മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍

Posted on: August 4, 2014 11:19 am | Last updated: August 4, 2014 at 11:19 am
SHARE

jourഗാസ സിറ്റി: ഗാസാ മുനമ്പില്‍ കരയാക്രമണം ആരംഭിച്ചതിന് ശേഷം 72 മാധ്യമപ്രവര്‍ത്തകരെ ഇസ്‌റാഈല്‍ ലക്ഷ്യം വെച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരായ സാമിഹ് അല്‍ അരിയാന്‍, മുഹമ്മദ് ളാഹിര്‍ എന്നിവര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണ റിപ്പോര്‍ട്ട് ഫലസ്തീന്‍ വിവര പ്രക്ഷേപണ മന്ത്രാലയം പുറത്തുവിട്ടത്.
കഴിഞ്ഞ ബുധനാഴ്ച ഗാസ സിറ്റിയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ റാമി റയ്യാന്‍, ആഹിദ് സഖൂത് എന്നീ മാധ്യമപ്രവര്‍ത്തകര്‍ ഇസ്‌റാഈല്‍ സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആ ആക്രമണത്തില്‍ ഇവരും മൂന്ന് അഗ്നിശമന സേനാംഗങ്ങളും അടക്കം 17 പേരാണ് കൊല്ലപ്പെട്ടത്. ഗാസാ ആക്രമണം തുടങ്ങി ആദ്യ മൂന്ന് ആഴ്ചകളില്‍ ഒരു മാധ്യമപ്രവര്‍ത്തകയടക്കം നാല് മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. മൊത്തം ഒമ്പത് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 16 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പ്രസ് എന്നും ടി വി എന്നും സ്റ്റിക്കറുകള്‍ പതിച്ച രണ്ട് വാഹനങ്ങളും ആക്രമിച്ചു. മാധ്യമപ്രവര്‍ത്തകര്‍ താമസിക്കുന്ന 16 വീടുകളും 15 മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകളും ഇസ്‌റാഈല്‍ തകര്‍ത്തിട്ടുണ്ട്. അല്‍ ജസീറയുടെ ഗാസ ബ്യൂറോ ആക്രമണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ആക്രമിച്ചിരുന്നു. 14 തവണ ഹാക്കിംഗുമുണ്ടായി. വ്യക്തമായ സൂചനകളുണ്ടായിട്ടും മാധ്യമ പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും ഇസ്‌റാഈല്‍ സേന മനഃപൂര്‍വം ലക്ഷ്യം വെക്കുകയാണെന്ന് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.