Connect with us

Ongoing News

ഗ്രൂപ്പ് യോഗം വിളിച്ചാല്‍ അയോഗ്യരാക്കുമെന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: ഗ്രൂപ്പ്യോഗങ്ങള്‍ വിളിച്ചുകൂട്ടാന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി നേതാക്കളെയും പങ്കെടുക്കുന്ന പാര്‍ട്ടി ഭാരവാഹികളെയും പാര്‍ട്ടി പുനഃസംഘടനയില്‍ ഭാരവാഹിസ്ഥാനത്തേക്ക് വരുന്നതില്‍ നിന്ന് അയോഗ്യരാക്കുമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ഗ്രൂപ്പ് അതിപ്രസരമില്ലാത്തതും അര്‍ഹരായവര്‍ക്ക് ഓരോ സ്ഥാനങ്ങളിലേക്ക് കടന്നുവരാവുന്നതുമായ ഇത്തവണത്തെ പാര്‍ട്ടി പുനഃസംഘടനയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുത്തന്‍ ആവേശവും പ്രതീക്ഷയും ഉണ്ടായിട്ടുണ്ടെങ്കിലും പുനഃസംഘടനാ പ്രക്രിയയിലൂടെ പാര്‍ട്ടിക്ക് കൈവരാന്‍ പോകുന്ന പുതുജീവനും പുതിയ ചൈതന്യവും തിരിച്ചറിയാന്‍ കഴിയാത്ത അപൂര്‍വം ചിലര്‍ ഇപ്പോഴും പ്രാദേശിക തലത്തില്‍ ഗ്രൂപ്പ് യോഗങ്ങള്‍ ചേരുന്നതായി അദ്ദേഹം വ്യക്തമാക്കി.
പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുവേളയില്‍ ചില ഭാഗങ്ങളില്‍ ദൃശ്യമായ സംഘടനാ ദൗര്‍ബല്യങ്ങള്‍ പുതിയ ബൂത്തുകമ്മിറ്റികള്‍ രൂപവല്‍ക്കരിക്കപ്പെടുന്നതോടെ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ആ നല്ല ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് ഈ പുനഃസംഘടനാ പ്രക്രിയ. അത് വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും അതിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും താഴെത്തട്ടില്‍ വരെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം അങ്ങേയറ്റം ശക്തമാക്കാന്‍ ഉപകരിക്കുമെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.