ഗാസയില്‍ നിന്ന് ഇസ്‌റാഈല്‍ സൈന്യത്തെ പിന്‍വലിക്കുന്നു

Posted on: August 5, 2014 7:33 am | Last updated: August 6, 2014 at 8:40 am

israel military

ഗാസ/ ജറൂസലം/ കൈറോ: ഗാസയില്‍ ഒരു മാസത്തോളം നീണ്ടുനിന്ന നരമേധത്തിനു ശേഷം ഇസ്‌റാഈല്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന്. ഇതേത്തുടര്‍ന്ന് ഗാസയില്‍ നിന്ന് ഇസ്‌റാഈല്‍ കരസേന പിന്മാറിത്തുടങ്ങി. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ തയ്യാറായത്. ഇന്നലെ പ്രാദേശിക സമയം രാവിലെ എട്ട് മണി മുതലാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്. ആക്രമണം പൂര്‍ണമായും അവസാനിപ്പിക്കുക ലക്ഷ്യമിട്ട് നടത്തുന്ന ചര്‍ച്ചകളുടെ ഭാഗമായാണ് വെടിനിര്‍ത്തല്‍. താത്കാലിക വെടിനിര്‍ത്തലിനായുള്ള മധ്യസ്ഥ ശ്രമങ്ങള്‍ക്കായി ഇസ്‌റാഈല്‍, ഫലസ്തീന്‍ സര്‍ക്കാറുകളെ ഈജിപ്ത് ചര്‍ച്ചക്ക് വിളിക്കുകയായിരുന്നു. നേരിട്ടല്ലാത്ത ചര്‍ച്ചയിലൂടെയാണ് വെടിനിര്‍ത്തലിനുള്ള തീരുമാനം കൈക്കൊണ്ടത്. റഫയുടെ തെക്കന്‍ മേഖലയില്‍ നിന്നും ബെയ്ത് ഹനൗനില്‍ നിന്നും സൈന്യം പിന്മാറി.
ഗാസയിലുള്ള സൈന്യത്തെ പിന്‍വിലിച്ച ശേഷം അതിര്‍ത്തിയില്‍ പുനര്‍വിന്യസിക്കുമെന്ന് ഇസ്‌റാഈല്‍ സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ പീറ്റര്‍ ലെര്‍നര്‍ പറഞ്ഞു. ഗാസയില്‍ നിന്ന് ഇസ്‌റാഈലിലേക്ക് നിര്‍മിച്ച 32 തുരങ്കങ്ങള്‍ പൂര്‍ണമായി നശിപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. കഴിഞ്ഞ മാസം എട്ടിനാണ് ഗാസയില്‍ ഇസ്‌റാഈല്‍ ആക്രമണം തുടങ്ങിയത്. ഇതിന് ശേഷം മൂന്ന് തവണ വെടിനിര്‍ത്തല്‍ കരാറിന് ഇസ്‌റാഈല്‍ തയ്യാറായെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കരാര്‍ ലംഘിച്ച് ആക്രമണം ശക്തമാക്കുകയായിരുന്നു. തിങ്കളാഴ്ച സ്വയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷവും ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു. അതിനാല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷവും മേഖലയില്‍ ആക്രമണ ഭീതി നിലനില്‍ക്കുകയാണ്.
മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് തയ്യാറായതായി ഇരു വിഭാഗവും സ്ഥിരീകരിച്ചിട്ടുണ്ട്. കരാര്‍ ലംഘിക്കുന്ന പക്ഷം ആക്രമണം തുടരുമെന്നും ഹമാസും ഇസ്‌റാഈലും വ്യക്തമാക്കി. മാനുഷിക പരിഗണന നല്‍കിയാണ് 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് തയ്യാറായതെന്നും ഇസ്‌റാഈല്‍ സ്വയം നിയന്ത്രിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഉസാമാ ഹംദന്‍ പറഞ്ഞു. താത്കാലിക വെടിനിര്‍ത്തലിനിടെ ഇസ്‌റാഈല്‍ സംഘം ചര്‍ച്ചകള്‍ക്കായി ഈജിപ്ത് തലസ്ഥാനമായ കൈറോയിലേക്ക് തിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗാസക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധം പൂര്‍ണമായും എടുത്തുകളയുക, തടവുകാരെ വിട്ടയക്കുക, ഇസ്‌റാഈല്‍ സൈന്യം ഗാസയില്‍ നിന്ന് പൂര്‍ണമായും പിന്മാറുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഹമാസ് മുന്നോട്ടുവെച്ചിട്ടുള്ളത്. എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും എന്നാല്‍, ചര്‍ച്ചകളുടെ കാര്യത്തില്‍ ഉത്കണ്ഠയുണ്ടെന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.
ഫലസ്തീനിലെ സംഘടനകളായ ഹമസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും പ്രതിനിധികള്‍ കൈറോയിലുണ്ട്. ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം മേധാവിയുമായി ഇവര്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചക്കു ശേഷം ഹമാസ് ഉള്‍പ്പെടെയുള്ള സംഘടനകളുടെ ആവശ്യങ്ങള്‍ ഇസ്‌റാഈലിനെ ഈജിപ്ത് അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. കൈറോയില്‍ നടക്കുന്ന ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആഹ്വാനം ചെയ്തു.
ഗാസയില്‍ നടന്ന ആക്രമണങ്ങളില്‍ 1,800 പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. ഇവരില്‍ എഴുപത്തിയഞ്ച് ശതമാനവും സാധാരണക്കാരാണെന്ന് യു എന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നാനൂറിലധികം കുട്ടികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. കരയാക്രമണത്തിനിടെ 67 ഇസ്‌റാഈല്‍ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്.