Connect with us

Wayanad

ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നു.പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള രോഗം ബാധിച്ച് ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ദിവസം തോറും വര്‍ധിക്കുകയാണ്.
ജില്ലയില്‍ മഞ്ഞപിത്തം നിയന്ത്രണാതീതമായി വര്‍ധിക്കുകയാണ്. കഴിഞ്ഞ മാസം ഇരുപത്തിരണ്ടോളം പേര്‍ക്ക് ജില്ലയില്‍ മഞ്ഞപിത്തം സ്ഥിരീകരിച്ചു. 49 പേര്‍ രോഗലക്ഷണങ്ങളോടെ ചികിത്സ തേടി. കാവുമന്ദത്ത് ഏഴ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. പടിഞ്ഞാറത്തറ പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷംമുതല്‍ മഞ്ഞപിത്തം പടരുന്നതാണ്. ഇപ്പോഴും രോഗം നിയന്ത്രണവിധേയമാക്കാന്‍ ആരോഗ്യവകുപ്പിനായിട്ടില്ല. കാവുമന്ദത്ത് ഡ്രൈവര്‍മാര്‍ക്ക് കൂട്ടത്തോടെ രോഗം ബാധിച്ചത് ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
രോഗം കണ്ടെത്തിയവരുടെ രക്തസാമ്പിളികള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി ശേഖരിച്ചിട്ടുണ്ട്. വെള്ളത്തിന്റെ സാമ്പിളും പരിശോധനക്ക് എടുത്തിട്ടുണ്ട്.കഴിഞ്ഞ മാസം ജില്ലയില്‍ 14 പേര്‍ക്ക് ജില്ലയില്‍ എലിപ്പനിയുംസ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയില്‍ ആശുപത്രികളിലെത്തിയവരുടെ എണ്ണം കൂടുതലാണെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് മരിച്ചവരുടെ എണ്ണം സര്‍ക്കാര്‍ കണക്കുപ്രകാരം 160 ആയി. തൊട്ടുമുന്‍വര്‍ഷം പകര്‍ച്ചവ്യാധി മരണം 109 ആയിരുന്നു. ഈ വര്‍ഷം ഏഴ്മാസം കൊണ്ട് മുന്‍വര്‍ഷത്തേക്കാള്‍ മരണം കൂടി. രോഗപ്രതിരോധത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലുമുള്ള വീഴ്ചയാണ് മരണസംഖ്യ ഉയര്‍ത്തുന്നതെന്നാണ് ആക്ഷേപം. ശുദ്ധജല ദൗര്‍ലഭ്യവും ശുചീകരണ സംവിധാനങ്ങളുടെ അഭാവവുമുള്ള പ്രദേശങ്ങളിലാണ് പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നത്. തദ്ദേശസ്ഥാപനങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ പിന്നിലാണ്.
ഫണ്ടിന്റെ അപര്യാപ്തതയാണ് പഞ്ചായത്തുകള്‍ക്ക് ശുചീകരണത്തിന് തടസമാകുന്നത്. ഭൂരിഭാഗം പഞ്ചായത്തുകളിലും മഴക്കാലപൂര്‍വ ശുചീകരണവും വേണ്ടത്ര നടന്നിട്ടില്ല.

Latest