Connect with us

Kasargod

മൊഗ്രാല്‍ തീരം കടല്‍ വിഴുങ്ങുന്നു

Published

|

Last Updated

മൊഗ്രാല്‍: ശക്തമായി തുടരുന്ന മഴയും ഒരു മാസക്കാലമായി തുടരുന്ന കടലാക്രമണവും മൊഗ്രാല്‍ തീരദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി തുടരുന്നു. ഇതിനകം 300 മീറ്ററോളം കര കടലെടുത്തതോടെ കടലോര നിവാസികള്‍ ആശങ്കയിലാണ്. ദിവസേനയെന്നോണം പത്തും പതിനഞ്ചും തെങ്ങുകളും തീരവുമാണ് കടലെടുത്തുകൊണ്ടിരിക്കുന്നത്. സഹായവും നഷ്ടപരിഹാരവും ഇനിയും അകലെയെന്നത് കടലോരമക്കളെ ദുരിതത്തിലാക്കുന്നു.

മൊഗ്രാല്‍ നാങ്കി, ഗാന്ധിനഗര്‍, കൊപ്പളം പ്രദേശങ്ങളിലായി പത്തോളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ഇതിനകം 250 ഓളം തെങ്ങുകളും കാറ്റാടി മരങ്ങളും കടലെടുത്തുകഴിഞ്ഞു. നാങ്കിയില്‍ കോടികള്‍ ചിലവഴിച്ച് നിര്‍മിച്ച കടല്‍ഭിത്തി കടലെടുത്തതോടെ കോയിപ്പാടി-കൊപ്പളം തീരദേശ റോഡും ഭീഷണിയിലായി. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മൊഗ്രലാലിലെ ക്ഷീരകര്‍ഷകരായ എം എ അബ്ദുല്ല, മൂസ, മത്സ്യത്തൊഴിലാളികളായ എം എ ഇബ്‌റാഹിം, ഖാലിദ്, കെ മുഹമ്മദ്കുഞ്ഞി, പരേതനായ ബാപ്പുട്ടി, സിദ്ദീഖ് കന്യപ്പാടി എന്നിവരുടെ പതിനഞ്ചോളം തെങ്ങുകളാണ് കടപുഴകിയത്. പത്തോളം തെങ്ങുകള്‍ ഏതു നിമിഷവും കടലെടുക്കാവുന്ന സ്ഥിതിയിലുമാണ്. മൊഗ്രാല്‍ കടലോരത്തെ 28 കുടുംബങ്ങളുടെ സ്ഥലവും തെങ്ങുകളുമാണ് കടലെടുത്തുകൊണ്ടിരിക്കുന്നത്.
ഖാലിദ്, കെ മുഹമ്മദ്കുഞ്ഞി, അബ്ദുല്ല, അശ്‌റഫ്, മൊയ്തു, എസ് എ അബ്ബാസ്, സി എച്ച് അബൂബക്കര്‍, ഗുലാബി, ലത്തീഫ് എന്നിവരുടെ വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. കൃഷ്ണപ്പ, വിജയകുമാര്‍, ലളിത, ഹരീഷ്, ശ്രീനിവാസ, ഗംഗാധരന്‍, ദയാനന്ദ, കമല, ലോകേഷ്, ബീരാന്‍കുഞ്ഞി, വാസന്തി, കെ ടി മൊയ്തു, അറബി കൊപ്പളം, കെ എം അബ്ബാസ്, ഖലീല്‍, സി കെ അബ്ദുറഹ്മാന്‍, ചിദാനന്ദന്‍ എന്നിവരുടെ സ്ഥലവും തെങ്ങുകളുമാണ് ഇതിനകം കടലെടുത്തത്. മൊഗ്രാല്‍ തീരത്ത് കടല്‍ ദുരിതം വിതക്കുമ്പോള്‍ അധികൃതര്‍ സഹായത്തിനെത്താത്തത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.