ബാര്‍: കെ സി ബി സി സെക്രട്ടേറിയറ്റ് ധര്‍ണ 14ന്

Posted on: August 6, 2014 12:49 am | Last updated: August 6, 2014 at 11:56 pm

കൊച്ചി: സംസ്ഥാനത്ത് അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കരുതെന്നാവശ്യപ്പെട്ട് കെസിബിസി മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ 14നു സെക്രട്ടേറിയേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും. മദ്യത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരനു പൂര്‍ണ പിന്തുണയുണ്ടാകുമെന്നും കെ സി ബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം ചെയര്‍മാന്‍ ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്ന യുഡിഎഫിന്റെ വാഗ്ദാനം നടപ്പാക്കണം. മദ്യത്തിന്റെ ലഭ്യത ഇല്ലാതാക്കാനുള്ള നടപടികളാണ് സംസ്ഥാനത്തുണ്ടാവേണ്ടത്. ബാറുകള്‍ തുറക്കേണ്ടതിനെക്കുറിച്ചല്ല, മദ്യം മൂലം ദുരിതത്തിലായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും തകര്‍ന്ന കുടുംബങ്ങള്‍ക്കും സുരക്ഷിതത്വം ഒരുക്കേണ്ടതിനെക്കുറിച്ചാണു മനുഷ്യാവകാശ കമ്മീഷന്‍ നിലപാടെടുക്കേണ്ടതെന്നും യോഗം അഭിപ്രായപ്പെട്ടു. എക്‌സൈസ് മന്ത്രി കെ ബാബു മദ്യലോബിയുടെ ആളാണെന്ന അഭിപ്രായമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെ നിങ്ങള്‍ക്ക് വായിച്ചെടുക്കാമെന്നായിരുന്നു സമിതി ഭാരവാഹികളുടെ പ്രതികരണം. ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു.