ഈദ് അവധി ദിനങ്ങളില്‍ അബുദാബിയില്‍ 17 അപകടങ്ങള്‍; അഞ്ചു മരണം

Posted on: August 5, 2014 8:44 pm | Last updated: August 5, 2014 at 8:44 pm

അബുദാബി: ഈദ് അവധി ദിനങ്ങളില്‍ അബുദാബിയില്‍ 17 വാഹനാപകടങ്ങള്‍ സംഭവിച്ചതായും ഇതില്‍ അഞ്ചു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും അബുദാബി പോലീസ് വ്യക്തമാക്കി. ആറു പേരുടെ പരുക്ക് ഗുരുതരമാണ്. പെട്ടെന്ന് വാഹനങ്ങള്‍ ദിശമാറ്റിയത്, അമിത വേഗം, അശ്രദ്ധമായി വാഹനം ഓടിക്കല്‍ തുടങ്ങിയ കാരണങ്ങളാലാണ് അപകടങ്ങളില്‍ മിക്കവയും സംഭവിച്ചത്. ജൂലൈ 28നും ഓഗസ്റ്റ് രണ്ടിനും ഇടയിലാണ് എമിറേറ്റുകളിലെ റോഡുകളിലും ഹൈവേകളിലും അപകടങ്ങള്‍ സംഭവിച്ചതെന്ന് അബുദാബി പോലീസിന്റെ ട്രാഫിക്‌സ് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ ഖമിസ് മുഹമ്മദ് വ്യക്തമാക്കി. 17 കൂട്ടിയിടികള്‍ സംഭവിച്ചു. ഇതില്‍ 11 എണ്ണവും അബുദാബി നഗരത്തിലായിരുന്നു. നാലെണ്ണം അല്‍ ഐനിലും രണ്ടെണ്ണം പടിഞ്ഞാറന്‍ മേഖലയിലുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പോലീസിന്റെ നേതൃത്വത്തില്‍ അപടകങ്ങളും അപകട മരണങ്ങളും കുറക്കാന്‍ വിശുദ്ധ റമസാന്‍ മാസത്തിലും ഈദ് കാലത്തും അതിശക്തമായ കാമ്പയിനാണ് നടത്തിയത്. യു എ ഇയെ ഒന്നായിക്കണ്ടുളള ഗതാഗത ബോധവത്ക്കരണമാണ് ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയത്. പൊതുജനങ്ങളെ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും സുരക്ഷിതമായി വാഹനം ഓടിക്കേണ്ടുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്യാന്‍ ലക്ഷ്യമിട്ടാണ് പോലീസ് ബോധവത്കരണ യജ്ഞങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മറ്റ് വാഹനങ്ങള്‍ക്കും സുഖമാമായി സഞ്ചരിക്കാന്‍ ഉതകുന്ന രീതിയിലായിരിക്കണം നാം ഒരോരുത്തരും വാഹനം ഓടിക്കേണ്ടത് എന്ന സന്ദേശമാണ് ബോധവത്കരണത്തിലൂടെ നല്‍കാന്‍ ശ്രമിച്ചത്.
ഗതാഗത നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യമായ അവബോധം ഉണ്ടാക്കാന്‍ ബോധവത്കരണത്തിലൂടെ സാധിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ മേഖലകളിലേക്കും ആളുകളിലേക്കും എത്തിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. ജനങ്ങളില്‍ നിന്നു നല്ല പ്രതികരണമാണ് ഇത്തരം പരിപാടികളോട്. റോഡില്‍ സുരക്ഷ ഉറപ്പാക്കുകയെന്നത് വാഹനം ഓടിക്കുന്ന മുഴുവന്‍ പേരുടെയും ഉത്തരവാദിത്വമാണ്. ഇതില്‍ നിന്നു ആര്‍ക്കും ഒഴിഞ്ഞു നില്‍ക്കാന്‍ സാധിക്കില്ല. ഒരാള്‍ നൂറു ശതമാനം നിയമം പാലിച്ച് വാഹനം ഓടിച്ചാലും മറ്റുള്ളവര്‍ അതുപോലെ പരിശ്രമിച്ചിട്ടില്ലെങ്കില്‍ തീര്‍ച്ചയായും അപകടത്തിന് ഇടയാക്കും. ഇത് ഇല്ലാതാക്കാനാണ് റോഡ് ഉപയോഗിക്കുന്ന ഓരോരുത്തരും നിയമം കണിശമായി പാലിക്കണമെന്ന് ആവശ്യപ്പെടുന്നത്. തനിക്കൊപ്പം മറ്റുള്ളവര്‍ക്കും ഉപയോഗിക്കാനുള്ളതാണ് റോഡെന്ന ബോധം ഉണ്ടായാലെ അപകടം പൂര്‍ണ്ണമായും ഒഴിവാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടൂ.
കാര്‍ ഉപയോഗിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക, മോട്ടോര്‍ബൈക്കുകള്‍ ഓടിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കുക എന്നിവ സുരക്ഷ ഉറപ്പാക്കാന്‍ അത്യാവശ്യമാണ്. ഇതോടൊപ്പം വേഗം നിയന്ത്രിക്കാനും ഓരോരുത്തരും ഉല്‍സാഹിക്കണം. റോഡ് ഉപയോഗിക്കുന്ന കാല്‍നടക്കാര്‍ മുറിച്ചു കടക്കുമ്പോള്‍ കടുത്ത ജാഗ്രത പാലിക്കണം.
അനുവദനീയമായ കേന്ദ്രങ്ങളില്‍ മാത്രം റോഡ് മുറിച്ചു കടക്കുക, ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുക തുടങ്ങിയവ പൊതുജനങ്ങള്‍ക്കും ബാധകമാണ്. ഓരോരുത്തരും ട്രാക്കുകളില്‍ അനുവദനീയമായ വേഗം പാലിക്കണം. ട്രാക്കുകള്‍ മാറ്റേണ്ടി വരുമ്പോള്‍ മതിയായ രീതിയില്‍ ഇന്റിക്കേറ്റര്‍ ഉപയോഗിക്കണമെന്നും മറ്റ് വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കേണല്‍ ഖമിസ് മുഹമ്മദ് അഭ്യര്‍ഥിച്ചു.