Connect with us

Gulf

സിഗരറ്റ് ലൈറ്ററില്‍ ഗ്രാന്റ് മസ്ജിദിന്റെ ചിത്രം; അനാദരവെന്ന് പരാതി

Published

|

Last Updated

അല്‍ ഐന്‍: രാജ്യത്തെ ചില ചില്ലറ വില്‍പന ശാലകളില്‍ വില്‍ക്കപ്പെടുന്ന സിഗരറ്റ് ലൈറ്ററിന്റെ പുറത്ത് അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് പരാതിക്കിടയാക്കി. അല്‍ ഐനിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ വില്‍പന നടത്തിയ ലൈറ്ററുകളിലാണ് ഗ്രാന്റ് മസ്ജിദിന്റെ ചിത്രം ശ്രദ്ധയില്‍പെട്ടത്.
ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിനെ കേവലമൊരു പള്ളി എന്നതിലപ്പുറം രാഷ്ട്ര പിതാവിന്റെ സ്മാരകവും കൂടിയായാണ് യു എ ഇ സമൂഹം കാണുന്നത്. അതിനും പുറമെ ലോകത്തിനു മുമ്പില്‍ രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള അര്‍ഥതലങ്ങള്‍ ഉള്ള സ്ഥാപനമാണ് ഗ്രാന്റ് മസ്ജിദ്. അത് കൊണ്ട് തന്നെ സിഗരറ്റ് ലൈറ്ററിനു പുറത്ത് മസ്ജിദിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടത് ചില സ്വദേശികളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇവര്‍ ഇതിനെതിരെ പരാതിയുമായി അധികൃതരെ സമീപിച്ചിരിക്കുകയാണ്. പുകയില ഉത്പന്നങ്ങളും അനുബന്ധ സാധനങ്ങളും പള്ളികളോട് ചേര്‍ന്ന സ്ഥാപനങ്ങളില്‍ വില്‍പന നടത്തുന്നത് മതകാര്യവകുപ്പ് നേരത്തെ നിരോധിച്ചതാണ് എന്നിരിക്കെ ഇത്തരം സാധനങ്ങളുടെ കവര്‍ ചിത്രമായി ഗ്രാന്റ് മസ്ജിദ് പ്രത്യക്ഷപ്പെടുന്നത് തീര്‍ത്തും അപലപനീയമാണെന്ന് അല്‍ ഐന്‍ മതകാര്യ വകുപ്പിന്റെ ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ഗൈതി പറഞ്ഞു.
വില്‍പനക്കുവെച്ച ഇത്തരം സാധനങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കാനാവശ്യമായത് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ചെയ്യുമെന്നും അല്‍ ഗൈതി പറഞ്ഞു. മതകാര്യ വകുപ്പിന്റെ ഉടമസ്ഥതയിലുള്ളതും പള്ളികളോട് ചേര്‍ന്നു കിടക്കുന്നതുമായ കടകളില്‍ പുകയില ഉത്പന്നങ്ങളും അനുബന്ധ സാധനങ്ങളും വില്‍ക്കുന്നത് നിയമം മൂലം നേരത്തെ തടഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest