഭരണ പരിഷ്‌കാര കമ്മീഷന്റെ പന്ത്രണ്ടാമത് റിപ്പോര്‍ട്ടിന്റെ ശിപാര്‍ശ പ്രകാരമാണ് മന്ത്രിസഭ ഈ നടപടി കൈക്കൊണ്ടത്. പുതിയ ഉത്തരവ് പ്രകാരം ഏതെങ്കിലും നിയമത്തില്‍ പ്രത്യേകം നിഷ്‌കര്‍ഷയുള്ളതൊഴികെ അപേക്ഷകളോടൊപ്പം നിശ്ചയിക്കപ്പെട്ട ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും സാക്ഷ്യപ്പെടുത്തിയ രേഖകളും സമര്‍പ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി അന്തിമഘട്ടത്തില്‍ മാത്രം അസല്‍രേഖകള്‍ ഹാജരാക്കണമെന്ന നിബന്ധനയേടെ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. പ്രത്യേകം നിര്‍ദേശമുള്ള അപേക്ഷകള്‍ മാത്രം ഇനി ഗസറ്റഡ് ഓഫീസര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതി.