ഗാസയില്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ മരണം 1800 കവിഞ്ഞു

Posted on: August 4, 2014 10:17 am | Last updated: August 5, 2014 at 7:16 am

gaza

ഗാസ/ ജറൂസലം: ഗാസയില്‍ ഇസ്‌റാഈല്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1800 കടന്നു. ഇന്നലെ ഗാസയിലെ യു എന്‍ അഭയാര്‍ഥി ക്യാമ്പിനു നേരെ വീണ്ടും ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇസ്‌റാഈല്‍ ആക്രമണങ്ങളെ തുടര്‍ന്ന് അഭയാര്‍ഥികളായവരെ താമസിപ്പിച്ച റഫയിലെ യു എന്‍ നിയന്ത്രണത്തിലുള്ള സ്‌കൂളിന് നേരെയാണ് വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. മുപ്പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ട മൂവായിരത്തോളം പേരാണ് ഇവിടെ അഭയാര്‍ഥികളായി കഴിഞ്ഞിരുന്നത്. ആളുകള്‍ ഭക്ഷണത്തിനായി വരി നില്‍ക്കുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അഭയാര്‍ഥി ക്യാമ്പിനു നേരെ ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തുന്നത്. അഭയാര്‍ഥി ക്യാമ്പിനു നേരെ നടന്ന ആക്രമണത്തെ കുറിച്ച് പ്രതികരിക്കാന്‍ ഇസ്‌റാഈല്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

ഗാസയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കരസേനയെ അതിര്‍ത്തിയിലേക്ക് പിന്‍വലിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് അഭയാര്‍ഥി ക്യാമ്പിനു നേരെ ആക്രമണമുണ്ടായത്. സൈനികരെയും ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങളും പിന്‍വലിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നെങ്കിലും ഗാസയില്‍ നടത്തുന്ന ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് അവസാനിപ്പിക്കുന്നതായി ഇതുവരെ ഇസ്‌റാഈല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പ്രാദേശിക സമയം ഇന്നലെ രാവിലെ 10.50 ഓടെയാണ് അഭയാര്‍ഥി ക്യാമ്പിനു നേരെ ആക്രമണം നടന്നതെന്ന് യു എന്‍ ആര്‍ ഡബ്ല്യു എ വക്താവ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച ജബലിയയിലെ യു എന്‍ അഭയാര്‍ഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തില്‍ പതിനാറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.
സൈനികരെ അതിര്‍ത്തിയിലേക്ക് പുനര്‍വിന്യസിക്കുന്നതായി സൈനിക വക്താവ് അറിയിച്ചിരുന്നു. എന്നാല്‍, അതിര്‍ത്തി പ്രദേശങ്ങളില്‍ ഹമാസ് നിര്‍മിച്ച തുരങ്കങ്ങള്‍ പൂര്‍ണമായും തകര്‍ക്കുന്നത് വരെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം ടെലിവിഷന്‍ അഭിമുഖത്തില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഗാസയില്‍ നടത്തുന്ന ആക്രമണത്തിന്റെ ശക്തി കുറക്കുമെന്ന് അറിയിച്ചതിനു പിന്നാലെയാണ് അഭയാര്‍ഥി ക്യാമ്പില്‍ വ്യോമാക്രമണം നടത്തിയത്. ബെയ്ത് ലാഹിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്നുണ്ടെങ്കിലും ശക്തമായ വ്യോമാക്രമണം തുടരുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
തങ്ങള്‍ക്ക് താത്പര്യമുള്ള സമയത്ത് അവര്‍ക്ക് അനുയോജ്യമായ വ്യവസ്ഥകളോടെ മാത്രമേ വെടിനിര്‍ത്തലിന് തയ്യാറാകുകയുള്ളൂവെന്ന നിലപാടിലാണ് ഇസ്‌റാഈല്‍. യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍, യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി എന്നിവര്‍ മുന്നോട്ടുവെച്ച 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് മണിക്കൂറുകള്‍ക്കകം ഇസ്‌റാഈല്‍ പിന്മാറിയിരുന്നു.
അതിനിടെ, ഹമാസ് തടവിലാക്കിയെന്ന് ആരോപിച്ചിരുന്ന സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്‌റാഈല്‍ സ്ഥിരീകരിച്ചു. റഫാ അതിര്‍ത്തിയില്‍ തുരങ്കങ്ങള്‍ ആക്രമിക്കുന്നതിനിടെ സൈനികനെ കാണാതാകുകയായിരുന്നു. സൈനികന്‍ ഹമാസിന്റെ തടവിലായിട്ടുണ്ടാകാമെന്നായിരുന്നു ഇസ്‌റാഈല്‍ പറഞ്ഞിരുന്നത്. ഇക്കാര്യം ഹമാസ് നിഷേധിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന ആക്രമണത്തിനിടെ കാണാതായ സൈനികന്‍ കൊല്ലപ്പെട്ടുവെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.
ഇസ്‌റാഈല്‍ ആക്രമണം തുടരുന്നതോടെ ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ നടക്കേണ്ട സമാധാന ചര്‍ച്ച അനിശ്ചിതത്വത്തിലായി. ചര്‍ച്ചകള്‍ക്കായി ഫലസതീന്‍ പ്രതിനിധി സംഘം കൈറോയിലെത്തിയെങ്കിലും ഇസ്‌റാഈല്‍ പ്രതിനിധി സംഘം എത്തിയില്ല. പ്രതിനിധി സംഘത്തെ അയക്കില്ലെന്ന് ഇസ്‌റാഈല്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സമാധാന ചര്‍ച്ചകളുടെ ഭാഗമായാണ് ബാന്‍ കി മൂണും ജോണ്‍ കെറിയും സംയുക്തമായി 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ മാസം എട്ടിന് ഗാസയില്‍ ആരംഭിച്ച ആക്രമണങ്ങളില്‍ ഇതുവരെ 1800ലധികം പേര്‍ പേര്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. 9,320 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 398 കുട്ടികളും 209 സ്ത്രീകളും 74 മുതിര്‍ന്ന പൗരന്മാരും ഉള്‍പ്പെടും. 2,55,000 പേര്‍ അഭയാര്‍ഥികളായിട്ടുണ്ട്.