കോഴികളില്‍ ആന്റിബയോട്ടിക് പ്രയോഗിക്കുന്നത് നിയന്ത്രിത അളവിലെന്ന്

Posted on: August 6, 2014 12:48 am | Last updated: August 6, 2014 at 12:48 am

കൊച്ചി: കോഴികളില്‍ ആന്റിബയോട്ടിയ്ക്ക് കുത്തിവയ്ക്കുന്നുവെന്നത് കളളപ്രചാരണമാണെന്ന് കേരള പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കെ പി എഫ് എ അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യന്‍ വ്യവസായികള്‍ക്ക് വേണ്ടി ഒരു സ്വകാര്യ ലാബില്‍ നടത്തിയെന്നു പറയപ്പെടുന്ന പരിശോധനാ റിപ്പോര്‍ട്ടിന് യാതൊരു സ്വീകാര്യതയുമില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സി എസ് ഇ എന്ന സ്വകാര്യ ലാബ് നടത്തിയിരിക്കുന്ന പരിശോധനാ റിപ്പോര്‍ട്ട് തളളിക്കളയണം. ആന്റിബയോട്ടിക് ഉപയോഗിക്കുന്നുവെന്ന പ്രചാരണം നടത്തി കോഴി കൃഷി തകര്‍ക്കാനുളള ശ്രമങ്ങളാണ് നടന്നുവരുന്നത്. രണ്ട് ലക്ഷത്തോളം വരുന്ന കര്‍ഷക കുടുംബങ്ങളെയും ഉപഭോക്താക്കളെയും ആശങ്കയിലാഴ്ത്തുന്നതാണ് ഈ റിപ്പോര്‍ട്ട്. തലമുറകളായി മുന്തിയ ഇനം കോഴിക്കുഞ്ഞുങ്ങളെ തിരഞ്ഞെടുത്ത് ശാസ്ത്രീയമായി തീറ്റ, പരിചരണം എന്നിവയിലൂടെ 42 ദിവസം കൊണ്ട് 2 കിലോ തൂക്കം ലഭിക്കുന്നു.ഇവയുടെ വളര്‍ച്ചക്ക് ആദ്യഘട്ടങ്ങളില്‍ നിയന്ത്രിതമായ അളവിലുളള ആന്റിബയോട്ടിക്കുകള്‍ അനിവാര്യമാണ്. ലോകവ്യാപകമായി ബോയ്‌ലര്‍ ഉല്‍പ്പാദന രംഗത്ത് ആന്റി ബയോട്ടിക്കുകള്‍ മനുഷ്യ ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനായി ലോകാരോഗ്യ സംഘടന കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. സി എസ് ഇ പഠനം ഹോര്‍മോണ്‍ ഉപയോഗത്തെ കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.
എന്നാല്‍ ബ്രോയിലര്‍ വളര്‍ത്തലിന്റെ ഒരു ഘട്ടത്തിലും ഹോര്‍മോണുകള്‍ ഉപയോഗിക്കുന്നില്ല. മുന്തിയ ഇനം വളര്‍ച്ചയുളള കോഴികളെ തലമുറകളായി തെരഞ്ഞെടുത്ത് അവക്ക് വേണ്ട പോഷകങ്ങള്‍ ശാസ്ത്രീയവും കൃത്യവുമായി നല്‍കിയാണ് ബ്രോയ്‌ലര്‍ കോഴി വളര്‍ച്ചയെത്തുന്നത്. ആന്റിബയോട്ടിക് റസിസ്റ്റന്‍സ് ഭാവിയില്‍ വരും എന്നുളള കാര്യം കാണിച്ച് സി എസ് ഇ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ല.
ബാഹ്യ ലോബികളുടെ ശക്തമായ ഇടപെടലാണ് ഇതിനു പിന്നിലെന്നും,റിപ്പോര്‍ട്ടിന്റെ പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കെ പി എഫ് എ ‘ഭാരവാഹികളായ ബൈജു കടവന്‍, എ പി കാദറലി, കെ കെ രമണന്‍,സെയ്ദ് മണലായ,അഡ്വ രാജഗോപാല്‍,വെറ്റിനറി ഡോ റൗഫ് പങ്കെടുത്തു.